
ഷെല്‍വിയുടെ കവിതകള്‍ സംവദിക്കുകയല്ല. മറിച്ച് ആത്മാവില്‍ ഒരിടം തേടുകയാണ്..ബൈബിളിലെ വിശുദ്ധത വരികള്‍ക്ക് മേമ്പൊടിയാകുന്നതോടെ കാവ്യഭംഗിയില്‍ തന്റേതായ വ്യത്യസ്തത നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നു. മനുഷ്യന്റെ ആസക്തികളോടൊപ്പം തന്നെ പിയാനോയുടെ മധുരശബ്ദവും കവിത നമുക്ക് സമ്മാനിക്കുന്നു. വാക്കുകളുടെ ഭംഗി ആസ്വാദകന്റെ മനസിലേക്കൊരു മഴ പെയ്യിക്കുകയാണ്. കവിതകള്‍ ആഹ്ലാളമുണ്ട്, ദുഖമുണ്ട് ഇതിനിടയിലെല്ലാം മരണവും തന്റേതായൊരു ഒളിച്ചുകളി നടത്തുന്നുണ്ട്.
മഴവെള്ളം കുതിച്ചൊഴുകുന്ന നിന്റെ കണ്ണുകളിലേക്ക്
ഞാനെന്റെ ഏകാന്തമായ വാക്കുകളൊഴുക്കുന്നു..
ചിലപ്പോള്‍ നിന്റെ ശരീരം
ഓര്‍ക്കിഡുകളുടെ തോട്ടം
വയലറ്റ് ഓര്‍ക്കിഡുകളുടെ രഹസ്യവീഥിയിലൂടെ
സായാഹ്നത്തിലെ സഞ്ചാരിയായി ഞാന്‍ വരുന്നു..
ഓര്‍ക്കിഡ് ഓരോര്‍മ്മയാകുന്നു...
മരണത്തിന്റെ സഖിക്ക് എന്ന കവിതയിലെ വര്‍ണനകള്‍ ശക്തമായ കാവ്യാത്മകതയുടെ പ്രതീകങ്ങളായാണ് മനസിലേക്ക് സന്നിവേശിക്കുന്നത്. മരണത്തിന്റെ മേച്ചില്പുറങ്ങളിലേക്കുള്ള സുഖദമായൊരു .യാത്ര പോലെ തോന്നിപ്പിക്കുന്നുണ്ട് അതിലെ വരികളുടെ തീഷ്ണത...ശരീരങ്ങളുടെ പ്രാര്‍ത്ഥനാവേളയില്‍ സുതാര്യമായ നിന്റെ മുലകളിലൂടെ സിസ്റ്റണ്‍ചാപ്പലില്‍ മൈക്കല്‍ ആഞ്ചലോ ചെയ്തത് ഞാന്‍ കാണുന്നു...മുല ഓരോര്‍മ്മയാകുന്നു.. എന്നിങ്ങനെയുള്ള തുടര്‍വരികള്‍ ബിംബങ്ങളുടെ പ്രയോഗത്തോടൊപ്പം തന്നെ കവിതയുടെ സൗന്ദര്യം മനസിലേക്ക് ഇരച്ചുകയറ്റുന്നു.
കവിതകളില്‍ ചിലതെല്ലാം സംവാദങ്ങളായി പരിണമിക്കുന്നത് കാണാം..അതിനുമപ്പുറം ആസ്വദിച്ച യുവത്വത്തിന്റെ സൗന്ദര്യവും സമാസമം നിഴലിക്കുന്നുണ്ട്.
ഞാന്‍ പറയട്ടെ-
ഏകാന്തനേത്രങ്ങളെ പൊതിയുന്ന മഞ്ഞപ്പുകള്‍
ഗോതമ്പുവയലുകളെ സ്നേഹാര്‍ദ്രമാക്കുന്ന
അപരിചിതസംഗീതം
നമ്മെ മരണത്തിനുമപ്പുറത്തെത്തിക്കുന്ന
ദൈവത്തിന്റെ തോണി,
ഞാന്‍ പറയുന്നത് നിനക്ക് മനസിലാവില്ല...
നട്ടുച്ചയിലെ ഗസര്‍മരങ്ങള്‍ എന്ന കവിതയിലെ വരികളാണിത്..ഓര്‍മ്മകള്‍ക്ക് കാലും ചിറകും ലഭിക്കുമ്പോള്‍ ഞാനതിനെ ഗസലുകളുടെ സമയം എന്നു വിളിക്കുന്നുവെന്ന് ഷെല്‍വി പറയുന്നു. ഘടികാരരഹിതമൊരു മുറിയില്‍ വെയിലും നിലാവും ഇണകലരുന്നു, പാമ്പും കോണിയും മഴവില്ലുകള്‍പ്പുറത്തെ രഹസ്യസങ്കേതങ്ങളിലേക്ക് നയിക്കുന്നു, ഒട്ടകങ്ങളുടെ ക്ഷീണിതനിദ്രയില്‍ ഓറഞ്ചു പെയ്യുന്ന ഈ സമയത്തെ ഗസല്‍നിശ എന്നും കവി വിളിക്കുന്നു...ഗസല്‍ഗായികയായ ചിത്രാസിംഗ് ഈ കവിതയുടെ അന്ത്യഭാഗത്തില്‍ കടന്നുവരുന്നുണ്ട്...അവരുടെ മനോഹരമായ ഗസലിനെ പുകഴ്ത്തുന്നതോടൊപ്പം തന്നെ കവിത അതിവേഗം ചുവടുമാറ്റുന്നു...ഗസലുകള്‍ക്കുള്ളിലായിരിക്കുമ്പോഴു നാമേതോ തീയറക്കുള്ളില്‍ വേവുന്നുവെന്ന് പറയുന്ന കവി തുടര്‍ന്ന് ചോദ്യശരങ്ങളെയ്യുന്നു..
നീ തന്ന ഗസലെവിടെ...ഞാന്‍ നട്ട ചെടിയെവിടെ...നാലുമണി കഴിയുമ്പോള്‍ റോഡു നിറയുന്ന ഈ കുട്ടികള്‍ ഇനി എന്തു കേള്‍ക്കും..? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടാണ് ഈ കവിത അവസാനിക്കുന്നത്...വിഹ്വലതകളുടെ പെരുംതുടി ശബ്ദം ഈ കവിതയിലൂടെ കണ്ണോടിക്കുമ്പോള്‍ വായനക്കാരന്റെ മനസിനെ ഭീതിപ്പെടുത്തുന്നത് കാണാം...
കാറ്റുകളജ്ഞാത മന്ത്രം ചിലക്കുന്നിലകളില്‍
തൂങ്ങുന്ന മഞ്ഞിന്റെ കണ്ണുകള്‍ എത്രമേല്‍ ഭീതിദം.
ദൂരബോധങ്ങളറ്റലറുന്നു
ആരോ വരുന്നുണ്ട് പുറകില്‍
വേഗത വറ്റുന്നു ഉമിനീരു വറ്റുന്നു
ആരോ വരുന്നുണ്ട് പുറകില്‍...
പിന്നാമ്പുറവാതിലൂടെ കടന്നുവരുന്ന ആ അപരിചിതന് മരണമാണോ..? അറിയില്ല, ആരോ എന്ന ഈ കവിതയില്‍ നിഗൂഡതകള്‍ പരസ്പരം മുഖം നോക്കി ചിരിക്കുന്നു. പകല്‍വെളിച്ചമറ്റുവീഴുന്ന പ്രകൃതിയുടെ മീതെ ഇരുട്ട് ഏകാന്തതയുടെ ബീഭത്സഭാവം പൂണ്ട് നില്ക്കുന്നു. മുന്നില്‍ ഒരുപാട് ദൂരമുണ്ട്..പക്ഷേ ആരോ വരുന്നുണ്ട് പുറകില്‍ എന്ന ഭയമാണ് കവിതയിലാകമാനം നിഴലിച്ചുനില്‍ക്കുന്നത്...1985/86 വര്‍ഷങ്ങളിലെഴുതിയ ഈ കവിത അജ്ഞാതമായ ഒരനുഭൂതി മനസില്‍ ഉരുതിരിയിക്കുന്നുണ്ട്...
മഴ കൈവശപ്പെടുത്തിയ ഒരു രാത്രിയില്‍ ചോദിക്കാതെ കടന്നുവരുന്ന ഒരാളുടെ വര്‍ണനയാണ് ഷെല്‍വിയുടെ സഖാവിനോടുള്ള കുമ്പസാരങ്ങള്‍ എന്ന കവിത.
വാതിലടച്ചിരുന്നു. അര്‍ദ്ധരാത്രിയും
കഴിഞ്ഞിരിക്കുന്നു. യുദാസും ഭ്രാന്തും
മഴയും മരങ്ങളും ക്രിസ്തുവും കരിശും
തിമര്‍ത്തുപെയ്യുന്നു
ആ പെരുമഴ മുറിച്ച് ആരോ ഓടിവരുന്നു..
-ഒരു രാവ് അഭയം തരിക
സഖാവേ നീ മറന്നുവോ?
സത്യം
ചുമരുകളിലപ്പോള്‍ തീവെളിച്ചം പരന്നു
കറുത്ത വ്യാളികള്‍, പരിഭ്രാന്തരായ പല്ലികള്‍
ചുവന്ന മേല്‍ക്കൂര
ആളുന്ന പാതിര
എല്ലാം ഞാനോര്‍ക്കുന്നു
ചില്ലുപോലെ കനത്തു തണുത്തൊരു മഴത്തുള്ളി
എന്റെ നെറുകയില്‍ വീണു പൊട്ടി...
ആരാണ് ആ സഖാവ്..ഉള്ളിലെ വിഷാദങ്ങളെ എന്നേക്കുമായി മോചിപ്പിക്കാനാണോ അയാള്‍ വന്നത്..? അപൂര്‍ണമാണ് ഈ കവിത...ഒരുപക്ഷേ ഇനിയും എഴുതിച്ചേര്‍ക്കാനുണ്ടാകും അതില്‍...
പ്രണയം
സര്‍പ്പശയ്യയ്ക്കു മീതെ
വിഷദംശമേല്‍ക്കാതെ സ്വപ്നം കാണലാണ്...
ഈ വലിയ കവിതയിലെ പ്രണയത്തിന്റെ വന്യത വിളിച്ചുപറയുന്ന വരികളാണിത്...കവിയുടെ മനസ് ഒരു പക്ഷേ പുറത്തെടുത്ത് വച്ചതാവില്ലേ ഈ കവിത..വിഹ്വലതകളുടെ തീരാത്ത പ്രവാഹമായി മനസ് വഴിമാറിത്തുടങ്ങുമ്പോള്‍ ഹൃദയത്തിലൊളിപ്പിച്ച കനല് അതിന്റെ വാസസ്ഥലത്ത് നിന്നും വായുവിലേക്ക് നീക്കിയിട്ട പോലെ...കവിത ഭാന്തമായ ആവേശത്തിലേക്ക് വഴുതിയിറങ്ങി അവസാനിക്കുമ്പോള്‍ കോമാളിയായൊരു കവിതയിതാ അവന്റെ ഹൃദയമെടുത്തീ കടലാസില്‍ വെക്കുന്നു; നിറയെ വ്യാകരണതെറ്റോടെ എന്ന് ഒരു ആത്മാവ് പുലമ്പുന്നത് കാണാം...
ഷെല്‍വിയുടെ കവിതകളില്‍ ഇടക്കെപ്പോഴൊക്കെയോ ആഹ്ലാദവും ആരവും കടന്നുവരുന്നുണ്ട്..ആഗ്രഹസാഫല്യത്തിന്റെ പൂര്‍ത്തീകരണങ്ങളായി വരികള്‍ വഴിമാറുന്നതും കാണാം. ആത്മക്കുറിപ്പുകള്‍ അത്തരത്തിലൊരു കവിതയാണ്.
ഗാനാന്തരം ഓടക്കുഴല്‍
ഗായകനോട് പറഞ്ഞു
ഈറക്കാടുകളുടെ കരച്ചിലാണ്
ഞാന്‍ പകര്‍ന്നത്. എങ്കിലെന്ത്
എന്റെ ജന്മം നിന്റെ ചുണ്ടില്‍ സഫലമായല്ലോ...
വരികളിലൂടെ വേണമെങ്കില്‍ ബിംബമളക്കാം. പ്രതീകാത്മകതയെ തിരയാം. ഇനി ഉള്ളറകളിലേക്കിറങ്ങിച്ചെല്ലാതെ നേരെ വായനാസുഖത്തിലേക്ക് കടന്നുചെല്ലുകയും ചെയ്യാം..ഇതെല്ലാം ഷെല്‍വി എന്ന കവിയെ ഏറെ വ്യത്യസ്തനാക്കുന്നു..ഓരോ കവിതകളിലും പ്രപഞ്ചസത്യങ്ങളുടെ ഉള്‍വിളിക്കള്‍ ആവാഹിച്ചെടുക്കാനും വായനക്കാരന് കഴിയുന്നു എന്നത് കൗതുകകരം തന്നെയാണ്.
വീട് എന്ന കവിത ഷെല്‍വിയുടെ എഴുത്തിന്റെ വ്യാപ്തി തെളിയിക്കുന്നതാണ്. ഈ വലിയ കവിതയിലെ ചില വരികള്‍ ആസ്വാദകന്റെ ഉറക്കം കെടുത്തുംവിധം തീഷ്ണമാണ്. വീട്ടില്‍ ഇന്നെന്റെ മുറിയിലിപ്പോള്‍ കൂറയും ചിലന്തികളുമിപ്പോള്‍ മറവിയുടെ തിരനാളാഘോഷിക്കുന്നു-എന്ന് തുടങ്ങിയാണ് വീട് ആരംഭിക്കുന്നത്..അത് അതിന്റെ മേച്ചില്‍ പുറങ്ങള്‍ പൂര്‍ത്തിയാക്കി അവസാനിപ്പിക്കുന്നു ഭീതിദമായ മറ്റൊരു സാഹചര്യത്തിലാണ്...
എല്ലാം പഴയ കഥകളാണ്
ജന്മങ്ങളുടെ ഒരാവര്‍ത്തനപുസ്തകം
നീ നോക്കി നില്ക്കുന്ന ആ ആല്‍മരച്ചുവട്
എന്റെ വീടായിരുന്നു...
വിരഹങ്ങള്‍ക്കും അനാസക്തമായ കാത്തിരിപ്പുകള്‍ക്കുമിടയില്‍
തണുത്ത് കിടന്ന ആ പ്ലാറ്റ്ഫോം ബെഞ്ച്
എന്റെ വീടായിരുന്നു.
ഇതാ ചൂളമടി കേട്ടില്ലേ-ഒരു തീവണ്ടി നമ്മെ വിടുന്നു
അതിന്റെ പ്രകാശജാലകങ്ങള്‍ എന്റെ വീട്ടിലേതായിരുന്നു
സമയാതീതമണലുകളുടെ അനന്തശയ്യയില്‍
നിന്നോടൊപ്പം നിത്യനിദ്ര...
ഒരു നിയോഗം പോലെ കവിതയില്‍ എന്നുവേഗമാണ് അനന്തനിദ്ര കടന്നുവരുന്നത്. നഷ്ടപ്പെട്ടതിന്റെ കുറിച്ചുള്ള മൂര്‍ത്തവിചാരങ്ങളില്ല, ചിന്തകളില്‍ ചോരപ്പാടില്ല, കാത്തിരിപ്പിന്റെ ആഗാധതയില്ല..ഇത്തരത്തില്‍ നിരാശയുടെ മേമ്പോടിയില്ലാതെ മരണം ഒളിവില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ ആയിരം ചോദ്യങ്ങളെറിഞ്ഞ് കവിത നിശ്ചലമാവുന്നു.
1981ല്‍ കേരളസംസ്ക്കാരം മാസികയില്‍ അച്ചടിച്ചുവന്ന ഇലകൊഴിയും കാലം എന്ന കവിത ഷെല്‍വിയുടെ കവിതകളിലെ ശ്രദ്ധേയമായ ഒന്നാണ്. നേരിടേണ്ടി വരുന്ന അവജ്ഞകളെ കുറിച്ചുള്ള വര്‍ണന കവിതയുടെ മധ്യഭാഗത്തെ ദീപ്തമാക്കുന്നു.
രാത്രി രാത്രി രാത്രി
പാപത്തിന് വടുക്കള്‍ വീണു വികൃതമായൊരെന്‍
മുഖം കണ്ടുമടുത്തീ
മഖകണ്ണാടി പോലും മുഖം തിരിയ്ക്കുന്നു
വെറുക്കുന്നു സര്‍വരും..
വരികളുടെ അപാരതത നമ്മെ കൈപിടിച്ചു നടത്തുന്നതെങ്ങോട്ടാണ്..? ഇലകൊഴിയുന്ന കാലത്തെ സ്നേഹബന്ധങ്ങളെല്ലാം മറുപടിയില്ലാത്ത മൗനത്തിലാണ്ടു പോകുന്നുവെന്ന ആശങ്കയില്‍ കവിത വിരാമത്തിലെത്തുമ്പോള്‍ ആയിരം ചോദ്യങ്ങള്‍ ആസ്വാദകന്റെ മനസിനെ വരിഞ്ഞുമുറുക്കുന്നുണ്ട്. മനസില്‍ നാമും ചോദിച്ചുപോകുന്നു, എന്തു പറ്റി ഈ സമൂഹത്തിന്...?
ഒരുപിടി ഉരുളയില്‍
നിനക്കെത്ര പേരുടെ ചോര രുചിക്കാം?
ഒരു വറ്റില്
നിനക്കെത്ര ആര്‍ത്തിപുരണ്ട കുഞ്ഞികണ്ണുകള്‍ കാണാം..?
ആത്മഹത്യ ചെയ്ത സുഹൃത്തിന്റെ ഓര്‍മ്മക്ക് സമര്‍പ്പിച്ച ഈ കവിതയുടെ പേര് നാം ഇത്രയേയുള്ളു-എന്നാണ്..ഷെല്‍വിയുടെ മറ്റു ചില കുറിപ്പുകളില്‍ പറയുന്ന സനില്‍ദാസിനാവാം ഈ കവിത സമര്‍പ്പിച്ചിരിക്കുന്നത്. എന്റെ ചില ദാരുണമായ ഏകാന്തതകളെ അവനിന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട് എന്ന ഓര്‍മ്മ എന്ന പുസ്തകത്തിലെ കുറിപ്പു കാണുമ്പോള്‍...
1995ല്‍ മറുനാട് മാസികയില്‍ പ്രസിദ്ധീകരിച്ച മഴ എന്നെ മറക്കുമ്പോള്‍ എന്ന കവിതയും വായനാസുഖത്തോടൊപ്പം തന്നെ ചിന്തിക്കപ്പെടുന്നതാണ്.
മഴ ഉണങ്ങിപ്പോയിരിക്കുന്നു;
എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു
മഴവഴിയില്‍ നിന്ന്-
ഞാനും നീയും മാറിപ്പോയിരിക്കുന്നു..
മറക്കുകയാണ്
എല്ലാം...
ഷെല്‍വിയെ വ്യത്യസ്തനാക്കുന്നുത് വരികളുടെ ആര്‍ദ്രഭംഗിയാണെന്ന് തോന്നിയിട്ടുണ്ട്... ജീവിതത്തിന്റെ മനോഹാരിതകള്‍ക്ക് ഇടക്കെപ്പോഴോ കോട്ടം വന്നിരുന്നോ എന്ന് തോന്നിപ്പിക്കും വിധം അദൃശ്യദര്‍ശനം നടത്തുന്നുണ്ട് കവിതകളില്‍ മരണം..ഒരു വിലാപത്തിന്റെ സുഖലോലുപതയിലേക്ക് ഓര്‍മ്മകളും സ്വപ്നങ്ങളും പതിയ ഇളഞ്ഞുനീങ്ങുന്നത് കാണാം..
വരൂ, ദയവധത്തിനായി
പ്രാണനുമീതെ പ്രാക്തനായ
ഏതോ മഞ്ഞവെയിലിഴഞ്ഞു പോകുന്ന
ആ നടപ്പാതയിലൂടെ...
സയനോര എന്ന കവിതയിലെ ആദ്യവരികള്‍ ഇങ്ങനെയാണ്.. മരണത്തിന്റെ അപൂര്‍വതകളിലേക്ക് നടന്നുപോയ ഷെല്‍വിയുടെ അപ്രകാശിത കവിതകളും ശ്രദ്ധേയമാണ്..തന്റെ പ്രേയസിക്കായി ഷെല്‍വി കുറിച്ച ഏപ്രില്‍ ഡയറി, ജന്മദിനത്തിന്റെ ഓര്‍മ്മക്ക്, ഓംലറ്റ് എന്നിവയെല്ലാം സ്വകാര്യതയുടെ സുന്ദരതകള്‍ വിളിച്ചോതുന്നതിനാല്‍ തന്നെ അപഗ്രഥിക്കാന്‍ ഏറെ പ്രയാസമാണ്..
മരണത്തിന്റേ തേരിലേറി നടന്നുപോയ ഷെല്‍വിയുടെ കവിതകള്‍ കെടാത്ത കനലായി മനസില്‍ പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നു.
കവിയെ കുറിച്ച്
ജനനം: 1960 ഗുരുവായൂരിനടുത്തെ ഒരുമനയൂരില്‍
വിദ്യാഭ്യാസം: ഒരുമനയൂര്‍, പാവറട്ടി, പാലക്കാട് എന്നിവിടങ്ങില്‍
ആദ്യ കവിത പ്രേരണയില്‍ പ്രസിദ്ധീകരിച്ചു
കേരള സംസ്ക്കാരം കാമ്പസ്മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്
1985ല്‍ ശിഖ എന്ന പേരില്‍ ഗുരുവായൂര്‍ കേന്ദ്രമായി പുസ്തകപ്രകാശനാലയം തുടങ്ങി
1985ല്‍ കോഴിക്കോട് ആര്യഭവനിലെ 25ാം നമ്പര്‍മുറിയില്‍ മള്‍ബറി ആരംഭിച്ചു.
ഭൂമിയുടെ മനസില്‍, ഓര്‍മ്മ എന്നീ കൃതികള്‍ എഡിറ്റ് ചെയ്തു.
നൊസ്റ്റാള്‍ജിയ (1994), അലൗകികം (1998) എന്നിവയാണ് കവിതാസമാഹാരങ്ങള്‍
2003 ആഗസ്റ്റ് 21ന് ജിവിതം സ്വയം അവസാനിപ്പിച്ചു.