Friday, July 29, 2011

കവിതാസമാഹാരം പ്രകാശനം


പ്രിയരെ,
കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ബ്ലോഗിലും ആനുകാലികങ്ങളിലും പ്രസിദ്ധപ്പെടുത്തിയതും അല്ലാത്തതുമായ 50 കവിതകള്‍ ഉള്‍പ്പെടുത്തി ഒലിവ് ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ എന്റെ കവിതാസമാഹാരം ''മുറിവുകള്‍ക്കുമുണ്ട് അതിന്റേതായ ന്യായങ്ങള്‍'' ജൂലൈ 31 ഞായര്‍ രാവിലെ 11 മണിക്ക് പ്രകാശനം ചെയ്യപ്പെടുകയാണ്. തദ്ദവസരത്തില്‍ പങ്കെടുക്കാന്‍ എല്ലാ ബ്ലോഗര്‍മാരെയും വിനയപൂര്‍വ്വം ക്ഷണിക്കുന്നു.

പുസ്തകപ്രകാശനം-അന്‍വര്‍ അലി
ഏറ്റുവാങ്ങുന്നത്-ടി പി രാജീവന്‍
സാന്നിധ്യം-മൈന ഉമൈബാന്‍, അര്‍ഷാദ് ബത്തേരി, അനീഷ് ജോസഫ്

Friday, November 12, 2010

നന്ദിത കെ എസ്‌-ഓര്‍മ്മയിലെ അധ്യാപിക


പൊളിഞ്ഞുവീഴാറായെന്ന്‌ തോന്നിക്കുംവിധം ദയനീയതയില്‍ നില്‍ക്കുന്ന ക്ലാസ്സ്‌ മുറിയിലേക്ക്‌ ആ അധ്യാപിക കുനിഞ്ഞാണ്‌ കയറിവരുക. വര്‍ണ്ണങ്ങളും പൂക്കളും കുടിയേറാത്ത വസ്‌ത്രവും കറുത്ത മൊട്ടുകമ്മലുമിട്ട ആ സുന്ദരി പതിയെ ചാള്‍സ്‌ ലാംബിലേക്കോ റോബര്‍ട്ട്‌ ലിന്റിലേക്കോ കയറിപ്പോകും. അപ്പോഴെല്ലാം മൗനത്തിന്റെ ഗുഹമുഖമായി ആ ക്ലാസ്‌മുറി ചുരുങ്ങിച്ചുരുങ്ങി വരും. ചിലപ്പോള്‍ ചുമരുകളില്‍ സ്വയമുണ്ടായ ഗര്‍ത്തങ്ങളിലൂടെ വയലേലകളില്‍ നിന്ന്‌ വേര്‍പെട്ട്‌ വരുന്ന പിശടന്‍കാറ്റ്‌ ശരീരങ്ങളിലേക്ക്‌ ഒട്ടിച്ചേരാന്‍ ശ്രമിക്കും. കൈകള്‍ കൂട്ടിക്കെട്ടി കൗതുകത്തോടെ അധ്യാപികയുടെ മുഖത്തേക്ക്‌ തന്നെ അപ്പോള്‍ കുട്ടികള്‍ ശ്രദ്ധയൂന്നും. ആ മെലിഞ്ഞ ശരീരത്തില്‍ പതിയ ചിത്രം വരയ്‌ക്കാന്‍ കൗശലക്കാരനായ കാറ്റൊരുങ്ങുമ്പോള്‍ സാരിത്തലപ്പ്‌ തോള്‍വഴിയിട്ട്‌ അവര്‍ വീണ്ടും വാചാലയാകും.
ആ ക്ലാസ്സ്‌ മുറി ഇന്ന്‌ ഓര്‍മ്മയുടെ ബൃഹത്‌ശിഖരമാണ്‌. തകര്‍ച്ചയെ അതിജീവിക്കാനാവാതെ എന്നോ അത്‌ നിലംപൊത്തിയിരിക്കുന്നു. ലളിതജീവിതത്തിന്റെ വഴിയിലൂടെ മാത്രം സഞ്ചരിച്ചിരുന്ന ആ അധ്യാപികയും സ്വപ്‌നങ്ങളെ ആട്ടിപ്പായിച്ച്‌ ജീവിതത്തില്‍ നിന്നും ഓടിമറഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ പന്ഥാവുകള്‍ തേടി ശിഥിലമായിപ്പോയ കുറെ മനസ്സുകളില്‍ ഓര്‍മ്മകള്‍ ആ വെളുത്ത രൂപത്തെ വീണ്ടും കൊണ്ടുവരുമ്പോള്‍ കണ്ണുകള്‍ കരടുവീണ പോലെ ചുവക്കും. ഹൃദയമിടിപ്പിന്റെ വേഗം കൂടും. കാരണം ഊര്‍ജ്ജസ്വലയായ ആ അധ്യാപികയുടെ യാദൃശ്ചികത പേറിയ മരണം അത്രവേഗമൊന്നും സമ്മതിക്കാന്‍ അവരെയറിഞ്ഞവര്‍ക്കാവില്ല...
നന്ദിത എന്ന അധ്യാപികയെ കുറിച്ചുള്ള എന്റെ ഓര്‍മ്മ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരു വര്‍ഷകാലത്തിലാണ്‌. പ്രഷുബ്‌ധമായ പ്രീഡിഗ്രിക്കാലം. ബത്തേരി കോ-ഓപ്പറേറ്റീവ്‌ കോളജിലെത്തുന്നത്‌ ക്ലാസ്സെല്ലാം തുടങ്ങിക്കഴിഞ്ഞാണ്‌. പുറമെ നിന്ന്‌ നോക്കിയാല്‍ ഏതുനിമിഷവും നിലംപൊത്തുമെന്ന്‌ തോന്നിക്കുന്ന ഷീറ്റിട്ട ക്ലാസ്സ്‌മുറികള്‍, അപരിചിതരായ മുഖങ്ങള്‍. അവരിലേക്കിറങ്ങാതെ തികച്ചും ഒറ്റയായി അതിലൊരു ലോകം തീര്‍ത്ത്‌ ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നു. ദിവസങ്ങള്‍ ദ്രുതഗതിയില്‍ പായുന്നതിനിടയില്‍ ആരൊക്കെയോ ചോദിക്കാതെ മനസ്സില്‍ കയറിയിരുന്നു. അധ്യാപകരില്‍ ചിലര്‍ കൂട്ടുകാരെക്കാള്‍ അടുത്തു. അങ്ങനെ ഒരു വര്‍ഷം വേഗത്തില്‍ ഓടി മറഞ്ഞു...
മഴ തിമര്‍ക്കുന്ന ജൂണ്‍മാസത്തില്‍ പാതിനനഞ്ഞാണ്‌ ആദ്യം നന്ദിതടീച്ചര്‍ ക്ലാസ്സിലെത്തിയത്‌. ഇംഗ്ലീഷ്‌ അധ്യാപികയുടെ ശാലീതയില്‍ മതിമറന്ന്‌ കുറേനേരം. മുഖം നിറയെ ഗൗരവഭാവം. ആരെയും പരിചയപ്പെടാതെ, ആരെയും പേര്‍ വിളിക്കാതെ പാഠഭാഗങ്ങള്‍ മാത്രമെടുത്ത്‌ അഞ്ചുമിനിറ്റ്‌ നേരത്തെ അവര്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ മടങ്ങും. ഗതി മുറിയാതെ വീശുന്ന കാറ്റ്‌ അപ്പോഴും അവര്‍ക്ക്‌ അകമ്പടിയായുണ്ടാവും...
മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ഒരു വര്‍ഷകാലത്തിലാണ്‌ അവരുടെ മരണവാര്‍ത്തയറിയുന്നത്‌. മഴ കോരി ചൊരിയുന്ന ആ പകലില്‍ എവിടെയോ നിഴലായി അവര്‍ നടക്കുന്നത്‌ കണ്ടു. കലോത്സവവേദിയില്‍ ``ഫസ്റ്റ്‌ പ്രൈസ്‌ ഈസ്‌ ഗോസ്‌ ടു...''പച്ച സാരി ധരിച്ച ഒരു അനൗണ്‍സറുടെ നേര്‍ത്ത ശബ്‌ദം കേട്ടു. ഈറന്‍ വയലറ്റ്‌ പൂക്കള്‍ മാത്രം പൂത്തുനിന്നിരുന്ന കോളജിലെ ചെറിയ പൂന്തോട്ടത്തില്‍ പൊഴിഞ്ഞുകിടന്നിരുന്ന ഇതളുകളില്‍ മഴ മരണത്തിന്റെ ചിത്രം വരയ്‌ക്കുന്നത്‌ കണ്ടു...

മരണശേഷം ഡയറിത്താളുകളില്‍ കുറിച്ചിട്ട കവിതകള്‍ കണ്ടെടുത്ത്‌ പ്രസിദ്ധീകരിച്ചപ്പോഴാണ്‌ നന്ദിതയെന്ന അധ്യാപികയുടെ സര്‍ഗ്ഗാത്മകശക്തി നാമറിയുന്നത്‌. ആരെയും അത്ഭുതപ്പെടുത്തും വിധം വാക്കുകള്‍ അടുക്കിവെച്ചവര്‍ മരണത്തെയും ആത്മനൊമ്പരങ്ങളെയും പ്രതീക്ഷകളെയും ഇണക്കിച്ചേര്‍ത്തിരിക്കുന്നു. 1985ലാണ്‌ ആദ്യകവിത കുറിച്ചിട്ടിരിക്കുന്നത്‌. പ്രഷുബ്‌ധവും ഭാവതീവ്രമായിരുന്നു ആ കവിത. കാറ്റ്‌ ആഞ്ഞടിക്കുന്നുവെന്നും കെട്ടുപോയ എന്നിലെ കൈത്തിരിനാളം ഉണരുന്നുവെന്നും ഞാന്‍ ആളിപ്പടരുന്നുവെന്നും വിവരിക്കുന്ന ആ വരികള്‍ മനസ്സിന്റെ പകര്‍ത്തെഴുത്താണെന്ന്‌ തോന്നും. 1986ല്‍ എഴുതിയിട്ട രണ്ടു കവിതകളും വിഭിന്നമല്ല. സ്വപ്‌നങ്ങളിലെ ഓളങ്ങളെ തകര്‍ത്ത്‌ നഷ്‌ടങ്ങളും വ്യാകുലതകളും ഇഴ ചേര്‍ന്ന്‌ മുന്നേറുന്ന ഒരു നൗക കാണാം വരികളില്‍. കത്തിജ്വലിക്കുന്ന തീവ്രതയില്‍, എഴുതിയിട്ട പ്രതലം പോലും ഭസ്‌മമാകും വിധം തീവ്രം..

``നീ ചിരിക്കുന്നു
നിനക്ക്‌ കിട്ടാത്ത സ്‌നേഹത്തെ കുറിച്ച്‌.
നിനക്ക്‌ ഭൂമിയാണ്‌ മാതാവ്‌
നിന്നെ കരള്‍ നൊന്തുവിളിക്കുന്ന
മാതാവിനെ നീ കാണുന്നില്ല.
നീ അലയുകയാണ്‌.
പിതാവിനെ തേടി,
മാതാവിനെ ഉപേക്ഷിച്ച്‌...
ഹേ മനുഷ്യാ, നീയെങ്ങോട്ടു പോയിട്ടെന്ത്‌?
ക്ഷമിക്കൂ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.
നിന്റെ കരുവാളിച്ച മുഖത്തെ,
എല്ലുന്തിയ കവിള്‍ത്തടങ്ങളെ,
നിന്റെ വെളുത്ത ഹൃദയത്തെ
എന്നോട്‌ ക്ഷമിക്കൂ.''


സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്തെ പാളത്തിലൂടെയാണ്‌ നീ സഞ്ചരിക്കുന്നത്‌. പക്ഷേ എന്നിട്ടും നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. നീ സ്‌നേഹിക്കപ്പെടാന്‍ പോകുന്നു എന്ന കാരണത്താല്‍ തന്നെ എന്നോട്‌ പൊറുക്കുക. കവിതയുടെ സഞ്ചാരപഥങ്ങള്‍ എല്ലാവിധ ബിംബങ്ങളെയും തരണം ചെയ്‌തുമുന്നേറുമ്പോഴും അസൗന്ദര്യത്തിന്റെ നേരിയ കണിക പോലും ആസ്വാദകന്‌ മേല്‍ ഏല്‍ക്കുന്നില്ല. ഇങ്ങനെ തന്നെയാണ്‌ നന്ദിത ഡയറിയില്‍ ആരുമറിയാതെ സൂക്ഷിച്ച ഓരോ കവിതകളും. പ്രതീക്ഷകളില്‍ നിന്ന്‌ മരണത്തിലേക്കും മരണത്തില്‍ നിന്ന്‌ ശുഭപ്രതീക്ഷകളിലേക്കും തെന്നിമാറുന്ന കവിതകളാണ്‌ മിക്കതും...ഒന്നും സ്ഥായിയായി നിലനില്‍ക്കാതെ ചഞ്ചലമായിക്കൊണ്ടിരിക്കുന്നു.

``എന്നെ അറിയാത്ത
എന്നെ കാണാത്ത
ഉറക്കത്തില്‍ എന്നെ പേരു ചൊല്ലി വിളിച്ച,
എന്റെ സ്വപ്‌നമേ...
എന്റെ മുഖത്ത്‌ തറച്ച നിന്റെ കണ്ണുകള്‍
അവ ആണ്ടിറങ്ങിയത്‌ എന്റെ ഹൃദയത്തിലാണ്‌;
ആഴമേറിയ രണ്ട്‌ ഗര്‍ത്തങ്ങള്‍ സൃഷിടിച്ച്‌...''


1987ല്‍ എഴുതിയ കവിതയും നൈരാശ്യത്തിന്റെ മേല്‍പ്പാലത്തിലൂടെ തന്നെയാണ്‌ സഞ്ചരിക്കുന്നത്‌. അസ്വസ്ഥമാക്കപ്പെടുന്ന ജന്മദിനവുമായി 1988ല്‍ എഴുതിയ കവിതയും നൊമ്പരത്തിന്റെ ചാലുകളിലൂടെയാണ്‌ ഒഴുകിനീങ്ങുന്നത്‌. കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍പ്പായസത്തിനുമിടക്ക്‌ ഞാന്‍ തിരഞ്ഞത്‌ നിന്റെ തൂലികക്ക്‌ വേണ്ടിയായിരുന്നു എന്ന്‌ ഓര്‍മ്മപ്പെടുത്തുന്നു. നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക പഴയപുസ്‌തകക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഞാന്‍ കണ്ടെടുക്കുമ്പോള്‍ അതിന്റെ തുമ്പിലെ അഗ്നി കെട്ടുപോയിരുന്നുവെന്നും കവിയത്രി വ്യാകുലപ്പെടുന്നു...1989ല്‍ എഴുതിയ തടവുകാരി എന്ന കവിത ആരെയും അത്ഭുതപ്പെടുത്തുംവിധം ഭാവനാസമ്പന്നമാണ്‌.

``നെറ്റിയില്‍ നിന്നും നീ തുടച്ചെറിഞ്ഞ വിയര്‍പ്പുത്തുള്ളികള്‍
എന്റെ ചേലത്തുമ്പില്‍ കറകളായി പതിഞ്ഞു.
നിന്റെ പാതിയടഞ്ഞ മിഴികളില്‍
എന്റെ നഷ്‌ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.
ആരെയും കൂസാതെ നിന്റെ ഭാവത്തില്‍
എന്റെ ചാപല്യം താദാത്മ്യം പ്രാപിച്ചത്‌ ഞാനറിഞ്ഞു.
നിന്റെ സ്വപ്‌നങ്ങളുടെ വര്‍ണ്ണശബളിമയില്‍
എന്റെ നിദ്ര നരയ്‌ക്കുന്നതും
നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണുനീരുറയുന്നതും
നിന്റെ നിര്‍വ്വികാരികതയില്‍ ഞാന്‍ തളരുന്നതും
എന്റെ അറിവോടുകൂടി തന്നെയായിരുന്നു.
എനിക്ക്‌ രക്ഷപ്പെടണമെന്നുണ്ടായിരുന്നു.
പക്ഷേ...
ഞാന്‍ തടവുകാരിയായിരുന്നു
എന്റെ ചിന്തകളുടെ...''

ആരൊക്കെയോ വാക്കുകളായി മോഹിച്ചിരുന്ന ചിന്തകളുടെ പകര്‍ത്തെഴുത്തായിരുന്നു നന്ദിതയുടെ കവിത. അതാണ്‌ ആരും മോഹിക്കും വിധം അനിര്‍വ്വചനീയമായ മേച്ചില്‍പ്പുറങ്ങളിലൂടെ സഞ്ചരിച്ച്‌ അവള്‍ കവിതക്ക്‌ ജീവപ്രാണന്‍ നല്‍കിയത്‌. കവിതയെന്ന നിര്‍വ്വചനം ഇവിടെ പാടെ തകരുന്ന കാഴ്‌ച കാണാം. ഗദ്യത്തിന്റെ ചട്ടക്കൂടില്‍ ഭദ്രമായ ഒരവസ്ഥ സൃഷ്‌ടിക്കാന്‍ വരികള്‍ തയ്യാറാകുന്നതും ഇങ്ങനെ തന്നെയാണ്‌.

``നിന്റെ തുടുത്ത കണ്ണുകളില്‍ നിന്ന്‌ അടര്‍ന്നുവീണത്‌
ഒരു തുള്ളി രക്തം മാത്രം
നിന്റെ വേദന, നിന്റെ ഹൃദയത്തിന്റെ തുണ്ട്‌,
നിന്നെ മറക്കാതിരിക്കാന്‍
എന്റെ നെറുകയില്‍ നിന്റെ ചുണ്ടുകള്‍.
എല്ലാം ഓര്‍മ്മകളാകാതിരിക്കാന്‍
നിന്റെ വേദനയില്‍ ഞാന്‍ കുളിച്ചുകയറുന്നു.
നിന്റെ സത്യം മങ്ങാതിരിക്കാന്‍
കടുത്ത വെയിലിന്റെ ഓരോ തുള്ളിയും
ഞാനൊപ്പിയെടുക്കുന്നു
ഉയര്‍ന്നുപറക്കുന്ന കാക്കയുടെ ചിറകുകളില്‍ നിന്ന്‌
ശക്തി ചോര്‍ന്നു പോകാതിരിക്കാന്‍
അതിനെ എയ്‌തു വീഴ്‌ത്തുന്നു.
ഇതെന്റെ സന്ന്യാസം.''


കവിതകള്‍ ഓരോന്നും ഇങ്ങനെ വ്യത്യസ്‌തമായ രീതിയിലാണ്‌ സഞ്ചരിക്കുന്നതെങ്കില്‍ കൂടി അര്‍ത്ഥതലങ്ങളെല്ലാം ഒന്ന്‌ തന്നെയാണ്‌. കടുത്ത നൊമ്പരങ്ങളുടെ ഏണിപ്പടികളിലൂടെയാണ്‌ ഓരോ കവിതകളും യാത്രയാവുന്നത്‌. എന്തിരുന്നാലും പഴയ കലാലയത്തിന്റെ പടവുകളില്‍ ഇന്നും നന്ദിതയെന്ന അധ്യാപികയും അവരെ കുറിച്ചുള്ള ഓര്‍മ്മകളും മായാത്ത പാതയിലൂടെ യാത്ര തുടരുന്നു....

Thursday, October 21, 2010

7.വെല്‍ജീനിയ വൂള്‍ഫ്‌-ബോധധാരയെന്ന പൊളിച്ചെഴുത്ത്‌

ഓവര്‍കോട്ടിന്റെ പോക്കറ്റുകളില്‍ കല്ലുകള്‍ നിറച്ച്‌ ഔസ്‌ നദിയിലേക്ക്‌ നടന്നിറങ്ങി ജീവിതത്തില്‍ നിന്നും മറഞ്ഞ വെര്‍ജീനിയ വൂള്‍ഫ്‌ എന്ന ഇംഗ്ലീഷ്‌ സാഹിത്യകാരിയുടെ രചനകള്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നത്‌ പരമ്പരാഗത സാഹിത്യരൂപങ്ങളെയും അവയെ അടിസ്ഥാനമാക്കിയുള്ള സൗന്ദര്യസങ്കല്‍പ്പങ്ങളെയും വെല്ലുവിളിച്ച്‌ അധൂനികതാവാദത്തെ പിന്തുണച്ചത്‌ കൊണ്ടാണ്‌. ബോധധാരാ (stream of consciousness) സമ്പ്രദായത്തിലുള്ള പരീക്ഷണാത്മകങ്ങളായ നോവലുകളും ചെറുകഥകളും ഫെമിനിസ്റ്റ്‌ ചിന്താഗതി വെളിപ്പെടുത്തുന്ന ലേഖനങ്ങളും വൂള്‍ഫിന്റെ ബഹുമുഖപ്രതിഭയെ ഇന്നും ഊട്ടിയുറപ്പിക്കുന്നു. 1905 മുതല്‍ 1941ല്‍ സ്വയം ജീവിതം അവസാനിപ്പിക്കുന്നതുവരെ ടൈംസിനും മറ്റനേകം പ്രസിദ്ധീകരണങ്ങള്‍ക്കുമായി എഴുതിക്കൂട്ടിയ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെയും സാഹിത്യകാരന്മാരുടെയും സത്യസന്ധമായ വിലയിരുത്തലുകള്‍ക്കായി മാറ്റിവെക്കപ്പെട്ടിരിക്കുന്നു. 1915ല്‍ ദ വൊയാജ്‌ ഔട്ട്‌, 1919ല്‍ നൈറ്റ്‌ ആന്റ്‌ ഡേ, 1922ല്‍ ജേക്കബ്‌സ്‌ റൂം, 1925ല്‍ മിസിസ്‌ ഡാലോവേ, 1927ല്‍ ടു ദ ലൈറ്റ്‌ഹൗസ്‌, 1931ല്‍ ദ വേവ്‌സ്‌, 1933ല്‍ ഫ്‌ളഷ്‌, 1937ല്‍ ദ ഇയേഴ്‌സ്‌, 1941ല്‍ ബിറ്റ്‌വീന്‍ ദ ആക്‌ട്‌സ്‌ എന്നിവയാണ്‌ വെര്‍ജീനിയ വൂള്‍ഫ്‌ എഴുതിയ നോവലുകള്‍. ഓരോ നോവലുകളും നിലവിലെ ആഖ്യാനശൈലിയില്‍ നിന്നും വേറിട്ടുനില്‍ക്കുന്നവയാണ്‌. കഥാപാത്രങ്ങളുടെ ആത്മസംഭാഷണങ്ങളാണ്‌ നോവലുകളെ വേറിട്ടുനിര്‍ത്തുന്നത്‌. പറയാനുള്ളത്‌ നേരെ പറയുകയെന്നതിനപ്പുറം സ്വന്തം മനസ്സിന്റെ പ്രതിഫലനങ്ങള്‍ കഥാപാത്രങ്ങളിലൂടെ പുറത്തേക്ക്‌ വിടാന്‍ വൂള്‍ഫിന്‌ മടിയുണ്ടായിരുന്നില്ല. അതെല്ലാം വൂള്‍ഫിന്റെ ദീര്‍ഘവീഷണത്തിന്റെ പ്രതിഫലനങ്ങള്‍ കൂടിയായിരുന്നു.

``ഭാവിയിലെ എഴുത്തുകാര്‍ എണ്ണമില്ലാത്ത ചിന്തകളുടെ ആഴത്തിലേക്കായിരിക്കും ഇറങ്ങിച്ചെന്ന്‌ അന്വേഷിക്കുന്നത്‌. യഥാര്‍ത്ഥ വിവരണങ്ങള്‍ അവരുടെ കഥകളില്‍ നിന്നും പിന്തള്ളപ്പെടും.'' വൂള്‍ഫിന്റെ കാഴ്‌ചപ്പാടില്‍ പലതും ഇതുപോലെ യാഥാര്‍ത്ഥ്യങ്ങളായിരുന്നുവെന്ന്‌ നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നു. വൂള്‍ഫിന്റെ കഥകളും വിഭിന്നമല്ല. തന്റെ ജീവിതകാലത്ത്‌ `മണ്‍ഡേ ഓര്‍ ടൂസ്‌ഡേ' എന്ന എട്ടുചെറുകഥകളടങ്ങിയ ഒറ്റ സമാഹാരം മാത്രമെ പുറത്തുവന്നിരുന്നുള്ളു. ബോധധാരാ സമ്പ്രദായത്തെ കഥകളിലും വൂള്‍ഫ്‌ പിന്തള്ളിയില്ല. ലളിതമായ ആഖ്യാനശൈലിയുടെ ഉടമയായ വൂള്‍ഫ്‌ കഥാപാത്രങ്ങളിലൂടെ ലോകത്തിലേക്ക്‌ തന്റെ വിചാരാധാരകള്‍ കൂടി എറിഞ്ഞിട്ടു കൊടുത്തു. മനുഷ്യന്റെ ബോധം വികാരങ്ങളും മനോഭാവങ്ങളും ഇന്ദ്രിയബോധവുമെല്ലാം ഉള്‍പ്പെടുന്ന അതീസങ്കീര്‍ണ്ണമായ ഒന്നാണെന്ന വൂള്‍ഫിന്റെ വിശ്വാസം അവരുടെ കഥകളിലൂടെ വായനാലോകമറിഞ്ഞു. അതാണ്‌ ദിവസേന ഒരു മനസ്സിലൂടെ കടന്നുപോകുന്ന എണ്ണമറ്റ ചിന്തകളുടെയും ധാരണകളുടെയും കുത്തൊഴിക്കിനെ തന്റെ രചനകളില്‍ അവതരിപ്പിച്ചത്‌. കഥാപാത്രങ്ങളുടെ നിഗൂഡമായ ആത്മഭാഷണങ്ങള്‍ വൂള്‍ഫിന്റെ രചനകളെ എന്നും വേറിട്ടുനിര്‍ത്തി. മിസിസ്‌ ഡാലോവെ എന്ന കഥ തന്നെയാണ്‌ ഇതിന്റെ ഉദ്ദാഹരണമായി നിരൂപകര്‍ ചൂണ്ടികാണിക്കുന്നത്‌. മനുഷ്യമനസ്സ്‌ ഒരു ചിന്തയില്‍ നിന്നും മറ്റൊന്നിലേക്ക്‌ പൂമ്പാറ്റയെ പോലെ പാറിപ്പറക്കുന്നതിന്റെ പ്രതീകമാണ്‌ മാര്‍ക്ക്‌ ഓണ്‍ ദ വാള്‍ എന്ന കഥ. ഭിത്തിയിലെ പാട്‌ എങ്ങനെയുണ്ടായി എന്ന അലസചിന്തയില്‍ നിന്നും ആരംഭിക്കുന്ന കഥ ഒരു ഒച്ചിന്റെ ദൈന്യതയിലാണ്‌ അവശേഷിക്കുന്നത്‌. ഇതിവൃത്തം ലളിതമാണെങ്കിലും കഥയില്‍ വായനക്കാരന്‌ കാണാന്‍ കഴിയാത്ത സസ്‌പെന്‍സ്‌ ഒളിപ്പിക്കാന്‍ പലപ്പോഴും വൂള്‍ഫിന്‌ സാധിച്ചു. വായിച്ചുതുടങ്ങിയാല്‍ പൂര്‍ത്തിയാകാതെ കണ്ണുകള്‍ പിന്‍വലിക്കാന്‍ കഴിയാതെ വായനക്കാര്‍ ഹൃദയമിടിപ്പോടെയാണ്‌ വൂള്‍ഫിന്റെ പല രചനകളെയും എതിരേറ്റത്‌. കാല്‍പ്പനികസൗന്ദര്യമാണ്‌ വൂള്‍ഫിന്റെ രചനകളിലെ മറ്റൊരു പ്രത്യേകത. അതിസൂക്ഷ്‌മമായ പലരും തള്ളിക്കളയുന്ന കാര്യങ്ങള്‍ ആഖ്യാനചാരുതയില്‍ വിടര്‍ന്നത്‌ വൂള്‍ഫിന്റെ നിരീക്ഷണങ്ങളെ ഊട്ടിയുറപ്പിക്കുന്നു. ക്യൂ ഗാര്‍ഡന്‍സ്‌ എന്ന വൂള്‍ഫിന്റെ കഥയാണ്‌ കാല്‌പനികതയുടെ പൂന്തോട്ടമായി നിരൂപകര്‍ സാക്ഷ്യപ്പെടുത്തുന്നത്‌. കഥയിലെ ദൃശ്യവിന്യാസം പോസ്റ്റ്‌ ഇംപ്രഷിനിസ്റ്റ്‌ പെയിന്റിംഗിനെ ഓര്‍മ്മിപ്പിക്കും വിധം ചേതോഹരമാണ്‌. പൂക്കള്‍ കാറ്റിലാടുന്നതനുസരിച്ച്‌ ഇടവിട്ട്‌ പതിക്കുന്ന നിറങ്ങളെ സന്ദര്‍ശകരുടെ ക്രമരഹിതമായ ചലനങ്ങളായും ചിത്രശലഭങ്ങളുടെ പറക്കലായും വൂള്‍ഫ്‌ താരതമ്യപ്പെടുത്തുന്നു. മോഹവും. പ്രേമവും, സംതൃപ്‌തിയുമെല്ലാം ഒരുപോലെ ഈ ആഖ്യാനചാരുതയില്‍ വിലയിക്കുന്നു. ആശയങ്ങളുടെയും പ്രതീകങ്ങളുടെയും അവിചാരിതമായ പ്രവാഹമാണ്‌ തിങ്കളാഴ്‌ച അല്ലെങ്കില്‍ ചൊവ്വാഴ്‌ച എന്ന കഥ. ഒഴുകുന്ന നാദധാരയില്‍ മുങ്ങിപ്പോകുന്ന അനുവാചകന്റെ വികാരവിചാരങ്ങള്‍ പ്രതീകങ്ങളാവുകയാണ്‌ വൃന്ദവാദ്യം എന്ന കഥയില്‍.

എഴുത്തുകാരി എന്നതിലുപരി സാമൂഹ്യവിമര്‍ശക കൂടിയായിരുന്നു വൂള്‍ഫ്‌ എന്നതാണ്‌ മറ്റൊരു പ്രത്യേകത. പൊങ്ങച്ചക്കൂട്ടങ്ങളെ മതിവരുവോളം പരിഹസിച്ചും ആര്‍ഭാടത്തിന്‌ പുറമെ പോകുന്നവരെ പഴി പറഞ്ഞും വികസിക്കുന്ന കഥാസങ്കേതം വൂള്‍ഫ്‌ പ്രാവര്‍ത്തികമാക്കിയതും അതുകൊണ്ടാണ്‌. വൂള്‍ഫിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ദ ഹോണ്ടഡ്‌ ഹൗസ്‌ ആന്റ്‌ അദര്‍ സ്റ്റോറീസ്‌ എന്ന കഥസമാഹാരം അവരുടെ സര്‍ഗ്ഗപ്രതിഭയുടെ പ്രതിഫലനമായി മാറി.
ഒരു ഫെമിനിസ്റ്റ്‌ എന്ന നിലയില്‍ വൂള്‍ഫ്‌ എഴുതിയ ലേഖനകള്‍ ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്‌. എ റൂം ഓഫ്‌ വണ്‍സ്‌ ഓണ്‍, ത്രീ ഗിനിയാസ്‌, ദ കോമണ്‍ റീഡര്‍, ദ സെക്കന്റ്‌ കോമണ്‍ റീഡര്‍ എന്നിങ്ങനെയുള്ള സമാഹാരങ്ങളും ലേഖനങ്ങളും ഏറെ പ്രസിദ്ധമായവയാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ വൂള്‍ഫിന്റെ ലേഖനങ്ങള്‍ എസ്സേയ്‌സ്‌ ഓഫ്‌ വെര്‍ജീനിയ വൂള്‍ഫ്‌ എന്ന പേരില്‍ നാലു വാല്യങ്ങളായി പ്രസിദ്ധീകരിച്ചത്‌. വ്യത്യസ്‌തങ്ങളായ കൃതികളും പ്രസിദ്ധീകരിച്ച കത്തുകളും ഡയറികളുമെല്ലാം സര്‍ഗ്ഗപ്രതിഭയുടെ വിവരാണധീതമായ വ്യാഖ്യാനങ്ങളാണ്‌.
അതിഭാവുകത്വമില്ലാതെ അനുകമ്പയോടെ മനുഷ്യജീവിതത്തെയും കഥാപാത്രങ്ങളുടെ മാനസികവളര്‍ച്ചയെയും വായനക്കാരിലെത്തിച്ച വൂള്‍ഫ്‌ പരമ്പരാഗത രീതികളില്‍ നിന്ന്‌ വിഭിന്നമായി വ്യക്തിത്വത്തോടെ ചിന്തിക്കാനും എഴുതാനും സ്‌ത്രീസമൂഹത്തിന്‌ പ്രേരണ നല്‍കിയ എഴുത്തുകാരി കൂടിയാണ്‌. കാലമെത്ര കഴിഞ്ഞാലും വൂള്‍ഫിന്റെ രചനകള്‍ വായിക്കപ്പെടുമെന്ന്‌ നിരൂപകരും സാഹിത്യസ്‌നേഹികളും ഒരുപോലെ പറയാന്‍ കാരണവും അവരുടെ തന്റെടവും വ്യത്യസ്‌തതയാര്‍ന്ന രചനാശൈലിയുമാണ്‌.വെര്‍ജീനിയ വൂള്‍ഫ്‌ (1882-1941)
പ്രസിദ്ധ സാഹിത്യകാരനും പര്‍വ്വതാരോഹകനുമായ ലെസ്ലി സ്റ്റീഫന്റെയും അതീവസുന്ദരിയും ചിത്രകാരന്മാരുടെ മോഡലുമായിരുന്ന ജൂലിയ പ്രിന്‍സെപ്‌ ജാക്‌സന്റെയും മകളായി 1882ല്‍ ലണ്ടനിലാണ്‌ വെര്‍ജീനിയ ജനിച്ചത്‌. വില്യം താക്കറെ, തോമസ്‌ കാര്‍ലൈല്‍, ഹൈന്റി ജെയിംസ്‌, ജോര്‍ജ്ജ്‌ എലിയട്ട്‌ മുതലായ സാഹിത്യരംഗത്തെ അതികായന്മാരും ചിത്രകാരും വെര്‍ജീനിയയുടെ വീട്ടിലെ നിത്യസന്ദര്‍ശകയായിരുന്നു. അവരുടെ സംവാദങ്ങളും സാമീപ്യവും വെര്‍ജീനിയയില്‍ സാഹിത്യാഭിരുതി വളര്‍ത്തി. 1895ല്‍ വെര്‍ജീനിയക്ക്‌ 13 വയസ്സുള്ളപ്പോള്‍ അമ്മയും രണ്ടുവര്‍ഷത്തിന്‌ ശേഷം മാതൃതുല്യയായ അര്‍ദ്ധസഹോദരി സ്റ്റെല്ലയും മരണമടഞ്ഞത്‌ വെര്‍ജീനിയയില്‍ കടുത്ത ദുഖമുണ്ടാക്കി. മാനസികസംഘര്‍ങ്ങളെ അതിജീവിക്കാനാവാതെ നിരവധി തവണ ആശുപത്രിവാസം വേണ്ടിവന്നെങ്കിലും ഒടുവില്‍ എല്ലാത്തിനെയും വെര്‍ജീനിയ തരണം ചെയ്‌തു. 1905 മുതല്‍ ടൈംസ്‌ ലിറ്റററി സപ്ലിമെന്റിന്റെ പുസ്‌കതനിരൂപകയായും മോല്‍ലി കോളജിലും അധ്യാപികയായും പ്രവര്‍ത്തിച്ചു. 1907ല്‍ വാനെസ്സാ ചിത്രകാരനായ ക്ലൈവ്‌ ബെല്ലിനെയും 1912ല്‍ പത്രലേഖകനും സാഹിത്യകാരനുമായിരുന്ന ലിയനോഡ്‌ വൂള്‍ഫിനേയും വിവാഹം കഴിച്ചു. 1941ല്‍ രണ്ടാംലോക മഹായുദ്ധകാലത്ത്‌ ബിറ്റ്‌വീന്‍ ദ ആക്‌ട്‌സ്‌ എന്ന കൃതി പൂര്‍ത്തിയായി കഴിഞ്ഞതോടെ വെര്‍ജീനിയ തീര്‍ത്തും വിഷാദരോഗത്തിന്‌ അടിമയായി. രോഗം തീഷ്‌ണതയാര്‍ജ്ജിച്ചതോടെ വെര്‍ജീനിയ എഴുത്തില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുനിന്നു. തികച്ചും അപ്രതീക്ഷിതമായി 1941 മാര്‍ച്ച്‌ 28ന്‌ വെര്‍ജീനിയ ആത്മഹത്യ ചെയ്‌തു. ജീവിതയാത്രയില്‍ സ്‌നേഹം കൊണ്ട്‌ പൊതിഞ്ഞ പ്രിയതമനോടുള്ള ആത്മബന്ധം വേരിട്ടുറപ്പിക്കുന്ന ഹൃദയസ്‌പര്‍ശിയായ ആത്മഹത്യാക്കുറിപ്പ്‌ എഴുതിവെച്ച വെര്‍ജീനിയ വൂള്‍ഫ്‌ തന്റെ ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ കല്ലുകള്‍ നിറച്ച്‌ വീടിനുടുത്തുള്ള ഔസ്‌ നദിയിലേക്ക്‌ നടന്നിറങ്ങി ജീവിതത്തില്‍ നിന്നും നടന്നുമറയുകയായിരുന്നു. ഏപ്രില്‍ 18ന്‌ കണ്ടെത്തിയ അസ്ഥി മാത്രമായ ഭൗതികാവശിഷ്‌ടം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. ശിഷ്‌ടകാലം വൂള്‍ഫിന്റെ രചനകളും ഡയറികളും കത്തുകളുമെല്ലാം പ്രസിദ്ധീകരിക്കാനാണ്‌ ലിയോനാര്‍ഡ്‌ വൂള്‍ഫ്‌ സമയം കണ്ടെത്തിയത്‌. 1960-ല്‍ അദ്ദേവും നിര്യാതനായി.

Tuesday, November 24, 2009

6. നന്തനാര്‍-നിശബ്‌ദമായ മാണിക്യവീണ


``സ്വാദിഷ്‌ഠമായ ആഹാരത്തെ പോലെ, സുഖകരമായ മരണത്തെ സുകുമാരന്‍ ഇഷ്‌ടപ്പെടുന്നു. സുഖമായി അത്താഴമൂണു കഴിഞ്ഞു വന്നുറങ്ങുക. എന്നിട്ട്‌ പിറ്റേന്ന്‌ പിറ്റേന്നല്ല, എന്നുമെന്നും ഉണരാതിരിക്കുക, ഉറക്കത്തിലങ്ങു മരിക്കുക. എത്ര സുഖകരമായ മരണമാണത്‌? ആര്‍ക്കും ബുദ്ധിമുട്ടില്ല...''
നന്തനാരുടെ `ആത്മാവിന്റെ നോവുകള്‍' എന്ന നോവലിലെ പ്രധാനകഥാപാത്രമായ (എഴുത്തുകാരന്റെ തന്നെ പ്രതിബിംബം എന്നു വിശേഷിപ്പിക്കാവുന്ന) സുകുമാരനെ കുറിച്ചുള്ള വിവരണമാണിത്‌. നാല്‌പത്തിയെട്ടാം വയസ്സില്‍ ആത്മഹത്യ ചെയ്‌ത നന്തനാരുടെ മിക്ക കഥകളിലും നോവലുകളിലും കാണാം ഇങ്ങനെ മരണത്തിലേക്ക്‌ നടന്നടുക്കുന്ന അനവധി കഥാപാത്രങ്ങള്‍. അവരുടെ പ്രക്ഷുബ്‌ധമായ മനസ്സ്‌, വിങ്ങുന്ന ഹൃദയം...
...
``മരണത്തെ വെറുത്തുകൊണ്ട്‌ ജീവിതത്തെ വെറുത്ത്‌ കൊണ്ട്‌ ജീവിക്കുക...''
ഓര്‍മ്മ ഉറക്കുന്ന കാലം തൊട്ടെ പി സി ഗോപാലന്‍ എന്ന നന്ദനാര്‍ക്ക്‌ ജീവിതത്തില്‍ നേരിടേണ്ടി വന്നത്‌ കടുത്ത വെല്ലുവിളികള്‍ മാത്രമായിരുന്നു. കൊടുമ്പിരി കൊള്ളുന്ന ഒരു യുദ്ധകാലഘട്ടത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യത്തിന്റേയും പട്ടിണിയുടേയും ദുരിതം സ്വയം അനുഭവിച്ചുവളര്‍ന്ന ബാല്യകൗമാരമായതിനാലാവാം അദ്ദേഹത്തിന്റെ വാക്കുകള്‍ തീപ്പന്തങ്ങള്‍ പോലെ ജ്വലിക്കുന്നത്‌. തീക്ഷ്‌ണമായ അനുഭവങ്ങളുടെ കൈത്താങ്ങ്‌ സര്‍ഗ്ഗാത്മകത ഉള്ളിലൊതുക്കിയ ഒരു എഴുത്തുകാരന്റെ രചനകളെ എങ്ങനെ ദീപ്‌തമാക്കാതിരിക്കും.
....ദുരിതത്തിന്റെ ചുടലപ്പറമ്പിലാണ്‌ നന്തനാര്‍ ജീവിതം ആരംഭിക്കുന്നത്‌. പഴകിദ്രവിച്ച വീട്ടില്‍ അമ്മയും സഹോദരങ്ങളുമൊത്ത്‌ പട്ടിണിയുടെ അകമ്പടിയോടെ തുടങ്ങുന്നു ആ വലിയ യാത്ര. അച്ഛന്റെ നിസ്സഹായതയും അമ്മയുടെ ദയനീയതുമായിരുന്നു വീട്ടിലെ ഏകസമ്പാദ്യം. നിര്‍ഭാഗ്യം വിടാതെ പിന്തുടര്‍ന്നത്‌ കൊണ്ട്‌ തന്നെ ജീവിച്ചുപോകാന്‍ സാധിക്കും വിധമൊരു ജോലി നേടാനും അവന്‌ കഴിഞ്ഞില്ല. അതിജീവനത്തിനായി ചെയ്യുന്നതെല്ലാം അവതാളത്തിലാകുന്ന അവസ്ഥ അവനെ വിടാതെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. അതുകൊണ്ടെല്ലാം തന്നെ ജീവിതാനുഭവങ്ങളില്‍ നിന്നും പഴുപ്പിച്ചെടുത്തത്‌ തന്നെയാണ്‌ അദ്ദേഹത്തിന്റെ രചനകളും. മിക്ക കഥകളിലും കടന്നുവരുന്നുണ്ട്‌ നൈരാശ്യത്തിന്റെ നെടുവീര്‍പ്പുകള്‍ ഉള്ളിലൊതുക്കിയ ചില കഥാപാത്രങ്ങള്‍, ചങ്കുപൊട്ടി നിലവിളിക്കുന്ന ചില മുഖങ്ങള്‍...എല്ലാം വായനക്കാരന്‌ മനസ്സിലേക്ക്‌ അതിവേഗം ഓടിക്കയറും വിധം സുതാര്യമായ മനസ്സുള്ളവരാണ്‌.
ദാരിദ്ര്യത്തിന്റെ കൊടിയനാളുകളിലാണ്‌ നന്തനാര്‍ (പതിനാറാം വയസ്സില്‍) പട്ടാളത്തില്‍ ചേരുന്നത്‌. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പട്ടാളക്യാംപുകളില്‍ 20 വര്‍ഷം സേവനം അനുഷ്‌ഠിച്ച ശേഷം 1962ല്‍ അദ്ദേഹം സൈനികസേവനം അവസാനിപ്പിച്ചു. തുടര്‍ന്ന്‌ മൈസൂരില്‍ എന്‍ സി സി ഇന്‍സ്‌ട്രക്‌ടറായി ജോലി നോക്കി. അതിന്‌ ശേഷം 1967ല്‍ ഫാക്‌ടിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ ചുമതലയേറ്റു. 1974ല്‍ ലോഡ്‌ജ്‌മുറിയില്‍ വെച്ച്‌ സ്വയം ജീവിതം അവസാനിപ്പിച്ചു.
ബാല്യാകാലം മുതല്‍ നന്തനാരില്‍ ഉണ്ടായിരുന്ന സാഹിത്യവാസന സൈനികജീവിതകാലത്ത്‌ വളര്‍ന്നു. മൊയ്‌തീന്‍ എന്ന കഥയുമായി നന്തനാര്‍ എന്ന പേരില്‍ സാഹിത്യരംഗത്ത്‌ അരങ്ങേറ്റം കുറിച്ച അദ്ദേഹം ആറ്‌ നോവലുകളും 89 കഥകളടങ്ങിയ 11 സമാഹാരങ്ങളും മൂന്ന്‌ ലഘുനാടകങ്ങളും മൂന്ന്‌ ബാലസാഹിത്യകൃതികളും മലയാളത്തിന്‌ സംഭാവന നല്‍കിയിട്ടുണ്ട്‌.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായ നോവലായിരുന്നു `ആത്മാവിന്റെ നോവുകള്‍.' പട്ടാളജീവിതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതി 1963-ലെ ഏറ്റവും മികച്ച മലയാളനോവലിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടി. തുടര്‍ന്ന്‌ ``സൈന്‍ ഫോര്‍ ദ ഡൗണ്‍'' എന്ന പേരില്‍ ഈ കൃതി ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ടു.
നഗരത്തില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയുള്ള കന്റോണ്‍മെന്റാണ്‌ `ആത്മാവിന്റെ നോവുകളു'ടെ ഉപരിതലം. പട്ടാളബാരക്കുകള്‍, ഓഫിസര്‍മാരുടെ ചെറുബംഗ്ലാവുകള്‍, ഗോള്‍ഫ്‌ ഗ്രൗണ്ട്‌, ഫയറിംങ്‌ റേഞ്ച്‌, ട്രാന്‍സ്‌മിറ്റിംഗ്‌ സ്റ്റേഷന്‍, ഡിവിഷണല്‍ സിഗ്നല്‍ റെജിമെന്റ്‌ എന്നിവിടങ്ങളിലൂടെ ഈ നോവല്‍ വികസിക്കുന്നു. ഉന്നതറാങ്കിലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ മുതല്‍ ജെ സി ഒമാരും ജവാന്മാരും ഓര്‍ഡര്‍ലിമാരും തോട്ടിപ്പണി എടുക്കുന്നവര്‍ വരെയും ഈ നോവലിലെ കഥാപാത്രങ്ങളാണ്‌.
വായനക്കൊടുവില്‍ ആര്‍ക്കും മനസ്സില്‍ വന്നേക്കാവുന്ന ഒരു ചോദ്യം ഈ നോവലിന്റെ പേരിനെ പറ്റിയാവും. എന്തുകൊണ്ടാണ്‌ ഈ നോവലിന്‌ ആത്മാവിന്റെ നോവുകള്‍ എന്ന്‌ പേരിട്ടത്‌?
നൊമ്പരങ്ങളുടെ സങ്കലനമാണ്‌ ഇതിലെ മിക്ക കഥാപാത്രങ്ങളും. വിഷാദത്തിന്റെ മേലങ്കിയണിഞ്ഞ കുറേ ആളുകള്‍ അവരുടെ ദുഖം പറയാതെ പറയുന്നു. നാട്ടില്‍ കഴിയുന്ന അഞ്ചു പെണ്‍മക്കളെയും അവരോടുള്ള കടപ്പാടുകളെയും കുറിച്ചോര്‍ത്ത്‌ വിതുമ്പുന്ന നായിക്‌ തങ്കപ്പന്‍പിള്ള, വീട്ടുകാരുടെ നിരന്തരമായ ആക്ഷേപം സഹിക്കാന്‍ കഴിയാതെ പട്ടാളത്തില്‍ ചേര്‍ന്ന്‌, ഒടുവില്‍ ഏരിയല്‍ കെട്ടാന്‍ മരത്തില്‍ കയറുമ്പോള്‍ വീണു മരിക്കുന്ന പാര്‍ത്ഥസാരഥി അയ്യര്‍, ആത്മസംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കുന്ന നായിക്‌ സുകുമാരന്‍ അങ്ങനെ പോകുന്നു ആ നിര...
നന്തനാരുടെ രചനകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകത ഏറ്റവും കൂടുതല്‍ പടര്‍ന്നുപന്തലിച്ചിരിക്കുന്നത്‌ ഈ നോവലിലാണെന്ന്‌ പറയാം. ആത്മഹത്യയും മരണവും ഈ നോവലിലും അതിന്റെ ദൗത്യം മനോഹരമായി പൂര്‍ത്തിയാക്കുന്നുണ്ട്‌.
തോക്കുകള്‍ക്കിടയിലെ ജീവിതം, ഒരു കുടുംബം പിറക്കുന്നു, ജീവിതത്തിന്റെ പൊന്‍നാളങ്ങള്‍, നിഷ്‌കളങ്കതയുടെ ആത്മാവ്‌, അറിയപ്പെടാത്ത മനുഷ്യജീവികള്‍, ഒരു സൗഹൃദസന്ദര്‍ശനം, മഞ്ഞക്കെട്ടിടം, അനുഭൂതികളുടെ ലോകം എന്നിങ്ങനെ പോകുന്നു ആ എഴുത്തുകാരന്റെ ശ്രദ്ധേയമായ രചനകള്‍. `വര്‍ഷകാലരാത്രി' എന്ന കഥ പോലെ വര്‍ത്തമാനകാലത്തിന്റെ നേര്‍കാഴ്‌ചകള്‍ക്കപ്പുറം നൊമ്പരത്തിന്റെ കനല്‍ ഉള്ളിലൊതുക്കി മരണത്തിലേക്ക്‌ നടന്നുപോവുന്ന കഥാപാത്രങ്ങള്‍ക്കൊണ്ട്‌ സമ്പുഷ്‌ടമാണ്‌ മിക്ക രചനകളും..

Sunday, October 11, 2009

5. ഷൈന-ഒരു നിലാമഴ പോലെ


"ചകിതമീ രാത്രിയില്‍
നീലരക്തം പടര്‍-
ന്നൊഴുകും സിരാതന്തു
പൊട്ടിച്ചെടുത്തു നീ
കലിയിളകി നില്‌ക്കുന്നു
മരണമേ, ഞാനിനിയു-
മറിയാതെ പോയ്‌പ്പോയ
കരളിന്റെ കഷണം
തിരഞ്ഞൊടുവിലേകയായ്‌
പറയട്ടെ നിന്നോടു
പോകാം നമുക്കിനി...''

മിഴികളെ ആര്‍ദ്രമാക്കും വിധം തീക്ഷ്‌ണമായ കുറേ കവിതകള്‍ക്ക്‌ മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്‌ സമയം ഏറെയായി. വായിക്കുംതോറും അര്‍ത്ഥങ്ങള്‍ കണ്ടെടുക്കാന്‍ കഴിയുംവിധം വരികള്‍ അടുക്കിവെച്ചിരിക്കുന്ന ആ കവയത്രി ഭൂമിയില്‍ നിന്നും യാത്ര പറഞ്ഞിരിക്കുന്നു. പ്രകൃതിയുടെ മനോഹരഭാവങ്ങളോ, പ്രണയത്തിന്റെയും സൗഹൃദത്തിന്റേയും മാസ്‌മരികസാന്നിധ്യങ്ങളോ അവളെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവിധം അശക്തരായിരുന്നുവെന്ന്‌ വേണം കരുതാന്‍. അല്ലെങ്കിലും ചിലര്‍ മെഴുകുതിരികളായി ജന്മമെടുക്കുന്നവരാണ്‌. അന്ധതയുടെ ഭാരം പേറുന്ന കുറേ പേരിലേക്ക്‌ വെളിച്ചം ചൊരിഞ്ഞ്‌ സ്വയമുരുകി മറഞ്ഞപോകും. അവര്‍ക്കുമുന്നില്‍ വിലാപങ്ങള്‍ പെയ്യുന്ന മുഖങ്ങളോ കാത്തിരിപ്പിന്റെ വൃര്‍ത്ഥതകള്‍ പേറുന്നവരുടെ നിസ്സഹായതയോ ഇല്ല. ഒരുപക്ഷേ അവരില്‍ ഏകാന്തത ഒരു മരമായി മുളച്ചുപൊന്തി പൂവിട്ട്‌ ശിശിരത്തിന്റെ മടിത്തട്ടിലേക്ക്‌ ശരീരത്തേയും കൊണ്ട്‌ അലിഞ്ഞുചേരുകയാവും ചെയ്യുന്നത്‌.

2008 മെയ്‌ ഒന്‍പതിനാണ്‌ `ഷൈന സക്കീര്‍' ആത്മഹത്യ ചെയ്‌തത്‌. സ്‌കൂള്‍ പഠനകാലം തൊട്ടെ എഴുതാറുണ്ടായിരുന്ന അവള്‍ കാത്തുവെച്ച കവിതകളും ഡയറിക്കുറിപ്പുകളും പിന്നീട്‌ കണ്ടെടുത്തു. ഓരോ കവിതകളും അവളുടെ മനസ്സിന്റെ ഭാരം പേറിയിരുന്നു. അസാമാന്യമായ ആ സര്‍ഗ്ഗശേഷി അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ മരണത്തെ ഒരു നിഴലായി കൂടെ നിര്‍ത്തുകയായിരുന്നോ എന്ന്‌ തോന്നിപ്പിക്കും വിധം നിഗൂഡമായ സംവാദങ്ങളായിരുന്നു അവളിലെ എഴുത്ത്‌.

``തലച്ചോറുകള്‍ക്കുള്ളില്‍ പുകയുന്ന
മരണത്തിന്റെ മണം
അവസാനത്തെ അത്താഴത്തിന്റെ രുചി
നാവില്‍ തേക്കുന്ന യുദാസിന്റെ ശബ്‌ദം
നഖങ്ങള്‍ക്കുള്ളിലും മറഞ്ഞിരുന്ന്‌
ചീഞ്ഞുനാറുന്ന പാപത്തിന്റെ മാംസം
എല്ലാം പറയുന്നത്‌
പകലിന്റ,
രാത്രിയുടെ നഷ്‌ടങ്ങളെ പറ്റി
ഉറഞ്ഞുറഞ്ഞു പോകുന്ന
നിശ്വാസങ്ങളെ പറ്റി
എനിക്കു നഷ്‌ടപ്പെടുത്തണം
അതിലൂടെ എനിക്ക്‌ നേടണം
നിങ്ങള്‍ക്കും നേടിത്തരണം''

`മരണത്തിന്റെ മരണം' എന്ന ഷൈനയുടെ കവിത മരണത്തിലേക്കടുക്കുന്നതിന്റെ മുന്നറിയിപ്പും അതിലൂടെ നേടാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. 28 വര്‍ഷങ്ങള്‍ ജീവിതത്തിലൂടെ എങ്ങനെയാണ്‌ കടന്നുപോയതെന്ന്‌ അവള്‍ക്ക്‌ പൂര്‍ണ്ണബോധ്യമുണ്ട്‌. കാരണം സ്വപ്‌നങ്ങളേയും ഓര്‍മ്മകളേയും നഷ്‌ടങ്ങളേയും നൊമ്പരങ്ങളേയും കൂട്ടിനിരുത്തിയാണ്‌ ഓരോ കവിതകളും അവളില്‍ നിന്നും രൂപം കൊള്ളുന്നത്‌. വരികള്‍ക്കിടയില്‍ നീറയുന്ന ശൂന്യതയില്‍ സുതാര്യമായ അവളുടെ മനസ്സ്‌ വായനക്കാരനോട്‌ അവ്യക്തമായി എന്തോ മന്ത്രിക്കുകയാണ്‌.
ഓരോ ആത്മഹത്യാശ്രമങ്ങളും പരാജയപ്പെടുമ്പോഴാണ്‌ ഏറ്റവും നിരാശ തോന്നുന്നതെന്ന്‌ ഡയറിയില്‍ കുറിച്ചിട്ട അവളുടെ ഏറ്റവും വലിയ ആഗ്രഹം `ആത്മഹത്യ' തന്നെയായിരുന്നു എന്ന വാസ്‌തവം ആരെയും അല്‍പ്പം പൊള്ളിക്കാതിരിക്കില്ല. ലക്ഷ്യത്തിലെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയൊടുവില്‍ അവളത്‌ നേടുമ്പോള്‍ ഉറ്റവര്‍ക്കായി വാക്കുകളുടെ പ്രളയം സ്വരുക്കൂട്ടിവെച്ചിട്ടായിരുന്നു ആ മടക്കയാത്രയെന്ന്‌ അധികമാരുമറിഞ്ഞുമില്ല.

"അമ്മയെന്നാല്‍ നുണക്കഥയാണെനി-
യ്‌ക്കമ്മയെന്നാല്‍ കരിംപുക മാത്രമാണെന്തിനെന്‍
കുഞ്ഞിളം ബാല്യത്തെ
അന്ധകാരത്തിലെറിഞ്ഞു നീ കാലമേ?
എത്ര കട്ടിതള്‍ മേല്‍ക്കുമേല്‍ വെക്കിലും
അമ്മയെന്ന തുലാസിന്റെ മോഹമാം
തട്ടുമാത്രം കനം തൂങ്ങി നില്‌ക്കയാ-
ണില്ല പോംവഴിയെന്നറിയുമ്പോഴും ''

അവളുടെ ബാല്യകൗമാരങ്ങള്‍ ആഹ്ലാദപ്രദമായിരുന്നില്ല. കുടുംബബന്ധങ്ങളുടെ ചങ്ങലകണ്ണികള്‍ ശിഥിലമായി പോയൊരു പശ്ചാത്തലമാണ്‌ അവളെ കാത്തുകിടന്നത്‌. അമ്മയും അച്ഛനും വേര്‍പിരിഞ്ഞതിന്റെ അസ്വസ്ഥത സൃഷ്‌ടിച്ച അമ്പരപ്പ്‌ ആ മനസ്സിനെ വിടാതെ പിന്തുടരുകയായിരുന്നു. ഒരു പെണ്‍കുട്ടി എന്ന രീതിയില്‍ അമ്മയുടെ സാന്നിധ്യത്തിനും പരിലാളനങ്ങള്‍ക്കും അവള്‍ മോഹിച്ചുകൊണ്ടിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും താങ്ങും തണലും ഉപദേശങ്ങളുമായി മനോഹരമായ ഒരു വീട്ടില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന അമ്മയെ അവള്‍ സ്വപ്‌നം കണ്ടു. പക്ഷേ വ്യര്‍ത്ഥസ്വപ്‌നങ്ങളുടെ പുകയില്‍ അവള്‍ മൂടിപ്പോയി.
ഒറ്റപ്പാലം എന്‍ എസ്‌ എസ്‌ കോളേജിലെ സജീവസാന്നിധ്യമായിരുന്നു ഷൈന. എസ്‌ എഫ്‌ ഐയുടെ പ്രവര്‍ത്തകയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ മാഗസിന്‍ എഡിറ്ററായി. കോളേജ്‌, സോണ്‍, ഇന്റര്‍സോണ്‍ കലോത്സവങ്ങളില്‍ കവിതയെഴുതി നിരവധി സമ്മാനങ്ങള്‍ നേടി. പാട്ടെഴുതി സംഗീതം നല്‍കിയതിന്‌ പുറമെ സാംസ്‌ക്കാരിക പരിപാടികളിലും സാഹിത്യക്യാംപുകളിലും സാന്നിധ്യമായി സജീവമായ ഇത്തരം ഇടപെടലുകള്‍ക്കിടയിലും അവളിലെ മരണമോഹം ഇടക്ക്‌ തലപൊക്കി കൊണ്ടിരുന്നു.
ഡിഗ്രിക്ക്‌ പഠിക്കുന്ന സമയത്ത്‌ ഹോസ്റ്റല്‍മുറിയില്‍ വെച്ച്‌ ഉറക്കഗുളികള്‍ കഴിച്ച്‌ അവള്‍ മരണത്തെ സ്വപ്‌നം കണ്ടു. പക്ഷേ അവളെയും കൊണ്ട്‌ മടങ്ങാന്‍ അപ്പോള്‍ വിധി ഒരുക്കമായിരുന്നില്ല. പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ കൈഞരമ്പ്‌ മുറിച്ച്‌ മരിക്കാന്‍ ശ്രമിച്ച അവളുടെ രണ്ടാംപരാജയവും ബാക്കിവെച്ചത്‌ കടുത്ത നൈരാശ്യം തന്നെയായിരുന്നു. പീന്നീടെഴുതിയ കവിതകളിലും ഡയറിക്കുറിപ്പുകളിലുമെല്ലാം മരണത്തോടുള്ള അടങ്ങാത്ത അഭിവാഞ്‌ചയായിരുന്നു. ആത്മഹത്യ ചെയ്‌തവരോടെല്ലാം അവള്‍ക്ക്‌ അസൂയ തോന്നി. നന്ദിതയുടെ, രാജലക്ഷ്‌മിയുടെ, സില്‍വിയ പ്ലാത്തിന്റെ പുസ്‌തകങ്ങളെ അവള്‍ ഹൃദയത്തോട്‌ ചേര്‍ത്തുവെച്ചു.


"ട്രെയിന്‍ പോലെ എന്റെ പ്രണയം
ഹൃദയത്തിന്റെ സ്റ്റേഷനില്‍
അഞ്ചുമിനിറ്റ്‌ നിര്‍ത്തിയിട്ട്‌
എവിടെ നിന്നോ വന്ന്‌
എവിടേക്കോ പോകുന്ന ട്രെയിന്‍
അതേ
ട്രെയിന്‍ എന്റെ വേദനയാകുന്നു.''


ഡിഗിക്ക്‌ പഠിക്കുമ്പോഴാണ്‌ മലമ്പുഴയില്‍ നടന്ന കഥാക്യാംപില്‍ വെച്ച്‌ ഷൈന സക്കീര്‍ ഹുസൈനെ പരിചയപ്പെടുന്നത്‌. വിവാഹാലോചനയായിരുന്നു ആദ്യം. വിവാഹശേഷം പ്രണയത്തിന്റെ വസന്തകാലം. അവളുടെ ഡയറിത്താളുകളില്‍ പ്രണയത്തിന്റെ പൂക്കള്‍ വിടരാന്‍ തുടങ്ങി. പ്രിയതമനോടുള്ള സംഭാഷണങ്ങളും സ്വകാര്യങ്ങളും വരികളുടെ ഭംഗിയായി ജനിച്ചുകൊണ്ടിരുന്നു. പക്ഷേ അപ്പോഴും അവളില്‍ ഒളിഞ്ഞുകിടന്നിരുന്ന മരണതാളം ഇടക്കെല്ലാം മിടിച്ചുകൊണ്ടിരുന്നു. കവിതകളില്‍ പതഞ്ഞൊഴുകുന്ന രക്തവിഷാദവും എണ്ണപ്പെട്ട ദിവസങ്ങളെ കുറിച്ചുള്ള വിഹ്വലതകളും കടന്നുവന്നു. ഭാവാത്മകതയെയും ഫാന്റസികളെയും സ്‌നേഹിച്ചിരുന്ന അവള്‍ വീണ്ടും അതിന്‌ പിന്നാലെ പായാന്‍ തുടങ്ങി.
വിവാഹത്തിന്‌ ശേഷമാണ്‌ ഷൈന എം എക്ക്‌ പഠിക്കുന്നത്‌. സക്കീര്‍ വിദേശത്തു ജോലി ചെയ്യുന്നു. അകല്‍ച്ചയുടെ വേദനയും തീവ്രപ്രണയത്തിന്റെ സുഗന്ധവും അവളില്‍ നിറഞ്ഞുനിന്നിരുന്ന കാലം. അക്കാലത്ത്‌ കവിതകളില്‍ നിറഞ്ഞത്‌ ബിംബങ്ങളുടെ മനോഹാരിതയാണ്‌. തലയില്‍ ചൂടിയ റോസാപുഷ്‌പവും, കവിതകളും അവള്‍ പ്രിയതമന്‌ അയച്ചുകൊടുത്തു. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാലം വിവാഹശേഷമായിരുന്നുവെന്ന്‌ ഉറ്റവരോട്‌ അവള്‍ ആണയിട്ടു. ജീവിതത്തിന്റെ അസുലഭതകളിലേക്ക്‌ അവള്‍ തിരിച്ചെത്തുകയാണെന്ന്‌ വ്യാമോഹിച്ചവരെയെല്ലാം സങ്കടപ്പെടുത്തി വീണ്ടുമവള്‍ അപകര്‍ഷതയുടെ കടലിലേക്ക്‌ തിരിഞ്ഞുനടന്നു. മകനുണ്ടായപ്പോള്‍ പോലും മരിക്കാനുള്ള മോഹം അവളില്‍ നിന്നും വിട്ടൊഴിഞ്ഞിരുന്നില്ല.
``ഞാന്‍ മരിക്കുക തന്നെ വേണം. ഒരു സ്വയം തിരിച്ചുപോക്ക്‌. അനിവാര്യതയായ സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ വാവയെ ഓര്‍ത്തെങ്കിലും ഞാന്‍ മരിക്കണം. പക്ഷേ എന്റെ പഴയ ധൈര്യം എവിടെയാണ്‌ കളഞ്ഞുപോയത്‌? ദൈവമേ..ഈ വികൃതജന്മത്തിന്‌, മിന്നല്‍ പിണരു പോലെ എല്ലാം അവസാനിപ്പിക്കാനുള്ള അല്‍പ്പം ധൈര്യം പകര്‍ന്നുതരൂ...'' അവള്‍ `മകനുവേണ്ടി മരിക്കണം' എന്ന ശീര്‍ഷകത്തില്‍ ഡയറിയില്‍ എഴുതിവെച്ചു.

"എന്റെ സ്വപ്‌നങ്ങളിലെനിക്ക്‌
ചെയ്യാനുണ്ടായിരുന്നത്‌
ഞാന്‍ ചെയ്‌താല്‍
നിങ്ങള്‍ക്കനുഗ്രഹമായിരുന്നത്‌
പക്ഷേ
എനിക്ക്‌ ചെയ്യാനാവാത്തത്‌
പടനിലങ്ങളില്‍ ആയുധമില്ലാതെ,
കളരിത്തറകളില്‍
അടവുകളില്ലാതെ
വരള്‍ച്ചകളില്‍
പുഞ്ചിരിയില്ലാതെ
ഞാന്‍ നിര്‍ത്തപ്പെട്ടപ്പോള്‍
അല്ല എനിക്കായുധമുണ്ടായിരുന്നു
അടവുകളുണ്ടായിരുന്നു
പുഞ്ചിരിയുണ്ടായിരുന്നു.
ഒന്നും നിങ്ങളുടെ ലോകത്തിന്‌
പറ്റിയതല്ലായിരുന്നു.
കാലത്തിന്റെ പല്ലിളിപ്പും
ചരടുകളുടെ കെട്ടുറപ്പും
കുതിരകളുടെ കൊലപാതകവും
(അടുത്തത്‌ ഞാനായിരിക്കാം)
അതിനു മുമ്പ്‌
എനിക്ക്‌ രക്ഷപ്പെടണം
ആത്മഹത്യ ഒരു പാപമല്ല
പാപിയുടെ പുണ്യമാണ്‌
പാപിയുടെ പുണ്യം ചെയ്യലാണ്‌
പാപിയുടെ പുണ്യകര്‍മ്മമാണ്‌
പാപി ചെയ്യുന്ന പുണ്യമാണ്‌.''


ആത്മഹത്യ എന്ന ഈ കവിത ഷൈന എന്ന എഴുത്തുകാരിയുടെ സമാപനം തന്നെയാണ്‌. മരിക്കാന്‍ തീരുമാനിച്ചിട്ടു തന്നെയാവണം ആ ദിവസം അവള്‍ കൂട്ടുകാരിയെ വിളിച്ചത്‌. കാണണമെന്ന്‌ പറഞ്ഞത്‌. അവളുടെ വാക്കുകളിലെ ദു:ഖത്തിന്റെ ഇരമ്പല്‍ തിരിച്ചറിഞ്ഞതു കൊണ്ട്‌ തന്നെ ആ സ്‌നേഹിത അധ്യാപികയെ വിളിച്ച്‌ വിവരം പറഞ്ഞു. പിന്നീട്‌ ഇരുവര്‍ക്കുമിടയില്‍ ഗുരുശിഷ്യബന്ധങ്ങളേക്കാള്‍ സൗഹൃദത്തിന്റെ സംഭാഷണങ്ങള്‍. രാത്രി പ്രിയതമനോട്‌ ഫോണില്‍ സംസാരിച്ചു. വീണ്ടും വിളിക്കാമെന്ന ഉറപ്പോടെ ഫോണ്‍ വെച്ച സക്കീറിന്‌ പിന്നീടൊരിക്കലും അവള്‍ അവസരം നല്‍കിയില്ല. കാത്തുകിടന്ന ഓര്‍മ്മയുടെ പടവുകളില്‍ ജ്വലിച്ചമര്‍ന്നു. ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇത്തവണ അവള്‍ നേടുക തന്നെ ചെയ്‌തു.


കടപ്പാട്‌: മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌

Saturday, September 12, 2009

4. സില്‍വിയ പ്ലാത്ത്‌-ദുരന്തനായികയുടെ മോഹിപ്പിക്കുന്ന പര്യവസാനം


``ഓരോ ദിവസവും വിലപ്പെട്ടതാണ്‌. സമയം ഉരുകിത്തീരുകയാണെന്ന്‌ ഞാനറിയുന്നു. ഞാന്‍ വളരുകയാണ്‌. കഴിഞ്ഞ 17 വര്‍ഷങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക്‌ ദുരന്തങ്ങളും ആനന്ദങ്ങളും കണ്ടെത്താന്‍ കഴിയുന്നുണ്ട്‌. എനിക്കിപ്പോഴും എന്നെ അറിയില്ല. ഒരുപക്ഷേ, ഒരിക്കലും അറിയാന്‍ കഴിയില്ലായിരിക്കാം. ഇപ്പോള്‍ ഞാന്‍ സന്തുഷ്‌ടയാണ്‌. ജീവിതം ഏന്നെ ആഴത്തില്‍ സ്വാധീനിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. പ്രായമാവുന്നതിനെ കുറിച്ച്‌ എനിക്ക്‌ വേവലാതിയുണ്ട്‌. വിവാഹിതയാവുന്നതിനെ കുറിച്ചും. മൂന്നുനേരവും ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്ന്‌ എന്നെ വെറുതെ വിടുക. എനിക്ക്‌ സ്വതന്ത്ര്യയാവണം. ലോകം മുഴുവന്‍ ബന്ധനങ്ങളില്ലാതെ ചുറ്റിപ്പറക്കണം. `ദൈവമാകാന്‍ മോഹിച്ച പെണ്‍കുട്ടി' എന്ന്‌ വിളിക്കപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു.''
1949 നവംബര്‍ 13ന്‌ `ഡയറി സപ്ലിമെന്റ്‌' എന്ന തലക്കെട്ടില്‍ ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി സില്‍വിയ പ്ലാത്ത്‌ എഴുതിവെച്ച കുറിപ്പാണിത്‌.

ചെറുപ്പം മുതല്‍ തന്നെ ജീവിതത്തെ കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്ന സില്‍വിയ മുപ്പത്തിയൊന്നാം വയസ്സില്‍ ലോകത്തോട്‌ വിട പറഞ്ഞു. മരണത്തിലേക്ക്‌ നടന്നുപോകാന്‍ മാത്രം എന്തായിരുന്നു സില്‍വിയയുടെ ജീവിതത്തില്‍ സംഭവിച്ചത്‌?
20ാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ചപ്പെട്ട ഈ പ്രണയദുരന്തത്തിലെ വില്ലന്‍ ബ്രീട്ടീഷ്‌ കവിയായ ഭര്‍ത്താവ്‌ ടെഡ്‌ ഹ്യൂസായിരുന്നു. ടെഡിന്റെ ജീവിതത്തിലേക്ക്‌ യാദൃശ്ചികതയുടെ മൂടുപടമണിഞ്ഞെത്തിയ കാമുകി ആസിയ വെവിലാണ്‌ സില്‍വിയയുടെ ജീവിതത്തിലെ താളപ്പിഴകള്‍ക്ക്‌ കാരണമെന്ന്‌ ലോകം വിധിയെഴുതി.
തന്നെയും കുട്ടികളെയും (ഫ്രീഡ റബേക്ക, നിക്കോളാസ്‌ ഫറാന്‍) ദാരിദ്ര്യത്തിന്റേയും ഒറ്റപ്പെടലിന്റെയും ലോകത്തേക്ക്‌ തള്ളിയിട്ട്‌ സ്‌പെയിനില്‍ പുതിയ പ്രണയത്തിന്റെ വസന്തകാലം കൊണ്ടാടുന്ന ടെഡിനോട്‌ ജീവിതം കൊണ്ടൊരു പ്രതികാരം ചെയ്യാന്‍ സില്‍വിയ തീരുമാനിച്ചത്‌ 1963 ഫെബ്രുവരി 11നാണ്‌. അന്നു സില്‍വിയ നേരത്തെ എഴുന്നേറ്റു. അടുക്കളയില്‍ പോയി ബ്രെഡ്ഡും പാലും ട്രേയിലെടുത്തു കുട്ടികളുടെ കിടപ്പുമുറിയിലേക്ക്‌ ചെന്നു. ഉറങ്ങിക്കിടക്കുന്ന അവര്‍ക്കരുകില്‍ ഭക്ഷണസാധനങ്ങള്‍ വെച്ച ശേഷം മുറിയുടെ വാതിലടച്ചു. വാതിലിന്റെ വിടവുകളിലെല്ലാം തുണിക്കഷ്‌ണങ്ങള്‍ തിരുകി. ഗ്യാസ്‌ അതിനകത്തേക്ക്‌ പ്രവേശിച്ച്‌ കുട്ടികള്‍ ശ്വാസം മുട്ടി മരിക്കരുതെന്ന്‌ സില്‍വിയ ആഗ്രഹിച്ചിരുന്നു. പിന്നെ അടുക്കളയിലെത്തി ഗ്യാസ്‌ അടുപ്പ്‌ തുറന്നിട്ടു. അടുപ്പിന്റെ വാതിലില്‍ ഒരു ടവ്വല്‍ ചുറ്റിവെച്ചു. പിന്നെ സ്വന്തം ശിരസ്സ്‌ ടൗവ്വലില്‍ പൊതിഞ്ഞ്‌ അടുപ്പിനുള്ളിലേക്ക്‌ നീട്ടിവെച്ചു. ബോധശൂന്യയാകും മുമ്പ്‌ ജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ സില്‍വിയ കൊതിച്ചിരിക്കണം. `ഹെല്‍പ്പ്‌' എന്നെഴുതിവെച്ചുകൊണ്ടുള്ള മരണം. അറം പറ്റിപ്പോയ അവരുടെ തന്നെ കവിതയിലെ വരികള്‍. `എ ക്രൈ ഫോര്‍ ഹെല്‍പ്പ്‌''. (1969 മാര്‍ച്ച്‌ 25ന്‌ ഗ്യാസ്‌ തുറന്നിട്ടാണ്‌ ടെഡിന്റെ രണ്ടാംഭാര്യയായ ആസിയ വെവിലും മരിച്ചതെന്നത്‌ മറ്റൊരു യാദൃശ്ചികത)

സില്‍വിയയുടെ മരണം അനേകംപേര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചെങ്കിലും ഭൂരിഭാഗം ഉത്തരങ്ങളും ടെഡില്‍ തന്നെ കുരുങ്ങിനിന്നു. പക്ഷേ ടെഡുമായുള്ള വിവാഹത്തിന്‌ രണ്ടു വര്‍ഷം മുന്‍പ്‌ സില്‍വിയ എന്തിന്‌ ആത്മഹത്യക്ക്‌ ശ്രമിച്ചുവെന്നത്‌ ഇന്നും ബാക്കി കിടക്കുന്ന ഒരു സമസ്യയാണ്‌. പതിനാലാം വയസ്സില്‍ സില്‍വിയ എഴുതിയ ``ഐ തോട്ട്‌ ദാറ്റ്‌ ഐ കുഡ്‌ നോട്ട്‌ ബി ഹേര്‍ട്ട്‌''എന്ന കവിതയിലെ ശൂന്യതയും മറ്റൊരു ഉത്തരമില്ലാചോദ്യം.
``ഏപ്രില്‍ സൂര്യന്‍ എന്റെ ലോകത്തെ
ഊഷ്‌മളമാക്കിയിരിക്കുന്നു.
എന്റെ ആത്മാവ്‌ ആനന്ദം കൊണ്ട്‌
നിറഞ്ഞിരുന്നു; എന്നിട്ടും
ആനന്ദത്തിനു മാത്രം കൈക്കൊള്ളാനാവുന്ന
മൂര്‍ച്ചയേറിയ, മധുരമേറിയ
വേദന ഞാനനുഭവിച്ചു.

പെട്ടന്ന്‌ എന്റെ ലോകം ചാരനിറമായി.
ഇരുട്ട്‌ എന്റെ ആനന്ദത്തെ തുടച്ചുമാറ്റി.
വേദനിപ്പിക്കുന്ന, വിരസമായ
ശൂന്യത മാത്രം അവശേഷിപ്പിച്ചു.''

ബാല്യം മുതല്‍ പരിശോധിച്ചാല്‍ സില്‍വിയയുടെ ജീവിതത്തില്‍ നിരവധി കൗതുകങ്ങള്‍ കാണാം. ഊര്‍ജ്ജ്വസ്വലയായ അവളില്‍ കാലം എഴുതിച്ചേര്‍ത്ത വിഷാദാവസ്ഥകളും അതിജീവിക്കാനാവാത്ത നൊമ്പരങ്ങളും കടന്നുവന്നത്‌ ജീവിതത്തിന്റെ പ്രധാനപടവിലെത്തിയതിന്‌ ശേഷമാണ്‌. തന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുകയാണെന്ന്‌ സ്വയം തോന്നിത്തുടങ്ങിയ നാളുകളില്‍ അവള്‍ ജ്വലിച്ചുതുടങ്ങി. അവളുടെ എഴുത്തുമുറിയില്‍ കത്തിയാളുന്ന കവിതകള്‍ പിറവികൊണ്ടു. അവളപ്പോള്‍ ശാഠ്യക്കാരിയായ പഴയ കുഞ്ഞുസില്‍വിയയായി.

``കുഞ്ഞുനാളില്‍ തന്നെ ഭാവനയുടെ ചെറിയ ലോകങ്ങളിലായിരുന്നു അവള്‍. മൊസൈക്‌ ടൈല്‍സിന്റെ ചെറിയ ചതുരങ്ങളുള്ള ഒരു നല്ല ശേഖരം അവള്‍ക്കുണ്ടായിരുന്നു. അവ വിവിധ ഡിസൈനുകളില്‍ ക്രമീകരിക്കുകയായിരുന്നു കുട്ടിക്കാലത്തെ അവളുടെ പ്രധാന വിനോദം. ഒരിക്കല്‍, വീട്ടിലെ പായയില്‍ നെയ്‌തുചേര്‍ത്ത താജ്‌മഹലിന്റെ ചിത്രം മാതൃകയാക്കി, മൊസൈക്ക്‌ ടൈല്‍സിന്റെ ചതുരങ്ങള്‍ ക്രമീകരിച്ച്‌ അവള്‍ അതുപോലൊയൊന്ന്‌ രൂപപ്പെടുത്തി.'' അമ്മ ഒറീലിയ ഷോബര്‍ പ്ലാത്തിന്റെ ഓര്‍മ്മക്കുറിപ്പിലെ വാക്കുകള്‍.
ഡയബറ്റിസ്‌ മെലിറ്റസ്‌ മൂര്‍ച്ഛിച്ച്‌ 1940 നവംബര്‍ അഞ്ചിന്‌ പിതാവ്‌ ഓട്ടോ എമീല്‍ പ്ലാത്ത്‌ മരിച്ച വാര്‍ത്ത അറിയിക്കാനെത്തിയ അമ്മയോട്‌ സില്‍വിയ പറഞ്ഞവാക്കുകള്‍ അമ്പരപ്പിക്കുന്നതാണ്‌.
``ഇനിയൊരിക്കലും ഞാന്‍ ദൈവത്തോട്‌ സംസാരിക്കുകയില്ല.''
അന്ന്‌ സ്‌കൂളില്‍ പോകണമെന്ന്‌ വാശിപിടിച്ച സില്‍വിയ മടങ്ങിയെത്തുമ്പോള്‍ മുഖം വിവര്‍ണ്ണമായിരുന്നു. അമ്മ വീണ്ടും വിവാഹം കഴിക്കുമെന്ന്‌ പറഞ്ഞു സഹപാഠികള്‍ അവളെ ഭയപ്പെടുത്തിയതായിരുന്നു കാരണം. സില്‍വിയ ഒരു കടലാസ്‌ അമ്മക്ക്‌ നീട്ടി. ``ഇനിയൊരിക്കലും ഞാന്‍ വിവാഹം കഴിക്കില്ല'' എന്ന്‌ അതില്‍ എഴുതിയിരുന്നു. അതിനടിയില്‍ സന്തോഷത്തോടെ ഒറീലിയ ഒപ്പുവെച്ചു.
അസ്വസ്ഥതകളില്ലാത്ത ഒരു ജീവിതം കുഞ്ഞുനാള്‍ മുതല്‍ അവള്‍ കൊതിച്ചിരുന്നു. ജൂനിയര്‍ ഹൈസ്‌ക്കൂളിലെ പഠനകാലം മുതലാണ്‌ കലയിലും സാഹിത്യത്തിലുമെല്ലാം സില്‍വിയ സജീവമായി പങ്കെടുത്തു തുടങ്ങിയത്‌. ചെറുപ്പത്തില്‍ തന്നെ നിരവധി പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്‌തു. പറയുന്നതിനെക്കാള്‍ സില്‍വിയക്കിഷ്‌ടം എഴുതാനായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലം അവസാനിച്ച കാലത്തു ഓരോ ക്രിസ്‌തുമസ്സിനും തിയ്യതി കുറിക്കാത്ത ഡയറി സമ്മാനിക്കണമെന്ന്‌ അവള്‍ അമ്മയോട്‌ ആവശ്യപ്പെട്ടു. വലിയ സംഭവങ്ങള്‍ ജീവിതത്തില്‍ കടന്നുവരുമ്പോള്‍ പേജുകള്‍ തികയില്ലെന്നായിരുന്നു അതിന്‌ അവള്‍ നല്‍കിയ വിശദീകരണം.
സില്‍വിയ വളരെ ചെറുപ്പം മുതല്‍ തന്നെ ധാരാളം പുസ്‌തകങ്ങള്‍ വായിക്കുമായിരുന്നു. ലോങ്‌ഡോണ്‍ ഡേവിസിന്റെ `എ ബ്രീഫ്‌ ഹിസറ്ററി ഓഫ്‌ വുമന്‍', ആര്‍നോള്‍ഡിന്റെ `ദ ഫോര്‍സേക്കന്‍ മെര്‍മാന്‍' തുടങ്ങിയ പുസ്‌തകങ്ങള്‍ സില്‍വിയയെ ഏറെ സ്വാധീനിച്ചു. ഡേവിസിന്റെ പുസ്‌തകത്തിലെ ജീവപരിണാമത്തില്‍ പുരുഷനും സ്‌ത്രീയും വഹിച്ച നിര്‍ണ്ണായക പങ്കിനെ കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ അവള്‍ അടിവരയിട്ടു സൂക്ഷിച്ചു. ആര്‍നോള്‍ഡിന്റെ കവിത തന്റെ മിഴികളെ ആര്‍ദ്രമാക്കിയെന്ന്‌ അവള്‍ അമ്മയോട്‌ പറഞ്ഞു.
45-ലധികം രചനകള്‍ തിരസ്‌ക്കരിക്കപ്പെട്ട ശേഷം 1950 ആഗസ്റ്റില്‍ `സെവന്റീന്‍' എന്ന മാസികയിലാണ്‌ സില്‍വിയയുടെ ആദ്യകഥ അച്ചടിച്ചുവന്നത്‌. `ഗ്രീഷ്‌മം ഇനി വരില്ല' എന്നതായിരുന്നു കഥയുടെ ശീര്‍ഷകം. അതേ വര്‍ഷം നവംബറില്‍ സെവന്റീനില്‍ `ഓഡ്‌ ഓണ്‍ എ ബിറ്റണ്‍ പ്ലം' എന്ന കവിത പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്‌ നിരവധി രചനകള്‍ സില്‍വിയയുടേതായി അച്ചടിക്കപ്പെട്ടു.

മരണത്തിന്റെ നീലിമയിലേക്ക്‌ നടന്നുപോകാന്‍ പ്രേരിപ്പിക്കും വിധം മൃദുലമായിരുന്നു സില്‍വിയയുടെ മനസ്സെന്ന്‌ തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ബാല്യ, കൗമാര കാലം മുതല്‍ തന്നെ കാണാന്‍ സാധിക്കും. എല്ലാത്തില്‍ നിന്നും അതിജീവിച്ചു മുന്നേറിയ അവള്‍ തന്റെ പ്രിയതമന്റെ കുത്തഴിഞ്ഞ ജീവിതം കണ്ട്‌ സഹിക്കാനാവാതെ തന്നെയാവണം മരണത്തെ തൊട്ടത്‌.
1962-ലാണ്‌ ടെഡും ആസിയയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ സില്‍വിയ ആദ്യമായി കേള്‍ക്കുന്നത്‌. അന്നുമുതല്‍ സില്‍വിയ കടുത്ത വിഷാദത്തിലായിരുന്നു. കാരണം ഭാര്യയെന്ന നിലയില്‍ അത്ര വിശ്വസ്‌തയായിരുന്നു അവര്‍. ഒരിക്കല്‍ അവിചാരിതമായി വന്ന ആസിയയുടെ ഒരു ഫോണ്‍കോളില്‍ നിന്നാണ്‌ ടെഡിന്റെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളുടെ കാരണം അവള്‍ തിരിച്ചറിഞ്ഞത്‌. അതിനു ശേഷം നിരന്തരമായി അവരുടെ ജീവിതത്തില്‍ വഴക്കുകളും നീരസങ്ങളും കടന്നുവന്നു. സില്‍വിയയൊടൊത്തുള്ള ജീവിതം വെറുക്കുന്നുവെന്നു കൂടെ ടെഡ്‌ വെളിപ്പെടുത്തിയതോടെ ആ മനസ്‌ കൂടുതല്‍ പ്രക്ഷുബ്‌ധമായി.
ഒരിക്കല്‍ രോക്ഷാകുലയായ സില്‍വിയ വീടിന്റെ പിന്‍മുറ്റത്ത്‌ തീ കൂട്ടി എഴുതിവെച്ച നോവലിന്റെ കൈയ്യെഴുത്തുപ്രതി കത്തിച്ചു. ഏറെ പ്രശസ്‌തമായ സില്‍വിയയുടെ `ദ ബെല്‍ജാര്‍' (വിക്‌ടോറിയ ലൂക്കാസ്‌ എന്ന അപരനാമത്തിലാണ്‌ ഈ കൃതി പ്രസിദ്ധീകരിച്ചത്‌) എന്ന നോവലിന്റെ രണ്ടാം പതിപ്പായ `ഡബ്‌ള്‍ എക്‌സ്‌പോഷറും', വര്‍ഷങ്ങളോളം സൂക്ഷിച്ചുവെച്ച അമ്മയുടെ ആയിരകണക്കിനു കത്തുകളും, ടെഡിന്റെ കത്തുകളും കവിതകളുമെല്ലാം അന്ന്‌ അഗ്നിക്കിരയായി.
വായനക്കാരെ ഏറെ അത്ഭുതപ്പെടുത്തിയ `ദ ബെല്‍ജാര്‍' ശരിക്കും ആത്മകഥാംശമുള്ള ഒരു നോവലായിരുന്നു. ഇംഗ്ലണ്ടിലെത്തിയ അമേരിക്കന്‍ പെണ്‍കുട്ടി പ്രണയവിവാഹത്തില്‍ പരാജയപ്പെടുന്നതായിരുന്നു അതിന്റെ വിഷയം. അതിന്റെ രണ്ടാംഭാഗമായി എഴുതിത്തുടങ്ങിയതും സില്‍വിയയുടെ ജീവിതാനുഭവങ്ങള്‍ തന്നെയാണെന്നതും കൗതുകമുണര്‍ത്തുന്നു. എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണനായ തന്റെ പുരുഷന്‍ വ്യഭിചരിക്കുന്നതില്‍ മനംനൊന്തു കഴിയുന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ `ഡബ്‌ള്‍ എക്‌സ്‌പോഷറി'ന്റെ ഇതിവൃത്തം.
വളരെ തീഷ്‌ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഈ കാലഘട്ടത്തിലാണ്‌ സില്‍വിയ പ്ലാത്ത്‌ ഏറ്റവും പ്രശസ്‌തമായ കവിതകള്‍ എഴുതുന്നത്‌. ടെഡുമായുള്ള കലഹം മൂര്‍ച്ഛിക്കുന്ന സമയത്ത്‌ എഴുതിയ കവിതകള്‍ `ഏരിയല്‍'എന്ന പേരില്‍ അവരുടെ മരണത്തിന്‌ ശേഷം പുറത്തിറങ്ങി. `ബേണിംഗ്‌ ദ ലറ്റേഴ്‌സ'്‌, `വേഡ്‌സ്‌ ഹേഡ്‌ ബൈ ആക്‌സിഡന്റ്‌ ഓവര്‍ ദ ഫോണ്‍' എന്നിവയെല്ലാം ആ സമാഹാരത്തിലെ ശ്രദ്ധേയമായ രചനകളായിരുന്നു. ഡാഡി, മെഡൂസ, ദ ജയിലര്‍ തുടങ്ങിയ സില്‍വിയയുടെ പ്രശസ്‌തമായ കവിതകള്‍ രചിക്കപ്പെട്ടതും ഈ പ്രക്ഷുബ്‌ധകാലത്തായിരുന്നു.
കാലമൊഴുകിക്കൊണ്ടിരിക്കുമ്പോഴും സില്‍വിയ ബാക്കിവെച്ചിട്ടു പോയ വാക്കുകള്‍ ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു..
''Dying
Is an art, Like everything else.
I do not exceptionaly well.
I do it so it feels like hell.
I do it so it feels real.
I guess you could say I've a call.''


സില്‍വിയ പ്ലാത്ത്‌ (1932-1963)
ഇംഗ്ലീഷ്‌ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ എഴുത്തുകാരി. 1932 ഒക്‌ടോബര്‍ 27ന്‌ ബോസ്റ്റണില്‍ ജനിച്ചു. പിതാവ്‌ ജര്‍മ്മന്‍കാരനായ ഓട്ടോ എമീല്‍ പ്ലാത്ത്‌. മാതാവ്‌ ഓസ്‌ട്രിയന്‍ വംശജയായ ഒറീലിയ ഷോബര്‍ പ്ലാത്ത്‌. സഹോദരന്‍-വാറന്‍. 1954ല്‍ സ്‌മിത്ത്‌ കോളേജില്‍ നിന്നും ബിരുദം നേടി. 1954ല്‍ കേംബ്രിഡ്‌ജ്‌ സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ ഫുള്‍ബ്രൈറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചു. 1955ല്‍ ബ്രിട്ടീഷ്‌ കവി ടെഡ്‌ ഹ്യൂസിനെ വിവാഹം കഴിച്ചു. രണ്ടു കുട്ടികള്‍-ഫ്രീഡ റെബേക്ക, നിക്കോളാസ്‌ ഫറാര്‍. ആദ്യകവിതാസമാഹാരം `ദ കോളോസസ'്‌ 1960ല്‍ പ്രസിദ്ധീകരിച്ചു. വിക്‌ടോറിയ ലൂക്കാസ്‌ എന്ന അപരനാമത്തില്‍ `ദ ബെല്‍ ജാര്‍' എന്ന നോവലെഴുതി. 1963 ഫെബ്രുവരി 11ന്‌ ഗ്യാസ്‌ ഓവനില്‍ ശിരസ്സുവെച്ച്‌ സ്വയം ജീവനൊടുക്കി.
`ഏരിയല്‍' എന്ന കവിതാസമാഹാരം 1965ല്‍ പുറത്തിറങ്ങി. `തെരഞ്ഞെടുത്ത കവിതകള്‍' എന്ന കവിതാസമാഹാരം 1981ല്‍ പുലിസ്റ്റര്‍ പ്രൈസ്‌ നേടി. അമ്മയ്‌ക്കും സഹോദരന്‍ വാറനും അയച്ച 696 കത്തുകള്‍ `ലറ്റേഴ്‌സ്‌ ഹോം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.


http://www.kalikaonline.com/ (september lakkam)

Tuesday, August 18, 2009

3.രാജലക്ഷ്‌മി-ഏകാന്തസഞ്ചാരിണിയുടെ കനല്‍പ്പാതകള്‍


``എഴുതാതിരിക്കാന്‍ വയ്യ, ജീവിച്ചിരിയ്‌ക്കുകയാണെങ്കില്‍ ഇനിയും എഴുതിപ്പോകും. എഴുതുമ്പോള്‍ മറ്റു ചിലര്‍ക്ക്‌ കൂടി സുപരിചിതമായ സംഭവങ്ങളുമായും കണ്ടും കേട്ടുമുള്ള ജീവിതങ്ങളുമായും സാമ്യം വന്നേക്കും.''


ഏകാന്തതയെ മാറോടടക്കി പിടിച്ച രാജലക്ഷ്‌മി എന്ന കഥാകാരിയുടെ ജീവിതത്തിന്റെ അവസാന അധ്യായത്തിലെ വാചകങ്ങളാണിവ. സാഹിത്യജീവിതമെന്നത്‌ ആത്മീയ ജീവിതമായത്‌ കൊണ്ട്‌ തന്നെ കണ്‍മുന്നിലെ ദുരിതമയമായ അനുഭവപാഠങ്ങള്‍ കഥാകാരിയെ വേദനിപ്പിച്ചുകൊണ്ടിരുന്നു. കാഴ്‌ചയെയും അനുഭവസാക്ഷ്യങ്ങളെയും തള്ളിപ്പറയാനാവാതെ ചെറുത്തുനില്‍പ്പുകള്‍ക്ക്‌ വിരാമമേകി അതിജീവനങ്ങള്‍ ആവശ്യമില്ലാത്തൊരു ലോകത്തേക്ക്‌ പതിയെ അവര്‍ നടന്നുകയറി. രാജലക്ഷ്‌മിക്ക്‌ പകപോക്കലായിരുന്നില്ല സാഹിത്യം, ജീവിതം തന്നെയായിരുന്നു. പക്ഷേ ലോലഹൃദയമുള്ള സാഹിത്യകാര്‍ക്ക്‌ മേല്‍ സങ്കടങ്ങളുടെ മുള്ളുകള്‍ പൊഴിഞ്ഞുതുടങ്ങിയാല്‍, നൈരാശ്യത്തിന്റെ വേദന പടര്‍ന്നാല്‍ മരണത്തിന്റെ മാസ്‌മരികത അവരെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. എല്ലാ പീഡകളില്‍ നിന്നും മോചിക്കപ്പെടാന്‍ അവര്‍ക്ക്‌ മുമ്പില്‍ മറ്റു പോംവഴികളുമില്ലാതാവും.
ബിരുദം, നല്ല ഉദ്യോഗം, സ്‌നേഹമുള്ള കുടുംബം, സാമ്പത്തികമായ അരക്ഷിതാവസ്ഥയില്ലായ്‌മ, സഹൃദയരുടെ ആരാധന, ജോലിയുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ത്ഥികളുടെ ആദരവ്‌, ചൈതന്യം നിറഞ്ഞ യൗവ്വനം. ഇതെല്ലാമുണ്ടായിട്ടും രാജലക്ഷ്‌മി ഏകാകിനിയായിരുന്നു. സാഹിത്യരചന തന്നെയായിരുന്നു അവരുടെ മാനസിക നിലനില്‍പ്പ്‌.
ഏകാന്തസഞ്ചാരികളായ എഴുത്തുകാരെല്ലാം നിശബ്‌ദതയെ നെഞ്ചിലേറ്റി ബാഹ്യലോകത്തിന്റെ സങ്കടങ്ങളെ സ്‌മൃതിപഥത്തില്‍ നിരത്തിവെക്കും. ആത്മദു:ഖങ്ങളേക്കാള്‍ അവരുടെ കണ്ണുകള്‍ ആര്‍ദ്രമാവുക സ്‌നേഹിക്കപ്പെടുന്നവരുടേയും അതിലുപരി സഹജീവികളുടെ ദൈന്യതയാവും. ലോലഹൃദയമുള്ള ഒരാള്‍ക്ക്‌ എത്രവട്ടം ഈ സങ്കടപ്പെരുമഴ നനയാനാവും ?

``ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്‌.
കൊള്ളരുതായ്‌മയുടേയും ഭീരുത്വത്തിന്റെയും-''
``ഭീരുത്വം എന്നു പറഞ്ഞാല്‍ ഞാന്‍ സമ്മതിക്കില്ല. ഓടുന്ന തീവണ്ടിയുടെ മുമ്പില്‍ തല വെയ്‌ക്കുന്നത്‌ ഭീരുത്വമാണത്രെ; ഭീരുത്വം''
``പിന്നെ അല്ല ധീരതയാണ്‌. അവരവരു വിചാരിച്ച പോലെയെല്ലാം നടക്കാതെ വരുമ്പോള്‍ ഉടനെ പോയങ്ങു മരിക്കുക. Revence face ചെയ്യാനുള്ള ധൈര്യമില്ലാതെ ഒളിച്ചോടിപ്പോകുക എന്നുവെച്ചാല്‍ ഭീരുത്വം എന്നു തന്നെ പറയും ഞാന്‍''

രാജലക്ഷ്‌മി അവസാനമെഴുതിയ `ആത്മഹത്യ' എന്ന കഥ ആരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌.
തൂവെള്ള നിറവും കുറെശ്ശെ ചെമ്പിച്ച മുടിയും കുറച്ചു പൂച്ചകണ്ണിന്റെ സംശയവുമുള്ള നീരജയെ കുറിച്ചുള്ള കഥയാണത്‌. ടാഗോറിന്റെ 'മാലഞ്ചേ'വിലെ ഭാഗ്യം കെട്ട നായികയുടെ പേരാണ്‌ നീരജ. അതേ ഭാഗ്യദോഷം കഥയിലുടനീളം നീരജയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
മധ്യവയസ്‌ക്കനും മദ്യപാനിയുമായ ഭര്‍ത്താവ്‌, യൗവ്വനം തുളുമ്പി നില്‍ക്കുന്ന, മോഹങ്ങള്‍ കുത്തിനിറക്കപ്പെട്ട മനസ്സുള്ള നീരജയില്‍ ബാക്കിയാക്കുന്നത്‌ പ്രതീക്ഷയുടെ നൂല്‍പ്പാലമാണ്‌. ഒടുവില്‍ അവ്യക്തമായ ഒരു രേഖാചിത്രം പോലെ തെളിയാനാവാതെ മങ്ങിപ്പോയ കിനാവുകളെ കഴുത്തുഞെരിച്ചുകൊന്ന്‌ അവര്‍ കഥാകാരിയുടെ സമീപത്ത്‌ നിന്നും യാത്രയാവുകയാണ്‌.
കഥയുടെ പ്രധാനഭാഗം ഇങ്ങനെയാണ്‌. കൂട്ടിവായിക്കുമ്പോള്‍ ദൃശ്യമാവുന്നത്‌ കഥാകാരിയുടെ മനസ്സും.

``അവള്‍ കരയുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു വിളര്‍ച്ച മാത്രമായിരുന്നു മുഖത്ത്‌. ``ചേച്ചീ 'Good bye' . എന്റെ മുഖത്ത്‌ നോക്കാതെ അവള്‍ പറഞ്ഞു.
``You mean Au Revoir'' ഞാന്‍ പറഞ്ഞു.
``അല്ല Good bye തന്നെയാണ്‌''
അര്‍ത്ഥം മനസ്സിലായാണോ അവള്‍ പറഞ്ഞതെന്നറിഞ്ഞു കൂടാ. എന്റെ മനസ്സിനകത്തിരുന്ന്‌ ആരോ പറഞ്ഞു. ശരിയാണ്‌ ഇനി കാണുകയുണ്ടാവില്ല. ഇത്‌ അവസാനത്തെ വിട വാങ്ങല്‍ തന്നെയാണ്‌.''

ജാലകമില്ലാത്ത മുറിയില്‍ അകപ്പെട്ടത്‌ പോലെ വീര്‍പ്പുമുട്ടി കഴിയുന്ന നിരവധി കഥാപാത്രങ്ങള്‍ രാജലക്ഷ്‌മിയുടെ കഥകളില്‍ കടന്നുവരുന്നുണ്ട്‌. അവരെല്ലാം ജീവിതപ്രാരാബ്‌ദങ്ങള്‍ക്കിടയില്‍ അനുഭവങ്ങളുടെ കാളമേഘങ്ങള്‍ കണ്ട്‌ പകച്ചുനില്‍ക്കുന്നവരാണ്‌. ഏകാകിയായ അച്ഛന്‍, ഏകാകിനിയായ മകള്‍, ക്ഷയരോഗിയുടെ ഭാര്യാപദത്തിലെത്തി ചേര്‍ന്ന മണിക്കുട്ടി, ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാനായി കൂട്ടുകൂടിയവരെല്ലാം നിശബ്‌ദതയുടെ തടവുകാരായിരുന്നുവെന്ന്‌ തിരിച്ചറിഞ്ഞ ഡോ. വിമല, സമ്പദ്‌സമൃതിയിലും ആര്‍ഭാടങ്ങള്‍ക്കിടയിലും ഏകാകിനിയായി കഴിയുന്ന അമ്മിണി ഓപ്പോള്‍, വീര്‍പ്പുമുട്ടലുകളുടെ താവളത്തില്‍ അകപ്പെട്ട രമ... ഇങ്ങനെ വായനക്കാരന്‌ അനുഭവഭേദ്യമായ കുറെ ജീവനുള്ള കഥാപാത്രങ്ങള്‍. പലതും കഥാകാരിയുടെ മനസ്സിന്റെ തന്നെ മിന്നലാട്ടങ്ങളായിരുന്നുവെന്ന്‌ തോന്നിപ്പിക്കും വിധം തീവ്രമാണ്‌.

``So the most disguesting pronoun is...''
അവള്‍ നിര്‍ത്തി.
``She`
പുറകിലെ ബെഞ്ചില്‍ നിന്നാണ്‌.
ക്ലാസ്സ്‌ നിശബ്‌ദമായി
ആ ചെറുപ്പക്കാരിയായ അധ്യാപിക വിയര്‍ത്തു.
ഭാഷയിലെ ഏറ്റവും വെറുക്കപ്പെട്ട സര്‍വ്വനാമമാണ്‌ ``അവള്‍!''

അധ്യാപിക കരഞ്ഞുകൊണ്ട്‌ ഇറങ്ങിപ്പോകുകയാണ്‌. ചെയ്‌തുപോയ തെറ്റിന്റെ ആഴമറിയാതെ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാര്‍ത്ഥി. `മാപ്പ്‌' എന്ന കഥ വായനക്കാരനെ കൊണ്ടുപോവുന്നത്‌ പ്രക്ഷുബ്‌ദതയിലേക്കാണ്‌. `ഞാന്‍' എന്നാല്‍ മനം മടുപ്പിക്കുന്ന സര്‍വ്വനാമമാണെന്ന്‌ ഇടയിലെവിടെയോ രാജലക്ഷ്‌മി ആണിയിടുന്നുണ്ട്‌. സംഘര്‍ഷാവസ്ഥകളെ തരണം ചെയ്‌തു തിരിച്ചെത്തുമ്പോഴെല്ലാം നിര്‍ഭാഗ്യസാരഥികളെ കാത്തിരിക്കുക മറ്റൊരു ദുരിതമുഖമായിരിക്കുമെന്ന്‌ `മാപ്പ്‌' ഓര്‍മ്മപ്പൈടുത്തുന്നു''. ഇങ്ങനെ പറഞ്ഞാലൊടുങ്ങാത്ത കഥാസന്ദര്‍ഭങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ രാജലക്ഷ്‌മിയുടെ എല്ലാ കഥകളും...
രാജലക്ഷ്‌മിയുടെ ജീവിതത്തെ ശൂന്യമാക്കി ചരിത്രദൗത്യമായാണ്‌ ആത്മഹത്യ കടന്നുവന്നത്‌. ഒരു പ്രതിഭയുടെ നാവുകളെ കത്തുന്ന അക്ഷരങ്ങള്‍ക്ക്‌ വിലങ്ങിടാന്‍ കാലം തീര്‍ത്ത ദൗത്യം. എഴുതിയതിലെല്ലാം ഏകാന്തതയും വിഹ്വലതകളും ഒളിപ്പിച്ചു കടന്നുപോയ രാജലക്ഷ്‌മി കുത്തിക്കുറിച്ചിട്ട കവിതാശകലങ്ങളില്‍ പോലും മരണം ഒളിച്ചുകളി നടത്താതെ നേരിട്ടിറങ്ങി വരുന്നുണ്ട്‌.

``ആമയായിരുന്നു ഞാന്‍
ബാഹ്യലോകത്തില്‍ നിന്ന്‌ അവയവങ്ങളെ
ഉള്ളിലേക്ക്‌ വലിക്കുന്ന ആമ
ഹൃദയം മരവിച്ച്‌ കട്ടപിടിച്ചുതുടങ്ങിയപ്പോള്‍...''
(നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു)

സംവദിക്കാന്‍, പറയാനുളളതെല്ലാം ഏറ്റുപറയാന്‍ ബാക്കിവെച്ചുപോയ അക്ഷരങ്ങള്‍ പുസ്‌തകത്താളുകളില്‍ നിന്നും ഹൃദയത്തിലേക്ക്‌ കയറിപ്പോകുകയാണ്‌. ഏകാന്തസഞ്ചാരിണിയുടെ ആത്മരേഖകള്‍ ഓര്‍മ്മയില്‍ മായാത്ത ചിത്രം വരച്ചുതുടങ്ങിയിരിക്കുന്നു.
''നീ നടന്നകന്നൊരീ വഴിയില്‍, ചതഞ്ഞൊറ്റ-
പ്പൂവു വീണടിഞ്ഞൊരീ മണ്ണിലീയേകാന്തത്തില്‍
പാവമാം കുഞ്ഞേ, നിന്നെയോര്‍ത്തു നില്‍ക്കുമീയെന്റെ
ജീവനില്‍ യുഗങ്ങള്‍ തന്‍ വാര്‍ദ്ധക്യം നിറയുന്നൂ...''
സുഗതകുമാരി നെഞ്ചകം വിങ്ങി പറയുന്നത്‌ മലയാളത്തിന്‌ നഷ്‌ടമായ എഴുത്തിന്റെ അത്ഭുതം കണ്ട്‌ തന്നെയാണെന്ന്‌ രാജലക്ഷ്‌മിയുടെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു...
രാജലക്ഷ്‌മി (1930-1965)
ജനനം: 1930 ജൂണ്‍ രണ്ടിന്‌ പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശ്ശേരിയില്‍ തേക്കത്ത്‌ അമയങ്കോട്ട്‌ തറവാട്ടില്‍. അച്ഛന്‍: മാരാത്ത്‌ അച്യുതമേനോന്‍. അമ്മ: കുട്ടിമാളു അമ്മ.
വിദ്യാഭ്യാസം: ബനാറസ്‌, ഹിന്ദു കോളേജില്‍ നിന്ന്‌ എം എസ്‌ സി ബിരുദം.
ജോലി: പന്തളത്തും, ഒറ്റപ്പാലം എന്‍ എസ്‌ എസ്‌ കോളേജുകളില്‍ ഫിസിക്‌സ്‌ ലക്‌ചററായി അധ്യാപനം.
മരണം: 1965 ജനുവരി 18ന്‌
1956-ല്‍ പ്രസിദ്ധീകരിച്ച മകള്‍ എന്ന നീണ്ട കഥ കൊണ്ട്‌ തന്നെ രാജലക്ഷ്‌മി ശ്രേദ്ധേയയായി തീര്‍ന്നു. തുടര്‍ന്ന്‌ ഏഴു ചെറുകഥകളും കുമിള എന്ന ഗദ്യകവിതയും പ്രസിദ്ധീകരിച്ചു. `` ഒരു വഴിയും കുറെ നിഴലുകളും'', ``ഞാനെന്ന ഭാവം'', ``ഉച്ചവെയിലും ഇളംനിലാവും (അപൂര്‍ണ്ണം), എന്നിവ പ്രസിദ്ധീകരിച്ച നോവലുകളാണ്‌. ``ഒരു വഴിയും കുറെ നിഴലുകളും'' എന്ന നോവലിന്‌ 1960-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു.