Saturday, September 12, 2009

4. സില്‍വിയ പ്ലാത്ത്‌-ദുരന്തനായികയുടെ മോഹിപ്പിക്കുന്ന പര്യവസാനം


``ഓരോ ദിവസവും വിലപ്പെട്ടതാണ്‌. സമയം ഉരുകിത്തീരുകയാണെന്ന്‌ ഞാനറിയുന്നു. ഞാന്‍ വളരുകയാണ്‌. കഴിഞ്ഞ 17 വര്‍ഷങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക്‌ ദുരന്തങ്ങളും ആനന്ദങ്ങളും കണ്ടെത്താന്‍ കഴിയുന്നുണ്ട്‌. എനിക്കിപ്പോഴും എന്നെ അറിയില്ല. ഒരുപക്ഷേ, ഒരിക്കലും അറിയാന്‍ കഴിയില്ലായിരിക്കാം. ഇപ്പോള്‍ ഞാന്‍ സന്തുഷ്‌ടയാണ്‌. ജീവിതം ഏന്നെ ആഴത്തില്‍ സ്വാധീനിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. പ്രായമാവുന്നതിനെ കുറിച്ച്‌ എനിക്ക്‌ വേവലാതിയുണ്ട്‌. വിവാഹിതയാവുന്നതിനെ കുറിച്ചും. മൂന്നുനേരവും ഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്ന്‌ എന്നെ വെറുതെ വിടുക. എനിക്ക്‌ സ്വതന്ത്ര്യയാവണം. ലോകം മുഴുവന്‍ ബന്ധനങ്ങളില്ലാതെ ചുറ്റിപ്പറക്കണം. `ദൈവമാകാന്‍ മോഹിച്ച പെണ്‍കുട്ടി' എന്ന്‌ വിളിക്കപ്പെടാന്‍ ഞാനാഗ്രഹിക്കുന്നു.''
1949 നവംബര്‍ 13ന്‌ `ഡയറി സപ്ലിമെന്റ്‌' എന്ന തലക്കെട്ടില്‍ ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി സില്‍വിയ പ്ലാത്ത്‌ എഴുതിവെച്ച കുറിപ്പാണിത്‌.

ചെറുപ്പം മുതല്‍ തന്നെ ജീവിതത്തെ കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്ന സില്‍വിയ മുപ്പത്തിയൊന്നാം വയസ്സില്‍ ലോകത്തോട്‌ വിട പറഞ്ഞു. മരണത്തിലേക്ക്‌ നടന്നുപോകാന്‍ മാത്രം എന്തായിരുന്നു സില്‍വിയയുടെ ജീവിതത്തില്‍ സംഭവിച്ചത്‌?
20ാം നൂറ്റാണ്ടില്‍ ഏറെ ചര്‍ച്ചപ്പെട്ട ഈ പ്രണയദുരന്തത്തിലെ വില്ലന്‍ ബ്രീട്ടീഷ്‌ കവിയായ ഭര്‍ത്താവ്‌ ടെഡ്‌ ഹ്യൂസായിരുന്നു. ടെഡിന്റെ ജീവിതത്തിലേക്ക്‌ യാദൃശ്ചികതയുടെ മൂടുപടമണിഞ്ഞെത്തിയ കാമുകി ആസിയ വെവിലാണ്‌ സില്‍വിയയുടെ ജീവിതത്തിലെ താളപ്പിഴകള്‍ക്ക്‌ കാരണമെന്ന്‌ ലോകം വിധിയെഴുതി.
തന്നെയും കുട്ടികളെയും (ഫ്രീഡ റബേക്ക, നിക്കോളാസ്‌ ഫറാന്‍) ദാരിദ്ര്യത്തിന്റേയും ഒറ്റപ്പെടലിന്റെയും ലോകത്തേക്ക്‌ തള്ളിയിട്ട്‌ സ്‌പെയിനില്‍ പുതിയ പ്രണയത്തിന്റെ വസന്തകാലം കൊണ്ടാടുന്ന ടെഡിനോട്‌ ജീവിതം കൊണ്ടൊരു പ്രതികാരം ചെയ്യാന്‍ സില്‍വിയ തീരുമാനിച്ചത്‌ 1963 ഫെബ്രുവരി 11നാണ്‌. അന്നു സില്‍വിയ നേരത്തെ എഴുന്നേറ്റു. അടുക്കളയില്‍ പോയി ബ്രെഡ്ഡും പാലും ട്രേയിലെടുത്തു കുട്ടികളുടെ കിടപ്പുമുറിയിലേക്ക്‌ ചെന്നു. ഉറങ്ങിക്കിടക്കുന്ന അവര്‍ക്കരുകില്‍ ഭക്ഷണസാധനങ്ങള്‍ വെച്ച ശേഷം മുറിയുടെ വാതിലടച്ചു. വാതിലിന്റെ വിടവുകളിലെല്ലാം തുണിക്കഷ്‌ണങ്ങള്‍ തിരുകി. ഗ്യാസ്‌ അതിനകത്തേക്ക്‌ പ്രവേശിച്ച്‌ കുട്ടികള്‍ ശ്വാസം മുട്ടി മരിക്കരുതെന്ന്‌ സില്‍വിയ ആഗ്രഹിച്ചിരുന്നു. പിന്നെ അടുക്കളയിലെത്തി ഗ്യാസ്‌ അടുപ്പ്‌ തുറന്നിട്ടു. അടുപ്പിന്റെ വാതിലില്‍ ഒരു ടവ്വല്‍ ചുറ്റിവെച്ചു. പിന്നെ സ്വന്തം ശിരസ്സ്‌ ടൗവ്വലില്‍ പൊതിഞ്ഞ്‌ അടുപ്പിനുള്ളിലേക്ക്‌ നീട്ടിവെച്ചു. ബോധശൂന്യയാകും മുമ്പ്‌ ജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ സില്‍വിയ കൊതിച്ചിരിക്കണം. `ഹെല്‍പ്പ്‌' എന്നെഴുതിവെച്ചുകൊണ്ടുള്ള മരണം. അറം പറ്റിപ്പോയ അവരുടെ തന്നെ കവിതയിലെ വരികള്‍. `എ ക്രൈ ഫോര്‍ ഹെല്‍പ്പ്‌''. (1969 മാര്‍ച്ച്‌ 25ന്‌ ഗ്യാസ്‌ തുറന്നിട്ടാണ്‌ ടെഡിന്റെ രണ്ടാംഭാര്യയായ ആസിയ വെവിലും മരിച്ചതെന്നത്‌ മറ്റൊരു യാദൃശ്ചികത)

സില്‍വിയയുടെ മരണം അനേകംപേര്‍ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചെങ്കിലും ഭൂരിഭാഗം ഉത്തരങ്ങളും ടെഡില്‍ തന്നെ കുരുങ്ങിനിന്നു. പക്ഷേ ടെഡുമായുള്ള വിവാഹത്തിന്‌ രണ്ടു വര്‍ഷം മുന്‍പ്‌ സില്‍വിയ എന്തിന്‌ ആത്മഹത്യക്ക്‌ ശ്രമിച്ചുവെന്നത്‌ ഇന്നും ബാക്കി കിടക്കുന്ന ഒരു സമസ്യയാണ്‌. പതിനാലാം വയസ്സില്‍ സില്‍വിയ എഴുതിയ ``ഐ തോട്ട്‌ ദാറ്റ്‌ ഐ കുഡ്‌ നോട്ട്‌ ബി ഹേര്‍ട്ട്‌''എന്ന കവിതയിലെ ശൂന്യതയും മറ്റൊരു ഉത്തരമില്ലാചോദ്യം.
``ഏപ്രില്‍ സൂര്യന്‍ എന്റെ ലോകത്തെ
ഊഷ്‌മളമാക്കിയിരിക്കുന്നു.
എന്റെ ആത്മാവ്‌ ആനന്ദം കൊണ്ട്‌
നിറഞ്ഞിരുന്നു; എന്നിട്ടും
ആനന്ദത്തിനു മാത്രം കൈക്കൊള്ളാനാവുന്ന
മൂര്‍ച്ചയേറിയ, മധുരമേറിയ
വേദന ഞാനനുഭവിച്ചു.

പെട്ടന്ന്‌ എന്റെ ലോകം ചാരനിറമായി.
ഇരുട്ട്‌ എന്റെ ആനന്ദത്തെ തുടച്ചുമാറ്റി.
വേദനിപ്പിക്കുന്ന, വിരസമായ
ശൂന്യത മാത്രം അവശേഷിപ്പിച്ചു.''

ബാല്യം മുതല്‍ പരിശോധിച്ചാല്‍ സില്‍വിയയുടെ ജീവിതത്തില്‍ നിരവധി കൗതുകങ്ങള്‍ കാണാം. ഊര്‍ജ്ജ്വസ്വലയായ അവളില്‍ കാലം എഴുതിച്ചേര്‍ത്ത വിഷാദാവസ്ഥകളും അതിജീവിക്കാനാവാത്ത നൊമ്പരങ്ങളും കടന്നുവന്നത്‌ ജീവിതത്തിന്റെ പ്രധാനപടവിലെത്തിയതിന്‌ ശേഷമാണ്‌. തന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുകയാണെന്ന്‌ സ്വയം തോന്നിത്തുടങ്ങിയ നാളുകളില്‍ അവള്‍ ജ്വലിച്ചുതുടങ്ങി. അവളുടെ എഴുത്തുമുറിയില്‍ കത്തിയാളുന്ന കവിതകള്‍ പിറവികൊണ്ടു. അവളപ്പോള്‍ ശാഠ്യക്കാരിയായ പഴയ കുഞ്ഞുസില്‍വിയയായി.

``കുഞ്ഞുനാളില്‍ തന്നെ ഭാവനയുടെ ചെറിയ ലോകങ്ങളിലായിരുന്നു അവള്‍. മൊസൈക്‌ ടൈല്‍സിന്റെ ചെറിയ ചതുരങ്ങളുള്ള ഒരു നല്ല ശേഖരം അവള്‍ക്കുണ്ടായിരുന്നു. അവ വിവിധ ഡിസൈനുകളില്‍ ക്രമീകരിക്കുകയായിരുന്നു കുട്ടിക്കാലത്തെ അവളുടെ പ്രധാന വിനോദം. ഒരിക്കല്‍, വീട്ടിലെ പായയില്‍ നെയ്‌തുചേര്‍ത്ത താജ്‌മഹലിന്റെ ചിത്രം മാതൃകയാക്കി, മൊസൈക്ക്‌ ടൈല്‍സിന്റെ ചതുരങ്ങള്‍ ക്രമീകരിച്ച്‌ അവള്‍ അതുപോലൊയൊന്ന്‌ രൂപപ്പെടുത്തി.'' അമ്മ ഒറീലിയ ഷോബര്‍ പ്ലാത്തിന്റെ ഓര്‍മ്മക്കുറിപ്പിലെ വാക്കുകള്‍.
ഡയബറ്റിസ്‌ മെലിറ്റസ്‌ മൂര്‍ച്ഛിച്ച്‌ 1940 നവംബര്‍ അഞ്ചിന്‌ പിതാവ്‌ ഓട്ടോ എമീല്‍ പ്ലാത്ത്‌ മരിച്ച വാര്‍ത്ത അറിയിക്കാനെത്തിയ അമ്മയോട്‌ സില്‍വിയ പറഞ്ഞവാക്കുകള്‍ അമ്പരപ്പിക്കുന്നതാണ്‌.
``ഇനിയൊരിക്കലും ഞാന്‍ ദൈവത്തോട്‌ സംസാരിക്കുകയില്ല.''
അന്ന്‌ സ്‌കൂളില്‍ പോകണമെന്ന്‌ വാശിപിടിച്ച സില്‍വിയ മടങ്ങിയെത്തുമ്പോള്‍ മുഖം വിവര്‍ണ്ണമായിരുന്നു. അമ്മ വീണ്ടും വിവാഹം കഴിക്കുമെന്ന്‌ പറഞ്ഞു സഹപാഠികള്‍ അവളെ ഭയപ്പെടുത്തിയതായിരുന്നു കാരണം. സില്‍വിയ ഒരു കടലാസ്‌ അമ്മക്ക്‌ നീട്ടി. ``ഇനിയൊരിക്കലും ഞാന്‍ വിവാഹം കഴിക്കില്ല'' എന്ന്‌ അതില്‍ എഴുതിയിരുന്നു. അതിനടിയില്‍ സന്തോഷത്തോടെ ഒറീലിയ ഒപ്പുവെച്ചു.
അസ്വസ്ഥതകളില്ലാത്ത ഒരു ജീവിതം കുഞ്ഞുനാള്‍ മുതല്‍ അവള്‍ കൊതിച്ചിരുന്നു. ജൂനിയര്‍ ഹൈസ്‌ക്കൂളിലെ പഠനകാലം മുതലാണ്‌ കലയിലും സാഹിത്യത്തിലുമെല്ലാം സില്‍വിയ സജീവമായി പങ്കെടുത്തു തുടങ്ങിയത്‌. ചെറുപ്പത്തില്‍ തന്നെ നിരവധി പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടുകയും ചെയ്‌തു. പറയുന്നതിനെക്കാള്‍ സില്‍വിയക്കിഷ്‌ടം എഴുതാനായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലം അവസാനിച്ച കാലത്തു ഓരോ ക്രിസ്‌തുമസ്സിനും തിയ്യതി കുറിക്കാത്ത ഡയറി സമ്മാനിക്കണമെന്ന്‌ അവള്‍ അമ്മയോട്‌ ആവശ്യപ്പെട്ടു. വലിയ സംഭവങ്ങള്‍ ജീവിതത്തില്‍ കടന്നുവരുമ്പോള്‍ പേജുകള്‍ തികയില്ലെന്നായിരുന്നു അതിന്‌ അവള്‍ നല്‍കിയ വിശദീകരണം.
സില്‍വിയ വളരെ ചെറുപ്പം മുതല്‍ തന്നെ ധാരാളം പുസ്‌തകങ്ങള്‍ വായിക്കുമായിരുന്നു. ലോങ്‌ഡോണ്‍ ഡേവിസിന്റെ `എ ബ്രീഫ്‌ ഹിസറ്ററി ഓഫ്‌ വുമന്‍', ആര്‍നോള്‍ഡിന്റെ `ദ ഫോര്‍സേക്കന്‍ മെര്‍മാന്‍' തുടങ്ങിയ പുസ്‌തകങ്ങള്‍ സില്‍വിയയെ ഏറെ സ്വാധീനിച്ചു. ഡേവിസിന്റെ പുസ്‌തകത്തിലെ ജീവപരിണാമത്തില്‍ പുരുഷനും സ്‌ത്രീയും വഹിച്ച നിര്‍ണ്ണായക പങ്കിനെ കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ അവള്‍ അടിവരയിട്ടു സൂക്ഷിച്ചു. ആര്‍നോള്‍ഡിന്റെ കവിത തന്റെ മിഴികളെ ആര്‍ദ്രമാക്കിയെന്ന്‌ അവള്‍ അമ്മയോട്‌ പറഞ്ഞു.
45-ലധികം രചനകള്‍ തിരസ്‌ക്കരിക്കപ്പെട്ട ശേഷം 1950 ആഗസ്റ്റില്‍ `സെവന്റീന്‍' എന്ന മാസികയിലാണ്‌ സില്‍വിയയുടെ ആദ്യകഥ അച്ചടിച്ചുവന്നത്‌. `ഗ്രീഷ്‌മം ഇനി വരില്ല' എന്നതായിരുന്നു കഥയുടെ ശീര്‍ഷകം. അതേ വര്‍ഷം നവംബറില്‍ സെവന്റീനില്‍ `ഓഡ്‌ ഓണ്‍ എ ബിറ്റണ്‍ പ്ലം' എന്ന കവിത പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്‌ നിരവധി രചനകള്‍ സില്‍വിയയുടേതായി അച്ചടിക്കപ്പെട്ടു.

മരണത്തിന്റെ നീലിമയിലേക്ക്‌ നടന്നുപോകാന്‍ പ്രേരിപ്പിക്കും വിധം മൃദുലമായിരുന്നു സില്‍വിയയുടെ മനസ്സെന്ന്‌ തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ ബാല്യ, കൗമാര കാലം മുതല്‍ തന്നെ കാണാന്‍ സാധിക്കും. എല്ലാത്തില്‍ നിന്നും അതിജീവിച്ചു മുന്നേറിയ അവള്‍ തന്റെ പ്രിയതമന്റെ കുത്തഴിഞ്ഞ ജീവിതം കണ്ട്‌ സഹിക്കാനാവാതെ തന്നെയാവണം മരണത്തെ തൊട്ടത്‌.
1962-ലാണ്‌ ടെഡും ആസിയയും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ സില്‍വിയ ആദ്യമായി കേള്‍ക്കുന്നത്‌. അന്നുമുതല്‍ സില്‍വിയ കടുത്ത വിഷാദത്തിലായിരുന്നു. കാരണം ഭാര്യയെന്ന നിലയില്‍ അത്ര വിശ്വസ്‌തയായിരുന്നു അവര്‍. ഒരിക്കല്‍ അവിചാരിതമായി വന്ന ആസിയയുടെ ഒരു ഫോണ്‍കോളില്‍ നിന്നാണ്‌ ടെഡിന്റെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളുടെ കാരണം അവള്‍ തിരിച്ചറിഞ്ഞത്‌. അതിനു ശേഷം നിരന്തരമായി അവരുടെ ജീവിതത്തില്‍ വഴക്കുകളും നീരസങ്ങളും കടന്നുവന്നു. സില്‍വിയയൊടൊത്തുള്ള ജീവിതം വെറുക്കുന്നുവെന്നു കൂടെ ടെഡ്‌ വെളിപ്പെടുത്തിയതോടെ ആ മനസ്‌ കൂടുതല്‍ പ്രക്ഷുബ്‌ധമായി.
ഒരിക്കല്‍ രോക്ഷാകുലയായ സില്‍വിയ വീടിന്റെ പിന്‍മുറ്റത്ത്‌ തീ കൂട്ടി എഴുതിവെച്ച നോവലിന്റെ കൈയ്യെഴുത്തുപ്രതി കത്തിച്ചു. ഏറെ പ്രശസ്‌തമായ സില്‍വിയയുടെ `ദ ബെല്‍ജാര്‍' (വിക്‌ടോറിയ ലൂക്കാസ്‌ എന്ന അപരനാമത്തിലാണ്‌ ഈ കൃതി പ്രസിദ്ധീകരിച്ചത്‌) എന്ന നോവലിന്റെ രണ്ടാം പതിപ്പായ `ഡബ്‌ള്‍ എക്‌സ്‌പോഷറും', വര്‍ഷങ്ങളോളം സൂക്ഷിച്ചുവെച്ച അമ്മയുടെ ആയിരകണക്കിനു കത്തുകളും, ടെഡിന്റെ കത്തുകളും കവിതകളുമെല്ലാം അന്ന്‌ അഗ്നിക്കിരയായി.
വായനക്കാരെ ഏറെ അത്ഭുതപ്പെടുത്തിയ `ദ ബെല്‍ജാര്‍' ശരിക്കും ആത്മകഥാംശമുള്ള ഒരു നോവലായിരുന്നു. ഇംഗ്ലണ്ടിലെത്തിയ അമേരിക്കന്‍ പെണ്‍കുട്ടി പ്രണയവിവാഹത്തില്‍ പരാജയപ്പെടുന്നതായിരുന്നു അതിന്റെ വിഷയം. അതിന്റെ രണ്ടാംഭാഗമായി എഴുതിത്തുടങ്ങിയതും സില്‍വിയയുടെ ജീവിതാനുഭവങ്ങള്‍ തന്നെയാണെന്നതും കൗതുകമുണര്‍ത്തുന്നു. എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണനായ തന്റെ പുരുഷന്‍ വ്യഭിചരിക്കുന്നതില്‍ മനംനൊന്തു കഴിയുന്ന പെണ്‍കുട്ടിയുടെ കഥയാണ്‌ `ഡബ്‌ള്‍ എക്‌സ്‌പോഷറി'ന്റെ ഇതിവൃത്തം.
വളരെ തീഷ്‌ണമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഈ കാലഘട്ടത്തിലാണ്‌ സില്‍വിയ പ്ലാത്ത്‌ ഏറ്റവും പ്രശസ്‌തമായ കവിതകള്‍ എഴുതുന്നത്‌. ടെഡുമായുള്ള കലഹം മൂര്‍ച്ഛിക്കുന്ന സമയത്ത്‌ എഴുതിയ കവിതകള്‍ `ഏരിയല്‍'എന്ന പേരില്‍ അവരുടെ മരണത്തിന്‌ ശേഷം പുറത്തിറങ്ങി. `ബേണിംഗ്‌ ദ ലറ്റേഴ്‌സ'്‌, `വേഡ്‌സ്‌ ഹേഡ്‌ ബൈ ആക്‌സിഡന്റ്‌ ഓവര്‍ ദ ഫോണ്‍' എന്നിവയെല്ലാം ആ സമാഹാരത്തിലെ ശ്രദ്ധേയമായ രചനകളായിരുന്നു. ഡാഡി, മെഡൂസ, ദ ജയിലര്‍ തുടങ്ങിയ സില്‍വിയയുടെ പ്രശസ്‌തമായ കവിതകള്‍ രചിക്കപ്പെട്ടതും ഈ പ്രക്ഷുബ്‌ധകാലത്തായിരുന്നു.
കാലമൊഴുകിക്കൊണ്ടിരിക്കുമ്പോഴും സില്‍വിയ ബാക്കിവെച്ചിട്ടു പോയ വാക്കുകള്‍ ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു..
''Dying
Is an art, Like everything else.
I do not exceptionaly well.
I do it so it feels like hell.
I do it so it feels real.
I guess you could say I've a call.''


സില്‍വിയ പ്ലാത്ത്‌ (1932-1963)
ഇംഗ്ലീഷ്‌ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ എഴുത്തുകാരി. 1932 ഒക്‌ടോബര്‍ 27ന്‌ ബോസ്റ്റണില്‍ ജനിച്ചു. പിതാവ്‌ ജര്‍മ്മന്‍കാരനായ ഓട്ടോ എമീല്‍ പ്ലാത്ത്‌. മാതാവ്‌ ഓസ്‌ട്രിയന്‍ വംശജയായ ഒറീലിയ ഷോബര്‍ പ്ലാത്ത്‌. സഹോദരന്‍-വാറന്‍. 1954ല്‍ സ്‌മിത്ത്‌ കോളേജില്‍ നിന്നും ബിരുദം നേടി. 1954ല്‍ കേംബ്രിഡ്‌ജ്‌ സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ ഫുള്‍ബ്രൈറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചു. 1955ല്‍ ബ്രിട്ടീഷ്‌ കവി ടെഡ്‌ ഹ്യൂസിനെ വിവാഹം കഴിച്ചു. രണ്ടു കുട്ടികള്‍-ഫ്രീഡ റെബേക്ക, നിക്കോളാസ്‌ ഫറാര്‍. ആദ്യകവിതാസമാഹാരം `ദ കോളോസസ'്‌ 1960ല്‍ പ്രസിദ്ധീകരിച്ചു. വിക്‌ടോറിയ ലൂക്കാസ്‌ എന്ന അപരനാമത്തില്‍ `ദ ബെല്‍ ജാര്‍' എന്ന നോവലെഴുതി. 1963 ഫെബ്രുവരി 11ന്‌ ഗ്യാസ്‌ ഓവനില്‍ ശിരസ്സുവെച്ച്‌ സ്വയം ജീവനൊടുക്കി.
`ഏരിയല്‍' എന്ന കവിതാസമാഹാരം 1965ല്‍ പുറത്തിറങ്ങി. `തെരഞ്ഞെടുത്ത കവിതകള്‍' എന്ന കവിതാസമാഹാരം 1981ല്‍ പുലിസ്റ്റര്‍ പ്രൈസ്‌ നേടി. അമ്മയ്‌ക്കും സഹോദരന്‍ വാറനും അയച്ച 696 കത്തുകള്‍ `ലറ്റേഴ്‌സ്‌ ഹോം എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.


http://www.kalikaonline.com/ (september lakkam)