Sunday, September 30, 2007
2. ഷെല്‍വി-കവിതയുടെ കെടാത്ത കനല്‍
ഷെല്‍വിയുടെ കവിതകള്‍ സംവദിക്കുകയല്ല. മറിച്ച് ആത്മാവില്‍ ഒരിടം തേടുകയാണ്..ബൈബിളിലെ വിശുദ്ധത വരികള്‍ക്ക് മേമ്പൊടിയാകുന്നതോടെ കാവ്യഭംഗിയില്‍ തന്റേതായ വ്യത്യസ്തത നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നു. മനുഷ്യന്റെ ആസക്തികളോടൊപ്പം തന്നെ പിയാനോയുടെ മധുരശബ്ദവും കവിത നമുക്ക് സമ്മാനിക്കുന്നു. വാക്കുകളുടെ ഭംഗി ആസ്വാദകന്റെ മനസിലേക്കൊരു മഴ പെയ്യിക്കുകയാണ്. കവിതകള്‍ ആഹ്ലാളമുണ്ട്, ദുഖമുണ്ട് ഇതിനിടയിലെല്ലാം മരണവും തന്റേതായൊരു ഒളിച്ചുകളി നടത്തുന്നുണ്ട്.
മഴവെള്ളം കുതിച്ചൊഴുകുന്ന നിന്റെ കണ്ണുകളിലേക്ക്
ഞാനെന്റെ ഏകാന്തമായ വാക്കുകളൊഴുക്കുന്നു..
ചിലപ്പോള്‍ നിന്റെ ശരീരം
ഓര്‍ക്കിഡുകളുടെ തോട്ടം
വയലറ്റ് ഓര്‍ക്കിഡുകളുടെ രഹസ്യവീഥിയിലൂടെ
സായാഹ്നത്തിലെ സഞ്ചാരിയായി ഞാന്‍ വരുന്നു..
ഓര്‍ക്കിഡ് ഓരോര്‍മ്മയാകുന്നു...
മരണത്തിന്റെ സഖിക്ക് എന്ന കവിതയിലെ വര്‍ണനകള്‍ ശക്തമായ കാവ്യാത്മകതയുടെ പ്രതീകങ്ങളായാണ് മനസിലേക്ക് സന്നിവേശിക്കുന്നത്. മരണത്തിന്റെ മേച്ചില്‍പുറങ്ങളിലേക്കുള്ള സുഖദമായൊരു .യാത്ര പോലെ തോന്നിപ്പിക്കുന്നുണ്ട് അതിലെ വരികളുടെ തീഷ്ണത...ശരീരങ്ങളുടെ പ്രാര്‍ത്ഥനാവേളയില്‍ സുതാര്യമായ നിന്റെ മുലകളിലൂടെ സിസ്റ്റണ്‍ചാപ്പലില്‍ മൈക്കല്‍ ആഞ്ചലോ ചെയ്തത് ഞാന്‍ കാണുന്നു...മുല ഓരോര്‍മ്മയാകുന്നു.. എന്നിങ്ങനെയുള്ള തുടര്‍വരികള്‍ ബിംബങ്ങളുടെ പ്രയോഗത്തോടൊപ്പം തന്നെ കവിതയുടെ സൗന്ദര്യം മനസിലേക്ക് ഇരച്ചുകയറ്റുന്നു.
കവിതകളില്‍ ചിലതെല്ലാം സംവാദങ്ങളായി പരിണമിക്കുന്നത് കാണാം..അതിനുമപ്പുറം ആസ്വദിച്ച യുവത്വത്തിന്റെ സൗന്ദര്യവും സമാസമം നിഴലിക്കുന്നുണ്ട്.
ഞാന്‍ പറയട്ടെ-
ഏകാന്തനേത്രങ്ങളെ പൊതിയുന്ന മഞ്ഞപ്പുകള്‍
ഗോതമ്പുവയലുകളെ സ്നേഹാര്‍ദ്രമാക്കുന്ന
അപരിചിതസംഗീതം
നമ്മെ മരണത്തിനുമപ്പുറത്തെത്തിക്കുന്ന
ദൈവത്തിന്റെ തോണി,
ഞാന്‍ പറയുന്നത് നിനക്ക് മനസിലാവില്ല...
നട്ടുച്ചയിലെ ഗസര്‍മരങ്ങള്‍ എന്ന കവിതയിലെ വരികളാണിത്..ഓര്‍മ്മകള്‍ക്ക് കാലും ചിറകും ലഭിക്കുമ്പോള്‍ ഞാനതിനെ ഗസലുകളുടെ സമയം എന്നു വിളിക്കുന്നുവെന്ന് ഷെല്‍വി പറയുന്നു. ഘടികാരരഹിതമൊരു മുറിയില്‍ വെയിലും നിലാവും ഇണകലരുന്നു, പാമ്പും കോണിയും മഴവില്ലുകള്‍പ്പുറത്തെ രഹസ്യസങ്കേതങ്ങളിലേക്ക് നയിക്കുന്നു, ഒട്ടകങ്ങളുടെ ക്ഷീണിതനിദ്രയില്‍ ഓറഞ്ചു പെയ്യുന്ന ഈ സമയത്തെ ഗസല്‍നിശ എന്നും കവി വിളിക്കുന്നു...ഗസല്‍ഗായികയായ ചിത്രാസിംഗ് ഈ കവിതയുടെ അന്ത്യഭാഗത്തില്‍ കടന്നുവരുന്നുണ്ട്...അവരുടെ മനോഹരമായ ഗസലിനെ പുകഴ്ത്തുന്നതോടൊപ്പം തന്നെ കവിത അതിവേഗം ചുവടുമാറ്റുന്നു...ഗസലുകള്‍ക്കുള്ളിലായിരിക്കുമ്പോഴു നാമേതോ തീയറക്കുള്ളില്‍ വേവുന്നുവെന്ന് പറയുന്ന കവി തുടര്‍ന്ന് ചോദ്യശരങ്ങളെയ്യുന്നു..
നീ തന്ന ഗസലെവിടെ...ഞാന്‍ നട്ട ചെടിയെവിടെ...നാലുമണി കഴിയുമ്പോള്‍ റോഡു നിറയുന്ന ഈ കുട്ടികള്‍ ഇനി എന്തു കേള്‍ക്കും..? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടാണ് ഈ കവിത അവസാനിക്കുന്നത്...വിഹ്വലതകളുടെ പെരുംതുടി ശബ്ദം ഈ കവിതയിലൂടെ കണ്ണോടിക്കുമ്പോള്‍ വായനക്കാരന്റെ മനസിനെ ഭീതിപ്പെടുത്തുന്നത് കാണാം...
കാറ്റുകളജ്ഞാത മന്ത്രം ചിലക്കുന്നിലകളില്‍
തൂങ്ങുന്ന മഞ്ഞിന്റെ കണ്ണുകള്‍ എത്രമേല്‍ ഭീതിദം.
ദൂരബോധങ്ങളറ്റലറുന്നു
ആരോ വരുന്നുണ്ട് പുറകില്‍
വേഗത വറ്റുന്നു ഉമിനീരു വറ്റുന്നു
ആരോ വരുന്നുണ്ട് പുറകില്‍...
പിന്നാമ്പുറവാതിലൂടെ കടന്നുവരുന്ന ആ അപരിചിതന്‍ മരണമാണോ..? അറിയില്ല, ആരോ എന്ന ഈ കവിതയില്‍ നിഗൂഡതകള്‍ പരസ്പരം മുഖം നോക്കി ചിരിക്കുന്നു. പകല്‍വെളിച്ചമറ്റുവീഴുന്ന പ്രകൃതിയുടെ മീതെ ഇരുട്ട് ഏകാന്തതയുടെ ബീഭത്സഭാവം പൂണ്ട് നില്‍ക്കുന്നു. മുന്നില്‍ ഒരുപാട് ദൂരമുണ്ട്..പക്ഷേ ആരോ വരുന്നുണ്ട് പുറകില്‍ എന്ന ഭയമാണ് കവിതയിലാകമാനം നിഴലിച്ചുനില്‍ക്കുന്നത്...1985/86 വര്‍ഷങ്ങളിലെഴുതിയ ഈ കവിത അജ്ഞാതമായ ഒരനുഭൂതി മനസില്‍ ഉരുതിരിയിക്കുന്നുണ്ട്...
മഴ കൈവശപ്പെടുത്തിയ ഒരു രാത്രിയില്‍ ചോദിക്കാതെ കടന്നുവരുന്ന ഒരാളുടെ വര്‍ണനയാണ് ഷെല്‍വിയുടെ സഖാവിനോടുള്ള കുമ്പസാരങ്ങള്‍ എന്ന കവിത.
വാതിലടച്ചിരുന്നു. അര്‍ദ്ധരാത്രിയും
കഴിഞ്ഞിരിക്കുന്നു. യുദാസും ഭ്രാന്തും
മഴയും മരങ്ങളും ക്രിസ്തുവും കരിശും
തിമര്‍ത്തുപെയ്യുന്നു
ആ പെരുമഴ മുറിച്ച് ആരോ ഓടിവരുന്നു..
-ഒരു രാവ് അഭയം തരിക
സഖാവേ നീ മറന്നുവോ?
സത്യം
ചുമരുകളിലപ്പോള്‍ തീവെളിച്ചം പരന്നു
കറുത്ത വ്യാളികള്‍, പരിഭ്രാന്തരായ പല്ലികള്‍
ചുവന്ന മേല്‍ക്കൂര
ആളുന്ന പാതിര
എല്ലാം ഞാനോര്‍ക്കുന്നു
ചില്ലുപോലെ കനത്തു തണുത്തൊരു മഴത്തുള്ളി
എന്റെ നെറുകയില്‍ വീണു പൊട്ടി...
ആരാണ് ആ സഖാവ്..ഉള്ളിലെ വിഷാദങ്ങളെ എന്നേക്കുമായി മോചിപ്പിക്കാനാണോ അയാള്‍ വന്നത്..? അപൂര്‍ണമാണ് ഈ കവിത...ഒരുപക്ഷേ ഇനിയും എഴുതിച്ചേര്‍ക്കാനുണ്ടാകും അതില്‍...
പ്രണയം
സര്‍പ്പശയ്യയ്ക്കു മീതെ
വിഷദംശമേല്‍ക്കാതെ സ്വപ്നം കാണലാണ്...
ഈ വലിയ കവിതയിലെ പ്രണയത്തിന്റെ വന്യത വിളിച്ചുപറയുന്ന വരികളാണിത്...കവിയുടെ മനസ് ഒരു പക്ഷേ പുറത്തെടുത്ത് വച്ചതാവില്ലേ ഈ കവിത..വിഹ്വലതകളുടെ തീരാത്ത പ്രവാഹമായി മനസ് വഴിമാറിത്തുടങ്ങുമ്പോള്‍ ഹൃദയത്തിലൊളിപ്പിച്ച കനല്‍ അതിന്റെ വാസസ്ഥലത്ത് നിന്നും വായുവിലേക്ക് നീക്കിയിട്ട പോലെ...കവിത ഭാന്തമായ ആവേശത്തിലേക്ക് വഴുതിയിറങ്ങി അവസാനിക്കുമ്പോള്‍ കോമാളിയായൊരു കവിതയിതാ അവന്റെ ഹൃദയമെടുത്തീ കടലാസില്‍ വെക്കുന്നു; നിറയെ വ്യാകരണതെറ്റോടെ എന്ന് ഒരു ആത്മാവ് പുലമ്പുന്നത് കാണാം...
ഷെല്‍വിയുടെ കവിതകളില്‍ ഇടക്കെപ്പോഴൊക്കെയോ ആഹ്ലാദവും ആരവും കടന്നുവരുന്നുണ്ട്..ആഗ്രഹസാഫല്യത്തിന്റെ പൂര്‍ത്തീകരണങ്ങളായി വരികള്‍ വഴിമാറുന്നതും കാണാം. ആത്മക്കുറിപ്പുകള്‍ അത്തരത്തിലൊരു കവിതയാണ്.
ഗാനാന്തരം ഓടക്കുഴല്‍
ഗായകനോട് പറഞ്ഞു
ഈറക്കാടുകളുടെ കരച്ചിലാണ്
ഞാന്‍ പകര്‍ന്നത്. എങ്കിലെന്ത്
എന്റെ ജന്മം നിന്റെ ചുണ്ടില്‍ സഫലമായല്ലോ...
വരികളിലൂടെ വേണമെങ്കില്‍ ബിംബമളക്കാം. പ്രതീകാത്മകതയെ തിരയാം. ഇനി ഉള്ളറകളിലേക്കിറങ്ങിച്ചെല്ലാതെ നേരെ വായനാസുഖത്തിലേക്ക് കടന്നുചെല്ലുകയും ചെയ്യാം..ഇതെല്ലാം ഷെല്‍വി എന്ന കവിയെ ഏറെ വ്യത്യസ്തനാക്കുന്നു..ഓരോ കവിതകളിലും പ്രപഞ്ചസത്യങ്ങളുടെ ഉള്‍വിളിക്കള്‍ ആവാഹിച്ചെടുക്കാനും വായനക്കാരന് കഴിയുന്നു എന്നത് കൗതുകകരം തന്നെയാണ്.
വീട് എന്ന കവിത ഷെല്‍വിയുടെ എഴുത്തിന്റെ വ്യാപ്തി തെളിയിക്കുന്നതാണ്. ഈ വലിയ കവിതയിലെ ചില വരികള്‍ ആസ്വാദകന്റെ ഉറക്കം കെടുത്തുംവിധം തീഷ്ണമാണ്. വീട്ടില്‍ ഇന്നെന്റെ മുറിയിലിപ്പോള്‍ കൂറയും ചിലന്തികളുമിപ്പോള്‍ മറവിയുടെ തിരനാളാഘോഷിക്കുന്നു-എന്ന് തുടങ്ങിയാണ് വീട് ആരംഭിക്കുന്നത്..അത് അതിന്റെ മേച്ചില്‍ പുറങ്ങള്‍ പൂര്‍ത്തിയാക്കി അവസാനിപ്പിക്കുന്നു ഭീതിദമായ മറ്റൊരു സാഹചര്യത്തിലാണ്...
എല്ലാം പഴയ കഥകളാണ്
ജന്മങ്ങളുടെ ഒരാവര്‍ത്തനപുസ്തകം
നീ നോക്കി നില്‍ക്കുന്ന ആ ആല്‍മരച്ചുവട്
എന്റെ വീടായിരുന്നു...
വിരഹങ്ങള്‍ക്കും അനാസക്തമായ കാത്തിരിപ്പുകള്‍ക്കുമിടയില്‍
തണുത്ത് കിടന്ന ആ പ്ലാറ്റ്ഫോം ബെഞ്ച്
എന്റെ വീടായിരുന്നു.
ഇതാ ചൂളമടി കേട്ടില്ലേ-ഒരു തീവണ്ടി നമ്മെ വിടുന്നു
അതിന്റെ പ്രകാശജാലകങ്ങള്‍ എന്റെ വീട്ടിലേതായിരുന്നു
സമയാതീതമണലുകളുടെ അനന്തശയ്യയില്‍
നിന്നോടൊപ്പം നിത്യനിദ്ര...
ഒരു നിയോഗം പോലെ കവിതയില്‍ എന്നുവേഗമാണ് അനന്തനിദ്ര കടന്നുവരുന്നത്. നഷ്ടപ്പെട്ടതിന്റെ കുറിച്ചുള്ള മൂര്‍ത്തവിചാരങ്ങളില്ല, ചിന്തകളില്‍ ചോരപ്പാടില്ല, കാത്തിരിപ്പിന്റെ ആഗാധതയില്ല..ഇത്തരത്തില്‍ നിരാശയുടെ മേമ്പോടിയില്ലാതെ മരണം ഒളിവില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ ആയിരം ചോദ്യങ്ങളെറിഞ്ഞ് കവിത നിശ്ചലമാവുന്നു.
1981ല്‍ കേരളസംസ്ക്കാരം മാസികയില്‍ അച്ചടിച്ചുവന്ന ഇലകൊഴിയും കാലം എന്ന കവിത ഷെല്‍വിയുടെ കവിതകളിലെ ശ്രദ്ധേയമായ ഒന്നാണ്. നേരിടേണ്ടി വരുന്ന അവജ്ഞകളെ കുറിച്ചുള്ള വര്‍ണന കവിതയുടെ മധ്യഭാഗത്തെ ദീപ്തമാക്കുന്നു.
രാത്രി രാത്രി രാത്രി
പാപത്തിന്‍ വടുക്കള്‍ വീണു വികൃതമായൊരെന്‍
മുഖം കണ്ടുമടുത്തീ
മഖകണ്ണാടി പോലും മുഖം തിരിയ്ക്കുന്നു
വെറുക്കുന്നു സര്‍വരും..
വരികളുടെ അപാരതത നമ്മെ കൈപിടിച്ചു നടത്തുന്നതെങ്ങോട്ടാണ്..? ഇലകൊഴിയുന്ന കാലത്തെ സ്നേഹബന്ധങ്ങളെല്ലാം മറുപടിയില്ലാത്ത മൗനത്തിലാണ്ടു പോകുന്നുവെന്ന ആശങ്കയില്‍ കവിത വിരാമത്തിലെത്തുമ്പോള്‍ ആയിരം ചോദ്യങ്ങള്‍ ആസ്വാദകന്റെ മനസിനെ വരിഞ്ഞുമുറുക്കുന്നുണ്ട്. മനസില്‍ നാമും ചോദിച്ചുപോകുന്നു, എന്തു പറ്റി ഈ സമൂഹത്തിന്...?
ഒരുപിടി ഉരുളയില്‍
നിനക്കെത്ര പേരുടെ ചോര രുചിക്കാം?
ഒരു വറ്റില്‍
നിനക്കെത്ര ആര്‍ത്തിപുരണ്ട കുഞ്ഞികണ്ണുകള്‍ കാണാം..?
ആത്മഹത്യ ചെയ്ത സുഹൃത്തിന്റെ ഓര്‍മ്മക്ക് സമര്‍പ്പിച്ച ഈ കവിതയുടെ പേര് നാം ഇത്രയേയുള്ളു-എന്നാണ്..ഷെല്‍വിയുടെ മറ്റു ചില കുറിപ്പുകളില്‍ പറയുന്ന സനില്‍ദാസിനാവാം ഈ കവിത സമര്‍പ്പിച്ചിരിക്കുന്നത്. എന്റെ ചില ദാരുണമായ ഏകാന്തതകളെ അവനിന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട് എന്ന ഓര്‍മ്മ എന്ന പുസ്തകത്തിലെ കുറിപ്പു കാണുമ്പോള്‍...
1995ല്‍ മറുനാട് മാസികയില്‍ പ്രസിദ്ധീകരിച്ച മഴ എന്നെ മറക്കുമ്പോള്‍ എന്ന കവിതയും വായനാസുഖത്തോടൊപ്പം തന്നെ ചിന്തിക്കപ്പെടുന്നതാണ്.
മഴ ഉണങ്ങിപ്പോയിരിക്കുന്നു;
എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു
മഴവഴിയില്‍ നിന്ന്-
ഞാനും നീയും മാറിപ്പോയിരിക്കുന്നു..
മറക്കുകയാണ്
എല്ലാം...
ഷെല്‍വിയെ വ്യത്യസ്തനാക്കുന്നുത് വരികളുടെ ആര്‍ദ്രഭംഗിയാണെന്ന് തോന്നിയിട്ടുണ്ട്... ജീവിതത്തിന്റെ മനോഹാരിതകള്‍ക്ക് ഇടക്കെപ്പോഴോ കോട്ടം വന്നിരുന്നോ എന്ന് തോന്നിപ്പിക്കും വിധം അദൃശ്യദര്‍ശനം നടത്തുന്നുണ്ട് കവിതകളില്‍ മരണം..ഒരു വിലാപത്തിന്റെ സുഖലോലുപതയിലേക്ക് ഓര്‍മ്മകളും സ്വപ്നങ്ങളും പതിയ ഇളഞ്ഞുനീങ്ങുന്നത് കാണാം..
വരൂ, ദയവധത്തിനായി
പ്രാണനുമീതെ പ്രാക്തനായ
ഏതോ മഞ്ഞവെയിലിഴഞ്ഞു പോകുന്ന
ആ നടപ്പാതയിലൂടെ...
സയനോര എന്ന കവിതയിലെ ആദ്യവരികള്‍ ഇങ്ങനെയാണ്.. മരണത്തിന്റെ അപൂര്‍വതകളിലേക്ക് നടന്നുപോയ ഷെല്‍വിയുടെ അപ്രകാശിത കവിതകളും ശ്രദ്ധേയമാണ്..തന്റെ പ്രേയസിക്കായി ഷെല്‍വി കുറിച്ച ഏപ്രില്‍ ഡയറി, ജന്മദിനത്തിന്റെ ഓര്‍മ്മക്ക്, ഓംലറ്റ് എന്നിവയെല്ലാം സ്വകാര്യതയുടെ സുന്ദരതകള്‍ വിളിച്ചോതുന്നതിനാല്‍ തന്നെ അപഗ്രഥിക്കാന്‍ ഏറെ പ്രയാസമാണ്..
മരണത്തിന്റേ തേരിലേറി നടന്നുപോയ ഷെല്‍വിയുടെ കവിതകള്‍ കെടാത്ത കനലായി മനസില്‍ പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നു.
കവിയെ കുറിച്ച്
ജനനം: 1960 ഗുരുവായൂരിനടുത്തെ ഒരുമനയൂരില്‍
വിദ്യാഭ്യാസം: ഒരുമനയൂര്‍, പാവറട്ടി, പാലക്കാട് എന്നിവിടങ്ങില്‍
ആദ്യ കവിത പ്രേരണയില്‍ പ്രസിദ്ധീകരിച്ചു
കേരള സംസ്ക്കാരം കാമ്പസ്മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്
1985ല്‍ ശിഖ എന്ന പേരില്‍ ഗുരുവായൂര്‍ കേന്ദ്രമായി പുസ്തകപ്രകാശനാലയം തുടങ്ങി
1985ല്‍ കോഴിക്കോട് ആര്യഭവനിലെ 25ാം നമ്പര്‍മുറിയില്‍ മള്‍ബറി ആരംഭിച്ചു.
ഭൂമിയുടെ മനസില്‍, ഓര്‍മ്മ എന്നീ കൃതികള്‍ എഡിറ്റ് ചെയ്തു.
നൊസ്റ്റാള്‍ജിയ (1994), അലൗകികം (1998) എന്നിവയാണ് കവിതാസമാഹാരങ്ങള്‍
2003 ആഗസ്റ്റ് 21ന് ജിവിതം സ്വയം അവസാനിപ്പിച്ചു.
Wednesday, September 19, 2007
1.ഇടപ്പള്ളി രാഘവന്‍ പിള്ള-വേര്‍പിരിയാത്ത കാല്‍പനികസാന്നിധ്യം
(മരണം അനുഭൂതിയാണ്...വേദനകളെ നിമഞ്ജനം ചെയ്യാന്‍ ആ സുഹൃത്തിനൊപ്പം കാലത്തിനധീതമായി സഞ്ചരിക്കുന്നുവരുണ്ട്. മനുഷ്യന്റെ ബന്ധനങ്ങളില്‍ നിന്നും മുക്തി നേടിയുള്ള പ്രയാണം. നിരാശകളില്‍ നിന്നും നിത്യാശാന്തി തേടി അങ്ങനെയൊരു വിപത്തിനെ സ്വാഗതം ചെയ്യുന്നവരുടെ മനസിലെ ശൂന്യത എത്ര വലുതായിരിക്കും. ജീവിത ദൗര്‍ബല്യങ്ങള്‍ക്കൊടുവില്‍ ആത്മഹത്യയില്‍ അഭയം തേടിയ നിരവധി എഴുത്തുകാര്‍ ഇന്നും നൊമ്പരമായി അവശേഷിക്കുന്നു...അവരില്‍ ചിലരെ കുറിച്ച്...)
"തെല്ലൊരു വെളിച്ചമി-
ല്ലോമനേ യിനിയെന്റെ
പുല്ലുമാടവും കത്തി-
യെത്തുകയാണീ ദാസന്‍"
മലയാളത്തിന് വിസ്മരിക്കാന്‍ കഴിയാത്തൊരു കാല്‍പനിക കവിയുടെ അവസാനകവിതയിലെ ചില വരികളാണിത്. കവിത ആത്മരതിയാകാം. പരാദീനതകള്‍ക്കിടയില്‍ നിന്നും ക്ഷണികമായ ആന്ദനം മനസിലേക്കൊഴുക്കാന്‍ വരികളുടെ സൗന്ദര്യത്തിന് കഴിയുന്നുവെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ ഇടപ്പള്ളി രാഘവന്‍പിള്ളയെ ഇതിനോട് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു...
മരണം അദ്ദേഹത്തിന്റെ ശരീരം ഊഞ്ഞാലാട്ടി കളിക്കുമ്പോള്‍ ടെന്നിസന്റെ ഇന്‍മെമ്മോറിയം പാതി തുറന്ന നിലയില്‍ ആ മുറിയില്‍ കിടക്കുന്നുണ്ടായിരുന്നു. മരണത്തിന് മുമ്പ് അദ്ദേഹം എഴുതിയ ചില രചനകളിലേക്ക് കണ്ണോടിക്കുമ്പോള്‍ ക്ഷണികമായ ഒരു തോന്നലായിരുന്നില്ല അതെന്നും മരണത്തെ മുന്‍കൂട്ടികണ്ടിരുന്നുവെന്നും വ്യക്തമാകുന്നുണ്ട്..യൗവനത്തിന്റെ തുടക്കത്തിലെ അങ്ങനെയൊരു ദുരന്തത്തിലേക്ക് വഴുതിമാറി നടന്നുപോയ രാഘവന്‍പിള്ള വായനക്കാരന്റെ മനസിനെ കുത്തിനോവിക്കുന്നുണ്ട്.. മലയാള കവിതകളില്‍ കാല്‍പനികയുഗം തീര്‍ത്ത ചങ്ങമ്പുഴ കൃഷ്ണപിള്ള എന്ന തന്റെ സതീര്‍ത്ഥ്യനൊത്ത് സൗഹൃദത്തിന്റെ പുത്തന്‍കാഴ്ചപാടുകള്‍ തേടിയ ഇടപ്പള്ളിക്ക് എവിടെയാണ് പിഴച്ചതെന്നതും കൗതുകകരമാണ്..പ്രണയം ദൈവികമായ പരിവേഷമായിരുന്നുവെന്ന അദ്ദേഹത്തിന്റെ ചിന്തയുടെ മുന്നില്‍..തന്റെ പ്രേയസിയെ നഷ്ടപ്പെടുകയാണെന്നറിഞ്ഞ നിമിഷത്തില്‍ ക്രമാധീതമായി മിടിച്ച സ്വപ്നഭംഗങ്ങളില്‍...
"എനിക്ക് പാട്ടുപാടാനാഗ്രഹമുണ്ട.് എന്റെ മുരളി തകര്‍ന്നുപോയി"എവിടെയായിരുന്നു പാളിച്ചകള്‍. എന്തിനായിരുന്നു അങ്ങനെയൊരു നിയോഗം. യൗവനത്തിന്റെ തീഷ്ണതയില്‍ സര്‍ഗാത്മകതയെ പണയം വെച്ച് അങ്ങനെയൊരു കടുംകൈക്ക് മുതിരാന്‍ മാത്രം എന്തായിരുന്നു ആ മനസിന് സംഭവിച്ചത്...പ്രേമത്തെ പറ്റിയും പ്രേമനൈരാശ്യത്തെ കുറിച്ചും ഇത്ര മാധുര്യമായി പാടിയ മറ്റേത് കവിയുണ്ട് കൈരളിയില്‍ എന്ന സത്യം ഇങ്ങനെ ചിന്തിപ്പിക്കുന്നതില്‍ തെറ്റില്ല...പക്ഷേ, കവിതകളില്‍ ഊറിക്കൂടുന്ന വിഷാദത്തിന്റെ സുഖദമായ സൗന്ദര്യമാണ് ആ കവിതകളെ വേറിട്ട് നിറുത്തുന്നത്...വായനക്കാരന്റെ കണ്ണുകള്‍ ഈറനാക്കാന്‍ വാക്കുകളുടെ പ്രവാഹത്തിന് കഴിയുന്നവെന്ന യാഥാര്‍ത്ഥ്യം ഇന്നും അവിസ്മരണീയമായി നിലനില്‍ക്കുന്നു...
"സഹതപിക്കാത്ത ലോകമേ എന്തിലും
സഹകരിക്കുന്ന ശാരദാകാശമേ
കവനലീലയിലെന്നുറ്റതോഴരാം.
കനകതൂലികേ കാനന പ്രാന്തമേ
മധുരമില്ലാത്തൊരെന്‍ മൗനരാഗത്തില്‍
മദതരളരാം മാമരക്കൂട്ടമേ
പിരിയുകയാണിതാ ഞാനൊരധകൃതന്‍
കരയുവാനായി പിറന്നൊരു കാമുകന്‍
മഞ്ഞലടിഞ്ഞു മയങ്ങികിടക്കട്ടെ
പ്രണയമറ്റതാമീമണ്‍ പ്രദീപകം..."
ഇതൊരു വിലാപമാണ്. അസ്വാദകന് ഒപ്പം കരയാനല്ലാതെ മേറ്റ്ന്തിനാവും...ദുര്‍ബലമായൊരു മനസിനെ ഇവിടെ ലളിതമായി വ്യാഖ്യാനിച്ചിരിക്കുന്നു. ഇത് കവിയുടെ ആത്മാവിന്റെ നഗ്നത തന്നെയല്ലേ എന്ന് കൂടുതല്‍ പരിചിതമാകും തോറും വായനക്കാരന് ബോധ്യമാകുകയും ചെയ്യുന്നു...നിരാശയുടെ തടാകമായി കവിയുടെ മനസ് പരിണമിച്ചിരിക്കുന്നത് ഈ വരികളില്‍ മാത്രമല്ല,
"എത്ര വസന്തങ്ങളൂഴിയില്‍ വന്നാലും
എത്രയോ കാകളി പാടിയാലും
മാമക മാനസവല്ലിയിലിന്നോളം
പൂമൊട്ടൊരെണ്ണം കുരുത്തതില്ല
മുന്നോട്ട് നോക്കിയാല്‍ ഘോരമാമരണ്യം
പിന്നിലോ ശൂന്യമരുപ്പരപ്പ്
കാലൊന്നിടറിയാല്‍ പീണുപോം ഗര്‍ത്തത്തില്‍
കൂലത്തിലാണ് ഞാന്‍ നില്‍പതിപ്പോള്‍"
കരയാന്‍ മാത്രമറിയുന്നൊരു ഹൃദയത്തിനുടമയാണ് ഇടപ്പള്ളി രാഘവന്‍ പിള്ളയെന്ന് ഈ വരികളില്‍ നിന്നും സ്പഷ്ടമാണ്...സ്നേഹിക്കാന്‍ ആര്‍ത്തിയുള്ളൊരു മനസിനുടമ. സ്നേഹത്തിനപ്പുറം കാമുകിയെ ദേവതയായി കണ്ട ആ ഹൃദയത്തിന് തുടര്‍രംഗങ്ങളിലെ തകര്‍ച്ച താങ്ങാനാവുന്നതിനുമപ്പുറമായിരുന്നുവെന്ന് വ്യക്തം. ദൈവികതയുടെ പരിവേഷമണിഞ്ഞ ആ വികാരം...മനസിനെ അഗാധമായ വീഴ്ചയിലേക്ക് തള്ളിയിടുമെന്ന് ആരറിഞ്ഞു. പിന്നീടുള്ള ഏക ആശ്രയം മരണമെന്ന അനുഭൂതിയല്ലാതെ മേറ്റ്ന്താകും ഒരു ദുര്‍ബലഹൃദയന്...ഒരു പൊള്ളുന്ന പ്രതലം തുടര്‍ന്ന് അദ്ദേഹത്തെ ആവരണം ചെയ്യുന്നതായി കാണുന്നു..കവിതകള്‍ മരണത്തിന്റെ അഗാധതയിലേക്ക് മുങ്ങി നിവരുന്നതിന്റെ സുഖം വായനക്കാരിലേക്ക് വരുന്നത് അപ്പോഴാണ്...
"മരണം മനോഹരപ്പച്ചില വിരിപ്പിട്ട
ഗിരിതന്‍ സാനുപ്രാന്തം തഴുകും തരംഗിണി
തളിരും വാടാമലര്‍ക്കുലയുമിടതിങ്ങി
ത്തളരാതെന്നും തെന്നലേറ്റാടും ലതകളാല്‍
നിത്യസൗന്ദര്യത്തിന്റെ നര്‍ത്തനമാമാരംഗ
മെത്തുവാനായിട്ടേന്തെന്‍ മാനസം പതറുന്നു..."
മരണത്തെ അദ്ദേഹം മാടി വിളിക്കുന്നത് വരികളുടെ സൂക്ഷ്മാണുവിലേക്കിറങ്ങിച്ചെന്നാല്‍ കാണാം...അന്ത്യസന്ദേശത്തിലെ വാക്കുകളുമായി വിളക്കിച്ചേര്‍ക്കുമ്പോള്‍ നിരാശയില്‍ നിന്നും ഉരുത്തിരി
ഞ്ഞ ആത്മജ്വല്‍പനങ്ങളായിരുന്നു ചില കവിതകള്‍ എന്നത് നമ്മെ ദുഖിപ്പിക്കുന്നു.
ചങ്ങമ്പുഴയായിരുന്നു ഇടപ്പള്ളിയുടെ ഏറ്റവുമടുത്ത സുഹൃത്ത്...അദ്ദേഹം ആലുവയില്‍ പഠിക്കാന്‍ പോയതോടെ ഇടപ്പള്ളി തനിച്ചായി. വൈകുന്നേരങ്ങളില്‍ പേരണ്ടൂര്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജിലെ കലുങ്കിലിരുന്നു കാറ്റുകൊള്ളും. ഇത് ഇടപ്പള്ളിയുടെ ശീലങ്ങളിലൊന്നായി മാറി.
ചങ്ങമ്പുഴയുമായി പിരിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അദ്ദേഹമെഴുതിയ ചെറുകഥകളിലൂടെ കണ്ണോടിക്കുമ്പോള്‍ മരണത്തിന്റെ നീലിമ തൂലികതുമ്പില്‍ നിന്നും ഇറ്റുവീണുതുടങ്ങിയിരുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു..പ്രേമം മനസില്‍ കത്തിജ്വലിക്കുന്ന കാലഘട്ടത്തിലാണ് ഈ കഥകളുടെ പിറവി. കഥയുടെ ഭൂമിക പേരണ്ടൂര്‍ റെയില്‍വെ കലുങ്കും..ക്ഷേത്രകുളവും...കവിയുടെ പകലുകളെ സമ്പന്നമാക്കിയ അതേ സ്ഥലം തന്നെ കഥയുടെ പ്രധാന അന്തരീക്ഷമാക്കി മാറ്റി എഴുത്തിന്റെ ലോകത്തേക്ക് കടക്കുമ്പോള്‍ ഇടപ്പള്ളിയുടെ മനസില്‍ ദുരന്തത്തിന്റെ നിഴലുകള്‍ വീണിരുന്നുവോ...
കാമുകീകാമുകന്മാരുടെ ആത്മഹത്യയാണ് ഈ കഥകളിലെ പ്രധാനവിഷയം. സ്വന്തം പ്രേമം പരാജയത്തില്‍ കലാശിക്കുമെന്ന് കവി കണ്ടിരുന്നുവോ...അതോ ആത്മഹത്യയാണ് തന്റെ വഴിയെന്ന് നേരത്തെ തീരുമാനിച്ചിരുറച്ചിരുന്നോ...ഇതെല്ലാം ഉത്തരങ്ങളന്യമായ ചോദ്യങ്ങളാവാം. പക്ഷേ കവിയിലേക്ക് ഒരു പുനര്‍വായന നടത്തുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായ തലത്തിലേക്ക് നമ്മെ പറിച്ചു നടുന്നുവെന്ന കാര്യം പറയാതെ വയ്യ.
സുധ എന്ന കഥയില്‍ സുധയുടെയും മുരളിയുടേയും ദുരന്തകഥയാണ് അദ്ദേഹം പറയുന്നത്..കളിക്കൂട്ടുകാരില്‍ നിന്ന് പ്രണയത്തിലേക്ക് വ്യതിചലിച്ചുപോയ ഒരാത്മബന്ധമായിരുന്നു അവരുടേത്..മരച്ചുവട്ടില്‍ അമ്പലമുണ്ടാക്കി പൂജ ചെയ്ത് കുട്ടിക്കാലം ആഘോഷമാക്കി മാറ്റിയ ഇണപ്രാവുകള്‍. സുധയുടെ മിടുക്കും കാര്യശേഷിയും മുരളിക്കില്ല..ഒരു മൃദുലഹൃദയന്‍..ഒരിക്കല്‍ വാതുവെച്ച് കുളത്തില്‍ മുങ്ങിക്കിടന്ന മുരളിക്ക് നിവരാന്‍ കഴിഞ്ഞില്ല. കുളത്തിനടിയില്‍ കിടന്ന കരിങ്കല്ലില്‍ വട്ടം പിടിച്ചവന്‍ കിടന്നു. സുധയുടെ എണ്ണം നൂറില്‍ കവിഞ്ഞു. മുരളിക്ക് ക്രമത്തിലധികം ശ്വാസം മുട്ടിതുടങ്ങി. സുധയുടെ എണ്ണത്തിന് വേഗത വര്‍ദ്ധിച്ചു. മുരളി നിവര്‍ന്നു. ശ്വാസം വിടലിന്റെ ശക്തിയില്‍ കുറെ വെള്ളം ശിരസിലും ഉദരത്തിലും കടന്നു. ആ കൈകാലുകള്‍ കുഴഞ്ഞു. ഇതെല്ലാം തന്നെ ഭീതിപ്പെടുത്താനുള്ള മുരളിയുടെ വികൃതിയായി സുധ കരുതി. അവള്‍ കൈകൊട്ടി ചിരിച്ചു. കരയിലേക്ക് അടുക്കുന്നതിനുള്ള ശ്രമമെല്ലാം അവനെ കുളത്തിന്റെ അഗാധതയിലേക്ക് പോകാനാണ് സഹായിച്ചത്. അവന്റെ കണ്‍മിഴികള്‍ മറിഞ്ഞു...കൈകാലിട്ടടിക്കാന്‍ തുടങ്ങി...മുരളിയുടെ വികൃതിത്തരങ്ങള്‍ പതിവായി കാണാറുള്ള സുധ എല്ലാം തമാശയായി വ്യാഖ്യാനിച്ചു...
സന്ധ്യക്ക് മേല്‍കഴുകാനെത്തിയ സുധയുടെ അമ്മയാണ് മുരളിയുടെ മൃതശരീരം കാണുന്നത്..പിന്നീട് മുരളിയെ കുറിച്ചുള്ള മങ്ങാത്ത ഓര്‍മ്മകളുമായി സുധ വളരുകയാണ്. മരതകകുന്നിലെ മാധുരിയുടെ വിവാഹം. അവളുടെ കളിത്തോഴനായ രവീന്ദ്രനാണ് വരന്‍..സുധയുടെ ചിന്ത അറിയാതെ മുരളിയിലെത്തി നിന്നു. മുരളി ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്കുമുണ്ടായേനെ ഒരു വിവാഹം..എന്നവള്‍ ചിന്തിക്കുന്നു.
സുധക്ക് മെച്ചപ്പെട്ട ഒരു വിവാഹാലോചന വന്നെങ്കിലും മനസില്‍ നിന്നും മുരളിയെ പടിയിറക്കിവിടാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. മിഴികള്‍ ഈറനണിഞ്ഞ ഒരു രാത്രിയില്‍ കതക് തുറന്നവള്‍ കുളക്കടവിലെത്തി. തന്റെ സാരി അഴിച്ച് കടവിലെ കരിങ്കല്ലുമായി ബന്ധിച്ച് വെള്ളത്തിലേക്ക് എടുത്തുചാടി...
ഇവിടെ ആത്മഹത്യയുടെ സുഖമുള്ളൊരു കാറ്റ് വായനക്കാരന്റെ മനസിലേക്ക് ചീറിയടിക്കുന്നത് കാണാം.."പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക"-ഈ മൂന്നിലാണ് ലോകത്തിന്റെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇടപ്പള്ളി അന്ത്യസന്ദേശത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്ന ഈ വാക്കുകള്‍ സുധയുടെ ജീവിതവുമായി കൂട്ടിവായിക്കുമ്പോള്‍ കവിയുടെ മനസ് കരിമ്പടത്തിനുള്ളില്‍ നിന്നും പുറത്തുവരുന്നത് കാണാം..ഈ കഥയിലെ സ്ഥലങ്ങളും മറ്റും കവിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നതും വായനക്കാരനെ ശ്രദ്ധ തിരിക്കാന്‍ പ്രേരിപ്പിക്കുന്നു.
കല്ല്യാണം കഴിഞ്ഞില്ല എന്ന കഥ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് മറ്റൊരു ദുരന്ത മുഖത്തേക്കാണ്. ഇതിനും പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നത് പ്രണയമെന്ന പ്രപഞ്ചസത്യം തന്നെ. മാലതിയും പണിക്കരും പ്രണയത്തിലാണ്. പണിക്കരെക്കാള്‍ ഗാഢമാണ് അവളിലെ പ്രണയമെന്നത് ഇടപ്പള്ളിയുടെ വാക്കുകള്‍ നിന്നും വ്യക്തമായി നമ്മോട് മന്ത്രിക്കുന്നുണ്ട്. മനുഷ്യന് ഇണങ്ങിയ ആളെ അവന് തന്നെ സ്വീകരിക്കാനുള്ള അവസരമൊരുക്കുകയെന്ന ലോകനീതി ഒരാളുടെ സ്വാതന്ത്യത്തില്‍ പ്രഥമമാണെന്ന് ഈ കഥ വ്യക്തമാക്കി തരുന്നു...
അസമത്വം മാലതിയെ പണിക്കരില്‍ നിന്നും വേര്‍പെടുത്തുന്നു. മാലതിയുടെ വിവാഹം ഉറപ്പിച്ചതിന്റെ പിറ്റേ ദിവസം പണിക്കരുടെ കത്ത് അവളുടെ കൈകളിലെത്തി...അത് അവളുടെ മനസിലേക്ക് തീക്കാറ്റായി ആളി..അതിലെ വരികള്‍ ഇങ്ങനെയായിരുന്നു "ഒരു തകര്‍ന്ന ഹൃദയം നവദമ്പതികള്‍ക്ക് സര്‍വമംഗളങ്ങളും ആശംസിച്ചുകൊള്ളുന്നു. ഇതെഴുതുന്ന ഹസ്തം പ്രഭാതത്തില്‍ മരവിച്ചിരിക്കും..."
കഥയിലെ പണിക്കരുടെ വാക്കുകള്‍ ഇടപ്പള്ളിയുടെ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോഴാണ് കൂടുതല്‍ സത്യങ്ങളിലേക്ക് നാം വഴുതി പോകുന്നത്...കാര്യസ്ഥനായി നിന്ന വീട്ടിലെ സ്നേഹതാരകത്തെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെന്ന അപകര്‍ഷതാബോധം ആ മനസില്‍ മഞ്ഞുകണമായി ആഴത്തില്‍ ഉറഞ്ഞിരുന്നുവോ..തന്റെ പ്രണയിനിയുടെ വിവാഹതലേന്നാണ് ഇടപ്പള്ളി രാഘവന്‍പിള്ള ആത്മഹത്യ ചെയ്തതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ അങ്ങനെ കൂട്ടിവായിക്കുന്നതില്‍ തെറ്റില്ലെന്ന് പറയാം. പിന്നീട് കഥയിലെ പ്രതിപാദ്യം പേരണ്ടൂര്‍ റെയില്‍വേപാലത്തിന് സമീപത്തെ ദുരന്തമാണ്. റെയില്‍പാളത്തില്‍ മരണത്തിന്റെ ശമനതാളം കേട്ടുകിടക്കുന്ന തന്റെ പ്രിയതമന്റെ ശരീരത്തിലേക്കവള്‍ ഓടിവന്നു വീഴുന്നു..ഒന്നുമറിയാത്ത പോലെ കടന്നുപോയ തീവണ്ടിയുടെ സമയതാളത്തിനിടയില്‍ ജീവന്‍ സമാശ്വാസം തേടാനാവാതെ കീഴടങ്ങുമ്പോള്‍ കഥക്ക് തിരശീല വീഴുന്നു...
രണ്ടു കഥകളിലും ആത്മഹത്യയാണ് വില്ലന്‍...നഷ്ടപ്പെടുത്തതിനെക്കാള്‍ നല്ലത് മരണത്തിന്റെ നീലിമയില്‍ ഇടം തേടുകയാണെന്ന യാഥാര്‍ത്ഥ്യം ഇടപ്പള്ളി പറഞ്ഞു തരുന്നത് പോലെ തോന്നും..ഈ വാക്കുളുടെ അനസ്യുതമായ ഒഴുക്ക് കാണുമ്പോള്‍...
എനിക്ക് രക്ഷാമാര്‍ഗം മരണമാണ്..അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ആ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല. ഞാന്‍ നേടുന്നുമുണ്ട്. അന്ത്യസന്ദേശത്തിലെ ഈ വാക്കുകളില്‍ കൂടി കണ്ണുപായിക്കുമ്പോള്‍ ചിന്തകളെ മേറ്റ്വിടേക്ക് നാം ആനയിക്കും.
മധുരമാമശകള്‍ മണ്ണടിഞ്ഞു
മരണത്തിന്‍ ചുണ്ടില്‍ ചിരിപൊഴിഞ്ഞു
അപരാധമോരോന്നുമൊത്തു കൂടി
അനുവേലമെന്‍ മുന്നില്‍ നൃത്തമാടി
ഹൃദയമണ്‍ ഭിത്തിടെ തട്ടിനീക്കി
രുധിരമനര്‍ഗളം പാഞ്ഞൊഴുകി...
സ്വപ്നജീവിയായ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കവിതകള്‍ ഇന്നും നമ്മോട് സംവദിച്ചുകൊണ്ടിരിക്കുന്നു. പ്രണയത്തിന്റെ സുഗന്ധവും പ്രണയനൈരാശ്യത്തിന്റെ നൊമ്പരവും ബാക്കിവെച്ചിട്ട് പോയ ആ പ്രതിഭ മരണമില്ലാതെ കാല്‍പനീകാസ്വദകരുടെ ആത്മാവില്‍ സ്പന്ദിച്ചുകൊണ്ടേയിരിക്കുന്നു...
കവിയെ കുറിച്ച്...
ജനനം: 1909 മെയ് 28വിദ്യാഭ്യാസം: മിഡില്‍ സ്കൂള്‍ ഇടപ്പള്ളി, മഹാരാജാസ് കോളജ് ഹൈസ്കൂള്‍. 1929ല്‍ ഇടപ്പള്ളിയിലെ ഒരു ധനികഗൃഹത്തില്‍ കാര്യസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. 1930ല്‍ തിരുവനന്തപുരത്ത് ബി വി ബുക്ക് ഡിപ്പോയില്‍. 1932ല്‍ തുഷാരഹാരം എന്ന കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തി. 1934ല്‍ ഹൃദയസ്മിതം, 1935ല്‍ നവസൗരഭം, മണിനാദം എന്നീ കവിതാസമാഹാരങ്ങളും എഴുതി. 1936 ജൂലൈ 7ന് സ്വയം ജീവിതം അവസാനിപ്പിച്ചു.

Subscribe to:
Posts (Atom)