Sunday, September 30, 2007
2. ഷെല്‍വി-കവിതയുടെ കെടാത്ത കനല്
ഷെല്‍വിയുടെ കവിതകള്‍ സംവദിക്കുകയല്ല. മറിച്ച് ആത്മാവില്‍ ഒരിടം തേടുകയാണ്..ബൈബിളിലെ വിശുദ്ധത വരികള്‍ക്ക് മേമ്പൊടിയാകുന്നതോടെ കാവ്യഭംഗിയില്‍ തന്റേതായ വ്യത്യസ്തത നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നു. മനുഷ്യന്റെ ആസക്തികളോടൊപ്പം തന്നെ പിയാനോയുടെ മധുരശബ്ദവും കവിത നമുക്ക് സമ്മാനിക്കുന്നു. വാക്കുകളുടെ ഭംഗി ആസ്വാദകന്റെ മനസിലേക്കൊരു മഴ പെയ്യിക്കുകയാണ്. കവിതകള്‍ ആഹ്ലാളമുണ്ട്, ദുഖമുണ്ട് ഇതിനിടയിലെല്ലാം മരണവും തന്റേതായൊരു ഒളിച്ചുകളി നടത്തുന്നുണ്ട്.
മഴവെള്ളം കുതിച്ചൊഴുകുന്ന നിന്റെ കണ്ണുകളിലേക്ക്
ഞാനെന്റെ ഏകാന്തമായ വാക്കുകളൊഴുക്കുന്നു..
ചിലപ്പോള്‍ നിന്റെ ശരീരം
ഓര്‍ക്കിഡുകളുടെ തോട്ടം
വയലറ്റ് ഓര്‍ക്കിഡുകളുടെ രഹസ്യവീഥിയിലൂടെ
സായാഹ്നത്തിലെ സഞ്ചാരിയായി ഞാന്‍ വരുന്നു..
ഓര്‍ക്കിഡ് ഓരോര്‍മ്മയാകുന്നു...
മരണത്തിന്റെ സഖിക്ക് എന്ന കവിതയിലെ വര്‍ണനകള്‍ ശക്തമായ കാവ്യാത്മകതയുടെ പ്രതീകങ്ങളായാണ് മനസിലേക്ക് സന്നിവേശിക്കുന്നത്. മരണത്തിന്റെ മേച്ചില്പുറങ്ങളിലേക്കുള്ള സുഖദമായൊരു .യാത്ര പോലെ തോന്നിപ്പിക്കുന്നുണ്ട് അതിലെ വരികളുടെ തീഷ്ണത...ശരീരങ്ങളുടെ പ്രാര്‍ത്ഥനാവേളയില്‍ സുതാര്യമായ നിന്റെ മുലകളിലൂടെ സിസ്റ്റണ്‍ചാപ്പലില്‍ മൈക്കല്‍ ആഞ്ചലോ ചെയ്തത് ഞാന്‍ കാണുന്നു...മുല ഓരോര്‍മ്മയാകുന്നു.. എന്നിങ്ങനെയുള്ള തുടര്‍വരികള്‍ ബിംബങ്ങളുടെ പ്രയോഗത്തോടൊപ്പം തന്നെ കവിതയുടെ സൗന്ദര്യം മനസിലേക്ക് ഇരച്ചുകയറ്റുന്നു.
കവിതകളില്‍ ചിലതെല്ലാം സംവാദങ്ങളായി പരിണമിക്കുന്നത് കാണാം..അതിനുമപ്പുറം ആസ്വദിച്ച യുവത്വത്തിന്റെ സൗന്ദര്യവും സമാസമം നിഴലിക്കുന്നുണ്ട്.
ഞാന്‍ പറയട്ടെ-
ഏകാന്തനേത്രങ്ങളെ പൊതിയുന്ന മഞ്ഞപ്പുകള്‍
ഗോതമ്പുവയലുകളെ സ്നേഹാര്‍ദ്രമാക്കുന്ന
അപരിചിതസംഗീതം
നമ്മെ മരണത്തിനുമപ്പുറത്തെത്തിക്കുന്ന
ദൈവത്തിന്റെ തോണി,
ഞാന്‍ പറയുന്നത് നിനക്ക് മനസിലാവില്ല...
നട്ടുച്ചയിലെ ഗസര്‍മരങ്ങള്‍ എന്ന കവിതയിലെ വരികളാണിത്..ഓര്‍മ്മകള്‍ക്ക് കാലും ചിറകും ലഭിക്കുമ്പോള്‍ ഞാനതിനെ ഗസലുകളുടെ സമയം എന്നു വിളിക്കുന്നുവെന്ന് ഷെല്‍വി പറയുന്നു. ഘടികാരരഹിതമൊരു മുറിയില്‍ വെയിലും നിലാവും ഇണകലരുന്നു, പാമ്പും കോണിയും മഴവില്ലുകള്‍പ്പുറത്തെ രഹസ്യസങ്കേതങ്ങളിലേക്ക് നയിക്കുന്നു, ഒട്ടകങ്ങളുടെ ക്ഷീണിതനിദ്രയില്‍ ഓറഞ്ചു പെയ്യുന്ന ഈ സമയത്തെ ഗസല്‍നിശ എന്നും കവി വിളിക്കുന്നു...ഗസല്‍ഗായികയായ ചിത്രാസിംഗ് ഈ കവിതയുടെ അന്ത്യഭാഗത്തില്‍ കടന്നുവരുന്നുണ്ട്...അവരുടെ മനോഹരമായ ഗസലിനെ പുകഴ്ത്തുന്നതോടൊപ്പം തന്നെ കവിത അതിവേഗം ചുവടുമാറ്റുന്നു...ഗസലുകള്‍ക്കുള്ളിലായിരിക്കുമ്പോഴു നാമേതോ തീയറക്കുള്ളില്‍ വേവുന്നുവെന്ന് പറയുന്ന കവി തുടര്‍ന്ന് ചോദ്യശരങ്ങളെയ്യുന്നു..
നീ തന്ന ഗസലെവിടെ...ഞാന്‍ നട്ട ചെടിയെവിടെ...നാലുമണി കഴിയുമ്പോള്‍ റോഡു നിറയുന്ന ഈ കുട്ടികള്‍ ഇനി എന്തു കേള്‍ക്കും..? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടാണ് ഈ കവിത അവസാനിക്കുന്നത്...വിഹ്വലതകളുടെ പെരുംതുടി ശബ്ദം ഈ കവിതയിലൂടെ കണ്ണോടിക്കുമ്പോള്‍ വായനക്കാരന്റെ മനസിനെ ഭീതിപ്പെടുത്തുന്നത് കാണാം...
കാറ്റുകളജ്ഞാത മന്ത്രം ചിലക്കുന്നിലകളില്‍
തൂങ്ങുന്ന മഞ്ഞിന്റെ കണ്ണുകള്‍ എത്രമേല്‍ ഭീതിദം.
ദൂരബോധങ്ങളറ്റലറുന്നു
ആരോ വരുന്നുണ്ട് പുറകില്‍
വേഗത വറ്റുന്നു ഉമിനീരു വറ്റുന്നു
ആരോ വരുന്നുണ്ട് പുറകില്‍...
പിന്നാമ്പുറവാതിലൂടെ കടന്നുവരുന്ന ആ അപരിചിതന് മരണമാണോ..? അറിയില്ല, ആരോ എന്ന ഈ കവിതയില്‍ നിഗൂഡതകള്‍ പരസ്പരം മുഖം നോക്കി ചിരിക്കുന്നു. പകല്‍വെളിച്ചമറ്റുവീഴുന്ന പ്രകൃതിയുടെ മീതെ ഇരുട്ട് ഏകാന്തതയുടെ ബീഭത്സഭാവം പൂണ്ട് നില്ക്കുന്നു. മുന്നില്‍ ഒരുപാട് ദൂരമുണ്ട്..പക്ഷേ ആരോ വരുന്നുണ്ട് പുറകില്‍ എന്ന ഭയമാണ് കവിതയിലാകമാനം നിഴലിച്ചുനില്‍ക്കുന്നത്...1985/86 വര്‍ഷങ്ങളിലെഴുതിയ ഈ കവിത അജ്ഞാതമായ ഒരനുഭൂതി മനസില്‍ ഉരുതിരിയിക്കുന്നുണ്ട്...
മഴ കൈവശപ്പെടുത്തിയ ഒരു രാത്രിയില്‍ ചോദിക്കാതെ കടന്നുവരുന്ന ഒരാളുടെ വര്‍ണനയാണ് ഷെല്‍വിയുടെ സഖാവിനോടുള്ള കുമ്പസാരങ്ങള്‍ എന്ന കവിത.
വാതിലടച്ചിരുന്നു. അര്‍ദ്ധരാത്രിയും
കഴിഞ്ഞിരിക്കുന്നു. യുദാസും ഭ്രാന്തും
മഴയും മരങ്ങളും ക്രിസ്തുവും കരിശും
തിമര്‍ത്തുപെയ്യുന്നു
ആ പെരുമഴ മുറിച്ച് ആരോ ഓടിവരുന്നു..
-ഒരു രാവ് അഭയം തരിക
സഖാവേ നീ മറന്നുവോ?
സത്യം
ചുമരുകളിലപ്പോള്‍ തീവെളിച്ചം പരന്നു
കറുത്ത വ്യാളികള്‍, പരിഭ്രാന്തരായ പല്ലികള്‍
ചുവന്ന മേല്‍ക്കൂര
ആളുന്ന പാതിര
എല്ലാം ഞാനോര്‍ക്കുന്നു
ചില്ലുപോലെ കനത്തു തണുത്തൊരു മഴത്തുള്ളി
എന്റെ നെറുകയില്‍ വീണു പൊട്ടി...
ആരാണ് ആ സഖാവ്..ഉള്ളിലെ വിഷാദങ്ങളെ എന്നേക്കുമായി മോചിപ്പിക്കാനാണോ അയാള്‍ വന്നത്..? അപൂര്‍ണമാണ് ഈ കവിത...ഒരുപക്ഷേ ഇനിയും എഴുതിച്ചേര്‍ക്കാനുണ്ടാകും അതില്‍...
പ്രണയം
സര്‍പ്പശയ്യയ്ക്കു മീതെ
വിഷദംശമേല്‍ക്കാതെ സ്വപ്നം കാണലാണ്...
ഈ വലിയ കവിതയിലെ പ്രണയത്തിന്റെ വന്യത വിളിച്ചുപറയുന്ന വരികളാണിത്...കവിയുടെ മനസ് ഒരു പക്ഷേ പുറത്തെടുത്ത് വച്ചതാവില്ലേ ഈ കവിത..വിഹ്വലതകളുടെ തീരാത്ത പ്രവാഹമായി മനസ് വഴിമാറിത്തുടങ്ങുമ്പോള്‍ ഹൃദയത്തിലൊളിപ്പിച്ച കനല് അതിന്റെ വാസസ്ഥലത്ത് നിന്നും വായുവിലേക്ക് നീക്കിയിട്ട പോലെ...കവിത ഭാന്തമായ ആവേശത്തിലേക്ക് വഴുതിയിറങ്ങി അവസാനിക്കുമ്പോള്‍ കോമാളിയായൊരു കവിതയിതാ അവന്റെ ഹൃദയമെടുത്തീ കടലാസില്‍ വെക്കുന്നു; നിറയെ വ്യാകരണതെറ്റോടെ എന്ന് ഒരു ആത്മാവ് പുലമ്പുന്നത് കാണാം...
ഷെല്‍വിയുടെ കവിതകളില്‍ ഇടക്കെപ്പോഴൊക്കെയോ ആഹ്ലാദവും ആരവും കടന്നുവരുന്നുണ്ട്..ആഗ്രഹസാഫല്യത്തിന്റെ പൂര്‍ത്തീകരണങ്ങളായി വരികള്‍ വഴിമാറുന്നതും കാണാം. ആത്മക്കുറിപ്പുകള്‍ അത്തരത്തിലൊരു കവിതയാണ്.
ഗാനാന്തരം ഓടക്കുഴല്‍
ഗായകനോട് പറഞ്ഞു
ഈറക്കാടുകളുടെ കരച്ചിലാണ്
ഞാന്‍ പകര്‍ന്നത്. എങ്കിലെന്ത്
എന്റെ ജന്മം നിന്റെ ചുണ്ടില്‍ സഫലമായല്ലോ...
വരികളിലൂടെ വേണമെങ്കില്‍ ബിംബമളക്കാം. പ്രതീകാത്മകതയെ തിരയാം. ഇനി ഉള്ളറകളിലേക്കിറങ്ങിച്ചെല്ലാതെ നേരെ വായനാസുഖത്തിലേക്ക് കടന്നുചെല്ലുകയും ചെയ്യാം..ഇതെല്ലാം ഷെല്‍വി എന്ന കവിയെ ഏറെ വ്യത്യസ്തനാക്കുന്നു..ഓരോ കവിതകളിലും പ്രപഞ്ചസത്യങ്ങളുടെ ഉള്‍വിളിക്കള്‍ ആവാഹിച്ചെടുക്കാനും വായനക്കാരന് കഴിയുന്നു എന്നത് കൗതുകകരം തന്നെയാണ്.
വീട് എന്ന കവിത ഷെല്‍വിയുടെ എഴുത്തിന്റെ വ്യാപ്തി തെളിയിക്കുന്നതാണ്. ഈ വലിയ കവിതയിലെ ചില വരികള്‍ ആസ്വാദകന്റെ ഉറക്കം കെടുത്തുംവിധം തീഷ്ണമാണ്. വീട്ടില്‍ ഇന്നെന്റെ മുറിയിലിപ്പോള്‍ കൂറയും ചിലന്തികളുമിപ്പോള്‍ മറവിയുടെ തിരനാളാഘോഷിക്കുന്നു-എന്ന് തുടങ്ങിയാണ് വീട് ആരംഭിക്കുന്നത്..അത് അതിന്റെ മേച്ചില്‍ പുറങ്ങള്‍ പൂര്‍ത്തിയാക്കി അവസാനിപ്പിക്കുന്നു ഭീതിദമായ മറ്റൊരു സാഹചര്യത്തിലാണ്...
എല്ലാം പഴയ കഥകളാണ്
ജന്മങ്ങളുടെ ഒരാവര്‍ത്തനപുസ്തകം
നീ നോക്കി നില്ക്കുന്ന ആ ആല്‍മരച്ചുവട്
എന്റെ വീടായിരുന്നു...
വിരഹങ്ങള്‍ക്കും അനാസക്തമായ കാത്തിരിപ്പുകള്‍ക്കുമിടയില്‍
തണുത്ത് കിടന്ന ആ പ്ലാറ്റ്ഫോം ബെഞ്ച്
എന്റെ വീടായിരുന്നു.
ഇതാ ചൂളമടി കേട്ടില്ലേ-ഒരു തീവണ്ടി നമ്മെ വിടുന്നു
അതിന്റെ പ്രകാശജാലകങ്ങള്‍ എന്റെ വീട്ടിലേതായിരുന്നു
സമയാതീതമണലുകളുടെ അനന്തശയ്യയില്‍
നിന്നോടൊപ്പം നിത്യനിദ്ര...
ഒരു നിയോഗം പോലെ കവിതയില്‍ എന്നുവേഗമാണ് അനന്തനിദ്ര കടന്നുവരുന്നത്. നഷ്ടപ്പെട്ടതിന്റെ കുറിച്ചുള്ള മൂര്‍ത്തവിചാരങ്ങളില്ല, ചിന്തകളില്‍ ചോരപ്പാടില്ല, കാത്തിരിപ്പിന്റെ ആഗാധതയില്ല..ഇത്തരത്തില്‍ നിരാശയുടെ മേമ്പോടിയില്ലാതെ മരണം ഒളിവില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ ആയിരം ചോദ്യങ്ങളെറിഞ്ഞ് കവിത നിശ്ചലമാവുന്നു.
1981ല്‍ കേരളസംസ്ക്കാരം മാസികയില്‍ അച്ചടിച്ചുവന്ന ഇലകൊഴിയും കാലം എന്ന കവിത ഷെല്‍വിയുടെ കവിതകളിലെ ശ്രദ്ധേയമായ ഒന്നാണ്. നേരിടേണ്ടി വരുന്ന അവജ്ഞകളെ കുറിച്ചുള്ള വര്‍ണന കവിതയുടെ മധ്യഭാഗത്തെ ദീപ്തമാക്കുന്നു.
രാത്രി രാത്രി രാത്രി
പാപത്തിന് വടുക്കള്‍ വീണു വികൃതമായൊരെന്‍
മുഖം കണ്ടുമടുത്തീ
മഖകണ്ണാടി പോലും മുഖം തിരിയ്ക്കുന്നു
വെറുക്കുന്നു സര്‍വരും..
വരികളുടെ അപാരതത നമ്മെ കൈപിടിച്ചു നടത്തുന്നതെങ്ങോട്ടാണ്..? ഇലകൊഴിയുന്ന കാലത്തെ സ്നേഹബന്ധങ്ങളെല്ലാം മറുപടിയില്ലാത്ത മൗനത്തിലാണ്ടു പോകുന്നുവെന്ന ആശങ്കയില്‍ കവിത വിരാമത്തിലെത്തുമ്പോള്‍ ആയിരം ചോദ്യങ്ങള്‍ ആസ്വാദകന്റെ മനസിനെ വരിഞ്ഞുമുറുക്കുന്നുണ്ട്. മനസില്‍ നാമും ചോദിച്ചുപോകുന്നു, എന്തു പറ്റി ഈ സമൂഹത്തിന്...?
ഒരുപിടി ഉരുളയില്‍
നിനക്കെത്ര പേരുടെ ചോര രുചിക്കാം?
ഒരു വറ്റില്
നിനക്കെത്ര ആര്‍ത്തിപുരണ്ട കുഞ്ഞികണ്ണുകള്‍ കാണാം..?
ആത്മഹത്യ ചെയ്ത സുഹൃത്തിന്റെ ഓര്‍മ്മക്ക് സമര്‍പ്പിച്ച ഈ കവിതയുടെ പേര് നാം ഇത്രയേയുള്ളു-എന്നാണ്..ഷെല്‍വിയുടെ മറ്റു ചില കുറിപ്പുകളില്‍ പറയുന്ന സനില്‍ദാസിനാവാം ഈ കവിത സമര്‍പ്പിച്ചിരിക്കുന്നത്. എന്റെ ചില ദാരുണമായ ഏകാന്തതകളെ അവനിന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നുണ്ട് എന്ന ഓര്‍മ്മ എന്ന പുസ്തകത്തിലെ കുറിപ്പു കാണുമ്പോള്‍...
1995ല്‍ മറുനാട് മാസികയില്‍ പ്രസിദ്ധീകരിച്ച മഴ എന്നെ മറക്കുമ്പോള്‍ എന്ന കവിതയും വായനാസുഖത്തോടൊപ്പം തന്നെ ചിന്തിക്കപ്പെടുന്നതാണ്.
മഴ ഉണങ്ങിപ്പോയിരിക്കുന്നു;
എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു
മഴവഴിയില്‍ നിന്ന്-
ഞാനും നീയും മാറിപ്പോയിരിക്കുന്നു..
മറക്കുകയാണ്
എല്ലാം...
ഷെല്‍വിയെ വ്യത്യസ്തനാക്കുന്നുത് വരികളുടെ ആര്‍ദ്രഭംഗിയാണെന്ന് തോന്നിയിട്ടുണ്ട്... ജീവിതത്തിന്റെ മനോഹാരിതകള്‍ക്ക് ഇടക്കെപ്പോഴോ കോട്ടം വന്നിരുന്നോ എന്ന് തോന്നിപ്പിക്കും വിധം അദൃശ്യദര്‍ശനം നടത്തുന്നുണ്ട് കവിതകളില്‍ മരണം..ഒരു വിലാപത്തിന്റെ സുഖലോലുപതയിലേക്ക് ഓര്‍മ്മകളും സ്വപ്നങ്ങളും പതിയ ഇളഞ്ഞുനീങ്ങുന്നത് കാണാം..
വരൂ, ദയവധത്തിനായി
പ്രാണനുമീതെ പ്രാക്തനായ
ഏതോ മഞ്ഞവെയിലിഴഞ്ഞു പോകുന്ന
ആ നടപ്പാതയിലൂടെ...
സയനോര എന്ന കവിതയിലെ ആദ്യവരികള്‍ ഇങ്ങനെയാണ്.. മരണത്തിന്റെ അപൂര്‍വതകളിലേക്ക് നടന്നുപോയ ഷെല്‍വിയുടെ അപ്രകാശിത കവിതകളും ശ്രദ്ധേയമാണ്..തന്റെ പ്രേയസിക്കായി ഷെല്‍വി കുറിച്ച ഏപ്രില്‍ ഡയറി, ജന്മദിനത്തിന്റെ ഓര്‍മ്മക്ക്, ഓംലറ്റ് എന്നിവയെല്ലാം സ്വകാര്യതയുടെ സുന്ദരതകള്‍ വിളിച്ചോതുന്നതിനാല്‍ തന്നെ അപഗ്രഥിക്കാന്‍ ഏറെ പ്രയാസമാണ്..
മരണത്തിന്റേ തേരിലേറി നടന്നുപോയ ഷെല്‍വിയുടെ കവിതകള്‍ കെടാത്ത കനലായി മനസില്‍ പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നു.
കവിയെ കുറിച്ച്
ജനനം: 1960 ഗുരുവായൂരിനടുത്തെ ഒരുമനയൂരില്‍
വിദ്യാഭ്യാസം: ഒരുമനയൂര്‍, പാവറട്ടി, പാലക്കാട് എന്നിവിടങ്ങില്‍
ആദ്യ കവിത പ്രേരണയില്‍ പ്രസിദ്ധീകരിച്ചു
കേരള സംസ്ക്കാരം കാമ്പസ്മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്
1985ല്‍ ശിഖ എന്ന പേരില്‍ ഗുരുവായൂര്‍ കേന്ദ്രമായി പുസ്തകപ്രകാശനാലയം തുടങ്ങി
1985ല്‍ കോഴിക്കോട് ആര്യഭവനിലെ 25ാം നമ്പര്‍മുറിയില്‍ മള്‍ബറി ആരംഭിച്ചു.
ഭൂമിയുടെ മനസില്‍, ഓര്‍മ്മ എന്നീ കൃതികള്‍ എഡിറ്റ് ചെയ്തു.
നൊസ്റ്റാള്‍ജിയ (1994), അലൗകികം (1998) എന്നിവയാണ് കവിതാസമാഹാരങ്ങള്‍
2003 ആഗസ്റ്റ് 21ന് ജിവിതം സ്വയം അവസാനിപ്പിച്ചു.
Subscribe to:
Post Comments (Atom)
36 comments:
പ്രണയം
സര്‍പ്പശയ്യയ്ക്കു മീതെ
വിഷദംശമേല്‍ക്കാതെ സ്വപ്നം കാണലാണ്...
ഷെല്‍വിയുടെ കവിതകള്‍ സംവദിക്കുകയല്ല. മറിച്ച് ആത്മാവില്‍ ഒരിടം തേടുകയാണ്..ബൈബിളിലെ വിശുദ്ധത വരികള്‍ക്ക് മേമ്പൊടിയാകുന്നതോടെ കാവ്യഭംഗിയില്‍ തന്റേതായ വ്യത്യസ്തത നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നു. മനുഷ്യന്റെ ആസക്തികളോടൊപ്പം തന്നെ പിയാനോയുടെ മധുരശബ്ദവും കവിത നമുക്ക് സമ്മാനിക്കുന്നു. വാക്കുകളുടെ ഭംഗി ആസ്വാദകന്റെ മനസിലേക്കൊരു മഴ പെയ്യിക്കുകയാണ്. കവിതകള്‍ ആഹ്ലാളമുണ്ട്, ദുഖമുണ്ട് ഇതിനിടയിലെല്ലാം മരണവും തന്റേതായൊരു ഒളിച്ചുകളി നടത്തുന്നുണ്ട്.
മരണത്തിന്റെ തേരിലേറി യാത്രപോയ ഷെല്‍വിയെ കുറിച്ച്...
ഷെല്‍വി-കവിതയുടെ കെടാത്ത കനല്
ഷെല്‍വിയെ ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി.
:)
ഈ പരിചയപ്പെടുത്തലിന് നന്ദി.
ദ്രൌപതീ ഈ ലേഖനവും നന്നായിരിക്കുന്നു.
ശ്രീ..
ഇത്തിരിവെട്ടം
കിനാവ്
അഭിപ്രായത്തിന് നന്ദി...
‘ഞാനോ എച്ചിലായി’ എന്നൊരു വരി വായിക്കുന്നവനെ വേട്ടയാടുവാനായി ഷെല്‍വി എഴുതിയിട്ടു. അങ്ങനെ ഒരു ജീവിതം എച്ചിലായതായി സ്വയം അനുഭവപ്പെട്ടാല്‍ -അത് സ്നേഹത്തിന്റെ എച്ചിലായാല് പോലും-അതെറിഞ്ഞു കളയുകയല്ലാതെ നിവൃത്തിയില്ലെന്ന് നാം മനസ്സിലാക്കുന്നു..ചില ജന്മങ്ങള് ജീവിതം കൊണ്ടാണ് കവിതയെഴുതുന്നത്!
ഓര്‍മ്മപ്പുസ്തകം ഷെല്‍വി എഡിറ്റ് ചെയ്തതല്ലേ?
ദ്രൗപതി
വിവരണം നന്നായി.....ഇനിയും ഇത്തരം അറിവുകള്‍ പകരുക....അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു.
വെള്ളെഴുത്ത്...
നന്ദി...
glocalindia,
ഓര്‍മ്മ എഡിറ്റ് ചെയ്തത് ഷെല്ലിയാണ്..അവസാനഭാഗത്ത് ഞാനത് രേഖപ്പെടുത്തിയിരുന്നു (കവിയെ കുറിച്ച്)
മനസൂര്‍
ഒരുപാട് നന്ദി...
വ്യാഖ്യാനിക്കുമ്പോള്‍ നഷ്ടപ്പെടുന്നതാണ്
കവിതയെന്ന് പറഞ്ഞതാരാണ്?
ഒരു ഷോക്ക് അയിരുന്നു ഷെല്‍ വിയുടെ മരണം. കാഴ്ചകള്‍ക്കെല്ലാം അപ്പുറം ഏതോ ഒരു ലോകം ഒളിപ്പിച്ചു വച്ചിരുന്ന മനുഷ്യന്.. പ്രസാധന രംഗത്ത് ഏറ്റവും ബോള്‍ഡ് ആയ, മൌലികമായ സമീപനം പുലര്‍ത്തിയിട്ടുള്ള, മാര്കറ്റിനപ്പുറത്തേക്ക് പുസ്തകങ്ങളുടെ പ്രസക്തി ഒരു ലഹരിയായി തിരിച്ചരിഞ്ഞ പ്രസാധകരിലെ അപൂര്‍വ ജനുസ്.. ഈ ഓര്മപ്പെറ്ടുത്തല് എത്രയും പ്രസക്തം..
ദ്രൌപതി, നന്ദി.. ഷെല്‍വിയെ കുറിച്ച്, ഷെല്‍വിയുടെ കവിതകളെ കുറിച്ച് ഇത്ര നന്നായി മറ്റാരും എഴുതിയത് ഞാന്‍ വായിച്ചിട്ടില്ല, ഒരു പ്രവാസിയുടെ കുറവുകളില്‍ ഒന്നാവാം അതു ചിലപ്പോള്‍... കിട്ടുന്ന പുസ്തകങ്ങളും വാരികകളും മാത്രം വായിക്കേണ്ടി വരുന്നു.. വായനക്കാരണ്റ്റെ അഭിരുചി പ്രവാസിയെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്...
മള്‍ബറിയുടെ ഗ്രീന്‍ കാര്‍ഡ് എന്ന സംരംഭത്തിലൂടെയാണ് ഞാന്‍ ആദ്യം ബന്ധപ്പെടൂന്നത്... പിന്നെ അഡ്റസ്സ് മാറിയതുമായി ബന്ധപ്പെട്ട് ഷെല്വിയുമായി നടത്തിയ ചില കത്തിടപാടുകള്‍... ഒരിക്കലെങ്കിലും നേരില്‍ പരിചയപ്പെടണമെന്ന് മനസ്സില്‍ വേരുന്നിയ ആഗ്രഹം ഒരിക്കലും നടക്കാനാവാത്ത അനേകം സ്വപ്നങ്ങളിലൊന്നായി പരിണമിപ്പിച്ച് കൊണ്ട് ഷെല്‍വി യാത്രയായി... എന്നേന്നുക്കുമായി നില്ക്കുവാന് ഏതാനും കവിതകള്‍ സമ്മാനിച്ചിട്ട്... ഈ പോസ്റ്റിന് ഒരായിരം നന്ദി...
ഷെല്‍വിയെ കുറിച്ച് എനിക്കും അറിവില്ലായിരുന്നൂ
അറിവുകള്‍ തുറന്നെഴുതിയതിനു നന്ദി,
പുതുവല്സരാശംസകള്
പുറക്കാടന് എഴുതിയതു പോലെ ഒരു പ്രവാസിയുടെ പരിമിതിയില്‍ എനിക്കും നഷ്റ്റപെട്ടതു കവിതയുടെ കനകലിഖിതങ്ങളാണു എന്ന തിരിച്ചറിവിലേക്ക് എന്നെ എത്തിച്ചതു ഈ പരിചയ പെടുത്തലാണ്.ശരിയാണു ഞാനിതു രണ്ടാം തവണയാണ് വായിക്കുന്നതു. എനിക്കന്യമായ ഒരു കവിയുടെ സ്രുഷ്ടികളെ കുറിച്ചൂള്ള ഒരു വിവരണമയതിനാല് ആദ്യ വായന അത്ര ഗൌരവ്വ മായിരുന്നില്ല.എന്നാലീ പുനര്‍വായനയില്‍, നമുക്കു നഷ്ടമായതു ഭാഷയെ,വാക്കുകളെ കവിതയിലേക്കു ഭംഗിയൊടെ സന്നിവേശിപ്പിച്ച ,നോവേറെയറിഞ്ഞ
ഒരു കവിയെയാണെന്നു അറിയാനാവുന്നു.
ഈ പരിചയപെടുത്തലിനും,അതിലേറെ ഉപകാരപ്രദമായ വിവരണത്തിനും നന്ദി.
ദൈവം (എനിക്കറിയില്ല)
നിലാവേ...(ശരിക്കും)
പുറക്കാടന്
സജീ
രാജന് വേങ്ങരെ
അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി...
വളരെ നന്നയിട്ടുണ്ട്
ദ്രൌപദി....
ഗുരു നിത്യചൈതന്യ യതിയുടെ മല്‍ബറി പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിണ്ടെ പ്രസാധകക്കുറിപ്പില്‍ ഷെല്വ്വി,
ഗുരുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് എഴുതിയതോര്‍മ്മ വരുന്നു
“മഴയുടെ വെള്ളപ്പൂക്കള്‍
ഭൂമിയെ ചുംബിച്ച ദിനം“
അതെ-
ഷെല്‍വി-കവിതയുടെ കെടാത്ത കനല്
തന്നെയാണ്...
സ്മൃതികള്‍ പോലും പുല്കാനറയ്ക്കുന്ന
ഇക്കാലത്ത്
ഒരോര്‍മ്മപ്പെടുത്തലിന് നന്ദി...
ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html
അനൂപ്
ജിതന്‍
മരമാക്രി
അഭിപ്രായത്തിന് ഒരുപാട് നന്ദി...
ഷെല്‍വി യെ കുറിച്ചു എത്ര നല്ല ഒരു ലേഖനം എഴുതിയതിനു അഭിനന്ദനങ്ങള്‍ ...
ഷെല്‍വിയെ കുറിച്ചു കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചിരുന്നു. നന്ദി ...
വളരെ നല്ല ലേഖനം ദ്രൌപതി.
നന്ദി ഈ ലേഖനത്തിന്.
ഷെല്‍ വിയെ ഞാന്‍ കാണുന്നത് മള്‍ബറിയുടെ ബുക്ക് ലെറ്റുകളിലൂടെയാണ്. പിന്നെ ഒരു ദിവസം ഷെല്‍ വിയുടെ കയ്യൊപ്പോടെ എനിക്കൊരു പുസ്കതം കിട്ടുന്നു. ‘സസ്നേഹം നന്ദന് ഷെല്‍ വി’ എന്നെഴുതിയ ‘ഓര്‍മ്മ’ എന്ന പുസ്തകം. ‘നൊസ്റ്റാള്‍ജിയ’ ഞാനെത്ര വട്ടം വായിച്ചിട്ടുണ്ടാകും? അറിയില്ല. പിന്നീട് ഷെല്‍ വിയുടെ കുറിപ്പുകളും, കത്തുകളും കിട്ടാറുണ്ടായിരുന്നു. ഒരു പാലക്കാടന്‍ പകലില്‍ ഞാനറിഞ്ഞു. ഷെല്‍ വി സ്വയം ജീവനൊടുക്കിയെന്ന്. സ്വയം വിശ്വസിക്കാന്‍ പ്രയാസപ്പെട്ടൊരു വാര്‍ത്ത. കുറച്ച മാസങ്ങള്‍ക്ക് ശേഷം പാലക്കാടിലെ ഒരു തെരുവില്‍ വഴിയോരത്തെ പുസ്കതങ്ങളുടെ രണ്ടാം വില്പ്പനക്കാര്ക്കരികില് മള്‍ബറിയുടെ ഒരുപാടു പുസ്തകങ്ങള്‍ വില്‍പ്പനക്കു വെച്ചിരിക്കുന്നതു കണ്ടു. ആ പുസ്തകങ്ങളില്‍ അക്ഷരങ്ങളെ ഒരു പാടു സ്നേഹിച്ച ഷെല്‍ വിയെ ഞാന്‍ കണ്ടു. ആ പുസ്തകകൂട്ടത്തിലേക്ക് രണ്ടാമതൊന്നു നോക്കാനാവാതെ ഞാന്‍ തെരുവിലേക്ക് ഓടി.
ഇന്നലെ രാത്രി യാദൃച്ചികമായി ഞാന്‍ വായിച്ചതു ഷെല്‍ വിയുടെ ‘ഓര്‍മ്മ’ പുസ്തകം. വായിച്ചു വായിച്ചു ഉറങ്ങിപ്പോയ എന്റെ നെഞ്ചില്‍ ആ പുസ്തകം കിടന്നു, പുലരുവോളം. ഇന്നിതാ ഷെല്‍ വിയുടെ ഓര്‍മ്മകളുമായി ഒരു ബ്ലോഗ് എന്റെ മുന്നില്‍...
കാലം എന്തൊക്കെ യാദൃശ്ചിതകളാണ് കൊണ്ടു തരുന്നത്??
പ്രിയ കവി ഷെല്‍വിയെ
ഇങ്ങനെ കൂട്ടിക്കൊണ്ട് വന്നതിന് നന്ദി
നാട്ടിലായിരിക്കുമ്പോള്‍
മള്‍ബെറിയുടെ "പ്രിയ സുഹ്റ്ത്ത്"
എന്ന ബുക്ലെറ്റ് എല്ലാ ആഴ്ചകളിലും
തേടിയെത്താറുണ്ടായിരുന്നു.....
'നൊസ്റ്റാള്‍ജിയ' ഇന്നും എന്റെ ഷെല്‍ഫില്‍ നോവുന്ന ഒരു ഓറ്മ്മയായി
ഷെല്വിയോടൊപ്പമിരിക്കുന്നു...
ഷെല്‍വിയുടെ കവിതകള്പോലെതന്നെ തീക്ഷണമായ കുറിപ്പ്.
സുഖകരമായൊരു നൊസ്ടാള്ജിയയില് ഞാനിന്നുറങ്ങും
ഒരു പാടു നന്ദി..
ഷെല്‍വിയെ ഇവിടെ പരിചയപ്പെടുത്തിയതിനു നന്ദി...
നന്മകള് നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!
നല്ല പരിചയപ്പെടല്‍
ഇതു കൂടി വായിക്കുക....
http://sarpagandhi.blogspot.com/2008/03/blog-post.html
കൊള്ളാട്ടൊ നന്നായിരിക്കുന്നു
ഞാന്‍ കവിതയിലൂടെ പിച്ചവെച്ചപ്പോള്‍ എനിക്ക് ശക്തമായ പിന്തുണ തന്ന എന്റെ നാട്ടുകാരനും എന്റെ പ്രിയ കവിയുമായ ഷെല്വിയണ്ണനെ പറ്റി ഇവിടെ കുറിച്ചതിനു നന്ദി
കത്തുകളിലൂടെയുള്ള പരിചയമേ ഷെൽവിയെ പരിചയമുണ്ടായിരുന്നുള്ളു.
ഈ ഓർമ്മപ്പെടുത്തലിന് നന്ദി
അഗാധമായ ചിന്തകളിലേക്ക് വഴികള്‍ കണ്ടെത്തിയ ഇത്തരമൊരു മനുഷ്യന് എന്തേ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെ ഉള്ക്കൊള്ളാതിരുന്നു. . . തെല്ലൊരു ദുഖത്തോടെ തന്നെ ഞാന്‍ ചോദിച്ചോട്ടെ, എന്തിനായിരുന്നു അതെന്ന് ?
മള്‍ബെറിയില്‍ ബുക്ക് വാങ്ങിക്കാന്‍ പോയിരുന്നപ്പോഴൊക്കെ ഷെല്‍വിയെ കാണാറ്ണ്ടായിരുന്നു. ഒരു ഒറ്റയാള്‍ പട്ടാളമായി ഷെല്‍വി സൃഷ്ടിച്ച എഴുത്തിന്റെയും വായനയുടെയും സാമ്രാജ്യം ഇന്നും തകര്‍ന്നിട്ടില്ല.
പുസ്തക പ്രകാശന രംഗത്ത് ഒരു വിപ്ലവം സൃഷ്ടിക്കാന്‍ ശ്രമിച്ച് ഒടുവില്‍ അതിലൊരു ഇരമാത്രമയിത്തീരുകയും ചെയ്ത ശെല്‍വി കവിതയിലൂടെയും ഓര്മ്മപുസ്തകത്തിലൂടെയും സഹൃദയന്റെ മനസ്സില്‍ എന്നും ജീവിക്കും. ശെല്‍വിക്ക് പുസ്തക പ്രസാധനം ഒരു ബിസിനസ്സായിരുന്നില്ല. സ്വന്തം ജീവിതം തന്നെയായിരുന്നു.
ഓര്‍മ്മക്കുറിപ്പിന് നന്ദിയും അഭിനന്ദനങ്ങളും !!
നല്ലൊരു പരിചയപ്പെടുത്തലിന് നന്ദി.........
ഷെല്‍വിയുടെ കവിതകളിലൂടെ കടന്നു പോകുന്ന ഒരു സുഖം തോന്നി..ഇത് വായിച്ചപ്പോള്‍.....നന്ദി.....ഇങ്ങനെ ഒരു ലേഖനത്തിന്......
ഷെല്‍വിയെ ഓര്‍ക്കുന്നു വേദനയോടെ....
അദ്ദേഹത്തെക്കുറിച്ച് വിവരിച്ചത് തികച്ചും ഉചിതമായ വരികളാല്‍ ....
Post a Comment